കിഴക്കന്‍ ലഡാക്കില 65 പട്രോളിംഗ് പോയിന്റുകളില്‍ 26 ഇടങ്ങളിലെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടെന്നു റിപ്പോര്‍ട്ട്. ഇത്രയും മേഖലയില്‍ ചൈന കൈയേറിയെന്നാണ് വിവരം. കാരക്കോറം പാസ് മുതല്‍ ചുമൂര്‍വരെ യുള്ള 3,500 കിലോമാറ്റര്‍ പ്രദേശത്താണ് 65 പട്രോളിംഗ് സ്‌റ്റേഷനുകളുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
എഴുപത്തിനാലാമത് റിപ്പബ്‌ളിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്‌സല്‍ പൂര്‍ത്തിയായി. രാവിലെ ആറു മുതല്‍ ഡല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ 901 പോലീസ് ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള ലഭിച്ചു. പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ച് അഗ്‌നിശമന സേനാംഗങ്ങള്‍ക്കും മെഡലുണ്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.
ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിനിെതിരേ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം. റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജനാണ് നിശിതമായി വിമര്‍ശിച്ചത്. ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുക്കരുതെന്ന് മന്ത്രി പറഞ്ഞു.
വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദര്‍ശനം പലയിടത്തും സംഘര്‍ഷം. കോഴിക്കോട് ഫ്രറ്റേണിറ്റി പരിപാടി നടത്തിയ കോഴിക്കോട് ബീച്ചിലും ഡിവൈഎഫ്‌ഐ പരിപാടി നടത്തിയ വൈക്കത്തും യൂത്ത് കോണ്‍ഗ്രസ് പരിപാടി നടത്തിയ തിരുവനന്തപുരം വെള്ളായണിയിലും സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പോലീസും എത്തിയിരുന്നു.
വധശ്രമ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ജയില്‍ മോചനത്തിനു റിലീസിംഗ് ബോണ്ടിന്റെ കോപ്പി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയില്ല. കവരത്തി കോടതിയില്‍ നിന്നാണ് ഇതു വരേണ്ടത്. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ കത്തയച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനു മുമ്പു മൃതദേഹങ്ങള്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂര്‍ അഭിഭാഷക സംഘടനാ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍. സൈബി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്ന് ഇന്ത്യന്‍ അസിസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആവശ്യപ്പെട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു.
രാജ്യസ്‌നേഹികള്‍ക്കു കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനില്‍ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിര്‍ത്തതാണ് അനില്‍ ആന്റണി കോണ്‍ഗ്രസിന് അനഭിമതനാവാന്‍ കാരണമെന്നും കെ സുരേന്ദ്രന്‍.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ‘അറ്റ് ഹോം’ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക. ഗവര്‍ണര്‍ വിളിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി നടത്തിയ വിരുന്നില്‍ ഗവര്‍ണറെ ക്ഷണിച്ചതുമില്ല.
ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം. വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറാണ്.
കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ ചിട്ടിക്ക് ഈടായി വ്യാജ രേഖ ചമച്ച സംഘം അറസ്റ്റിലായി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തട്ടിപ്പു നടത്തിയ സംഘത്തിലെ എട്ടു പേരാണു പിടിയിലായത്. നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് കിഴക്കെ ചാലില്‍ ടി കെ ഷാഹിദ, ആയഞ്ചേരി പൊന്‍മേരി പറമ്പില്‍ മംഗലാട് കളമുള്ളതില്‍ പോക്കര്‍, കിനാലൂര്‍ കൊല്ലരുകണ്ടി പൊയില്‍ കെപി മുസ്തഫ എന്നിവരെ കൂടിയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം കാലടിയില്‍ സമാന്തര പാലത്തിന്റെ പണി ഉടന്‍ തുടങ്ങും. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അഞ്ചു മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണു 42 കോടി രൂപ മുടക്കി പുതിയ പാലം നിര്‍മിക്കന്നത്. രണ്ടു വര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കുമെന്നാണു കരാര്‍. പൈലിംഗ് ജോലികള്‍ ഈ ആഴ്ച തുടങ്ങും.
ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. എസ്. അനന്തഗോപന്‍. 20 കോടിയോളം രൂപ വരുന്ന നാണയങ്ങള്‍ എണ്ണിത്തീരാനുണ്ട്. ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചു. നാണയങ്ങള്‍ ഫെബ്രുവരി അഞ്ചു മുതല്‍ എണ്ണും.
കാട്ടാന ആക്രമണത്തില്‍ മരിച്ച വനപാലകന്‍ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉള്‍പ്പെടെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച സംവിധായിക നയന സൂര്യന്റെ മുറിയില്‍നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് കാണാതായിരുന്ന വസ്തുക്കള്‍ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തില്‍ നിന്നെടുത്ത വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെത്തിയില്ല.
സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.
കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. വയനാട് ചേകാടിയില്‍ വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിതാവിന്റ മൃതദേഹം മറവു ചെയ്യാന്‍ കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുക്കവേയാണ് ആന ആക്രമിച്ചത്.
കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമെന്ന് എം.എം മണി എംഎല്‍എ. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റണം. ഇല്ലെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാന്‍ അനുവദിക്കില്ല. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് നാട്ടുകാര്‍ക്കെതിരേ കേസെടുത്ത വനപാലകര്‍ക്കെതിരെ അധികാര ദുര്‍വിനിയോഗത്തിനു കേസെടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ അധോലോക നേതാവ് ഓം പ്രകാശിന്റെ നാല് ബാങ്ക് അക്കൗണ്ടും പുത്തന്‍ പാലം രാജേഷിന്റെ രണ്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. പൊലിസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇവരുടെ സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഒളിവിലുള്ള ഇവരെ വലയില്‍ കുരുക്കാനാണ് ഈ നീക്കം. ഇതിനിടെ ഓം പ്രകാശിന്റെ കൂട്ടാളികളായ പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്നു ഗുണ്ടകള്‍ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.
കല്‍പ്പറ്റ നഗരത്തില്‍ കഴിഞ്ഞദിവസം കാല്‍നടയാത്രക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ യാത്രക്കാരനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു സ്‌കൂട്ടര്‍ ഓടിച്ച പാലക്കാട് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശിയായ ജിജിമോന്‍ (പാപ്പന്‍-43) ആണ് അപകടത്തില്‍ മരിച്ചത്.
സ്‌കൂള്‍ വാര്‍ഷികാഘോത്തിനിടെ സ്‌കൂള്‍ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചു. കണ്ണൂരില്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഘര്‍ഷം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തിട്ടില്ല.
തിരുവനന്തപുരത്ത് വ്യാജ ഐ ഫോണ്‍ വിറ്റ നാല് കടകള്‍ക്കെതിരെ കേസ്. തകരപ്പറമ്പിലുള്ള നാല് കടകള്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.
വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചതും ബലക്ഷയംമൂലം ഉപയോഗിക്കാതെ ഉപേക്ഷിച്ചതുമായ വാട്ടര്‍ ടാങ്ക് ജീവനു ഭീഷണിയാണെന്നും പൊളിച്ചുനീക്കണമെന്നും എറണാകുളം കാഞ്ഞൂര്‍ നിവാസികള്‍. ടാങ്ക് ഏത് നിമിഷവും തങ്ങളുടെ മേലെ തകര്‍ന്നു വീഴുമെന്നാണ് തിരുനാരായണപുരത്തെ കോളനിയിലെ ജനം പരാതിപ്പെടുന്നത്.
ഈ മാസം 30, 31 തിയതികളില്‍ ബാങ്ക് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബിജെപിയുമായി ചര്‍ച്ചയില്ലെന്ന് ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനു പിന്തുണ എഴുതിത്തരാത്ത ആരുമായും സഖ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന് എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍’ ജസമ്പര്‍ക്ക പരിപാടിക്ക് റിപ്പബ്ലിക് ദിനമായ ഇന്നു ുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ അറിയിച്ചു.
ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഈറോഡിനടുത്ത് സത്യമംഗലം കാട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. ബെംഗളൂരുവില്‍ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു രവിശങ്കറും സംഘവും. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററില്‍ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു.
സ്ത്രീകള്‍ ഇനിയും ശാക്തീകരിക്കപ്പെടണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. വികസന യാത്രയിലാണ് രാജ്യം. ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാഷ്ട്രപതി റിപ്പബ്‌ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്നു പ്രഖ്യാപിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. പോലീസ് നടപടിക്കെതിരേ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മിലെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതോടെ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാറ്റിവച്ചതായി എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
മധ്യപ്രദേശില്‍ 18 ദേശീയപാതാ പദ്ധതികള്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 6,800 കോടി രൂപയും മൊത്തം 550 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ളതാണ് പദ്ധതികള്‍. ആറു മാസത്തിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ പദ്ധതികള്‍.
അദാനി എന്റര്‍പ്രൈസസ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണത്തിന് ശ്രമിച്ചതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 46,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് അഞ്ചുു ശതമാനത്തോളം ഇടിവാണുണ്ടായത്. യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികള്‍ ഇടിഞ്ഞിരുന്നു. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
2019 ലെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നത്തില്‍ അമേരിക്ക ഇടപെട്ടപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്ന് യുഎസ് നയതന്ത്ര വിദഗ്ധനായിരുന്ന മൈക്ക് പോംപിയോ. അദ്ദേഹം പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ വിവരം. മന്ത്രിയല്ല, അജിത് ഡോവലുമായാണ് കൂടുതല്‍ ഇടപെട്ടതെന്നാണ് പോംപിയോ പുസ്തകത്തില്‍ എഴുതിയത്.
നായാട്ടിനിടെ അബദ്ധത്തില്‍ വളര്‍ത്തുനായയുടെ കാല്‍ തട്ടി തോക്ക് പൊട്ടി മുപ്പതുകാരന്‍ മരിച്ചു. അമേരിക്കയിലെ കാന്‍സാസിലാണ് സംഭവം. നായാട്ടിനായി ഒരു പിക്കപ്പ് വാഹനത്തില്‍ കാട്ടിലൂടെ പോവുകയായിരുന്നു യുവാവും നായയും. വാഹനത്തിന്റെ പിറകുവശത്തായിരുന്നു നായ. എങ്ങനെയോ അബദ്ധത്തില്‍ നായയുടെ കാലില്‍ തട്ടി തോക്ക് പൊട്ടുകയായിരുന്നു.
ഫിലിപ്പീന്‍സിലെ മനിലയില്‍ വ്യോമസേനാ വിമാനം പാടത്തു തകര്‍ന്നു വീണ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. സാംഗ്ലേ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട പരിശീലന വിമാനമാണ് തകര്‍ന്നത്.