തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ ആറു പ്രതികളില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവുശിക്ഷ. മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്കാണു ജീവപര്യന്തം തടവ്. മറ്റു പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ മൂന്നു വര്‍ഷം വീതം തടവുശിക്ഷ അനുഭവിക്കണം. ഇവര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ നടപ്പാക്കാനാണു ശ്രമിച്ചതെന്ന് എന്‍ഐഎ കോടതി നിരീക്ഷിച്ചു.
ശിക്ഷ കുറഞ്ഞെന്നോ കൂടിയെന്നോ പറയാന്‍ താനില്ലെന്നും നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കൈവെട്ടുകേസിലെ ഇരയായ പ്രൊഫ ടി.ജെ ജോസഫ്. വിധിയെ വികാരപരമായി കാണുന്നില്ല. നഷ്ടപരിഹാരം നേരത്തെ സര്‍ക്കാര്‍ തരേണ്ടതാണെന്നും ജോസഫ് പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസം 20 നകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ധനസഹായമായ 30 കോടി ലഭിച്ചാല്‍ ശമ്പളം വിതരണം ചെയ്യുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു. മാസം 220 കോടി രൂപ വരുമാനമുണ്ടായിട്ടം ശമ്പളം നല്‍കാനാകാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം താഴെയിട്ടു നശിപ്പിച്ചെന്ന് ആരോപിച്ചു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓഫീസിലെ നാലു ജീവനക്കാര്‍ക്കെതിരായ കേസാണ് സ്റ്റേ ചെയ്തത്. കള്ളക്കേസാണെന്ന് ആരോപിച്ച് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി.
ഏക സിവില്‍ കോഡിനെതിരേ പാര്‍ലമെന്റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 20 ന് പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ച യോഗത്തിലാണ് ഈ നിര്‍ദേശം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയത്തെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യ കേസില്‍ ‘വി ഫോര്‍ കൊച്ചി’ നേതാവ് നിപുന്‍ ചെറിയാന് നാലുമാസം തടവും 2000 പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയില്‍ പൊക്കോളുവെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ എ ഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി കണ്ടെത്തിക്കൂടേയെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 26 ന് നിലപാട് അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
മൂന്നു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും.
കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പെന്ന് അവകാശപ്പെടുന്ന കോക്കോണിക്‌സ് നാല് പുതിയ മോഡലുകളുമായി ഈ മാസം റീലോഞ്ച് ചെയ്യുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രതിവര്‍ഷം രണ്ടു ലക്ഷം ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെയും പരിസര പ്രദേശങ്ങളുടെയും നവീകരണ പദ്ധതിക്കു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അംഗീകാരം നല്‍കി. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം സജ്ജമാക്കും. പുത്തരിക്കണ്ടം മൈതാനത്തിനു പിറകിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ സൗത്ത് ഗേറ്റിന്റെ എതിര്‍വശത്ത് പവര്‍ ഹൗസ് റോഡിലും വാണിജ്യ സമുച്ചയവും പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെയുള്ള ചാലക്കമ്പോളത്തിലെ പ്രധാനപാത കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായിരിക്കും.
ബോണസ് തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നു തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗം. തര്‍ക്കമുള്ളിടത്തു ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്‌നമ പരിഹാരം ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചു.
കൊല്ലം കല്ലുവാതുക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കിന് നട്ടപ്പാതിരായ്ക്ക് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ 14,000 രൂപയുടെ പിഴചെലാന്‍. തൂത്തുക്കുടി ആര്‍ടിയില്‍ നിന്നാണ് കല്ലുവാതുക്കല്‍ സ്വദേശി മനുവിന് പിഴയടയ്ക്കാനുള്ള നോട്ടീസ് കിട്ടിയത്. ആംബുലന്‍സിന് വഴിമാറിക്കൊടുക്കാത്തതിന് പതിനായിരം രൂപയും വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതിന് 2000 രൂപയും ഹെല്‍മെറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് 1,000 രൂപാ വീതം രണ്ടു തവണയുമാണു പിഴ. അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് വാഹനമുടമ.
ബിഹാറില്‍ നിയമസഭാ മാര്‍ച്ച അക്രമാസക്തമായതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ്കുമാര്‍ സിംഗാണു മരിച്ചത്. അധ്യാപക നിയമനചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേയാണ് ബിജെപി മാര്‍ച്ചു നടത്തിയത്.
ഏക സിവില്‍ കോഡിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമ കമ്മീഷനു കത്തയച്ചു. ഏക സിവില്‍ കോഡ് ബഹുസ്വരതയ്ക്കും സാമുദായികസാഹോദര്യത്തിനും ഭീഷണിയാകും. ഏക നിയമം അടിച്ചേല്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. സ്റ്റാലിന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഒരു സംസ്ഥാനം നിയമ കമ്മീഷന് കത്ത് അയക്കുന്നത് ആദ്യമാണ്.