കേരളത്തിന് എയിംസ് അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതാണ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരില്ല. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജാതി വിവേചനം കാണിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ച കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വെച്ചു. രാജികത്ത് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനു നല്‍കി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീര്‍ന്നതിനാല്‍ ഒഴിഞ്ഞതാണെന്നും ശങ്കര്‍ മോഹന്‍.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗിത്തിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിനെ അമിതമായി വിമര്‍ശിക്കാത്ത പ്രസംഗമാണ് തയാറാക്കിയത്.
ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സ്‌കൂള്‍ തലംമുതല്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി. മൂല്യവര്‍ധിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. യുജിസിയും ഇക്കാര്യത്തില്‍ ഉചിതമായ മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ച വര്‍ഷം മുമ്പു നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറില്‍ കത്രിക ഉപേക്ഷിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ആഭ്യന്തര വകുപ്പിനു കത്രിക കൈമാറി ശാസ്ത്രീയ പരിശോധന നടത്തും.
ഒമ്പതു മാസം മുമ്പു പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂര്‍ കോര്‍പറേഷന്റെ നോട്ടീസ്. ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി കിടക്കുന്ന കൊടിമരം മാറ്റണമെന്നാണ് കോര്‍പറേഷന്റെ നിര്‍ദ്ദേശം.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ നേരത്തെ സസ്‌പെന്‍ഷനിലായിരന്ന മംഗലപുരം എഎസ്‌ഐ എസ് ജയനെ അറസ്റ്റു ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിട്ടു.
ലഹരിക്കേസില്‍ ആരോപണ വിധേയനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലേക്കു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. െ്രപാലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു.
പടയപ്പയെ പ്രകോപിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ റോഡില്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍. എസിഎഫ് അടക്കമുള്ള വനപാലകര്‍ പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഏരിയ സെക്രട്ടറി മുന്നറിയിപ്പു നല്‍കിയത്. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കു തടസമുണ്ടാക്കി റോഡില്‍ നിന്ന കാട്ടാനയെ അകറ്റാന്‍ ജീപ്പ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെതിരേ വനംവകുപ്പ് കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിന് കരിങ്കാളി വേഷം കെട്ടി ആടിയ ഭക്തന്റെ ദേഹത്തേക്ക് തീ ആളിപടര്‍ന്നു. നിലവിളക്കില്‍നിന്നു വേഷങ്ങളിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.
തൃശൂരില്‍ ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴു കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. കൂരിക്കുഴി സ്വദേശി ലസിത് റോഷനെ കൈപ്പമംഗലം കോപ്രക്കുളത്തുനിന്ന് അറസ്റ്റു ചെയ്തു.
രാജിവെച്ച കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന ജാതി വിവേചന ആരോപണത്തെക്കുറിച്ചു പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരാതി അന്വേഷിച്ച രണ്ടു സമിതികളും നല്‍കിയ റിപ്പോര്‍ട്ടുകളുടെയും ഉള്ളടക്കം ഒന്നായിരുന്നുവെന്നു മന്ത്രി പറഞ്ഞു.
ഇലന്തൂര്‍ നരബലിയിലെ റോസിലി കൊലകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലക്കുറ്റത്തിനു പുറമെ മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളും മൂന്ന് പ്രതികള്‍ക്കെതിരെയും ചുമത്തി. ഇരട്ട നരബലി കേസില്‍ വിചാരണക്കായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യണമെന്ന് യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു. ജി 20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാനാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസിക്കെതിരെ 302 പ്രമുഖര്‍ ഒപ്പിട്ട് കത്ത്. റിട്ടയേഡ് ജഡ്ജിമാരും റോ ഉദ്യോഗസ്ഥരും അംബാസിഡര്‍മാരും ഒപ്പിട്ടിട്ടുണ്ട്. ‘നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതിപോലെ ഭിന്നിപ്പിച്ച് ഭരിക്കാനാണു ബിബിസിയുടെ ശ്രമമെന്നും കത്തില്‍ ആരോപിക്കുച്ചു.
കാഷ്മീര്‍ ‘പാകിസ്ഥാന്റെ ദേശീയ പ്രശ്‌നം’ ആണെന്ന് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കി. ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയാണ് ഇയാള്‍. അല്‍-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്റ്റേറ്റുമായോ യാതൊരു ബന്ധവും തനിക്കില്ലെന്നും ഇയാളുടെ വീഡിയോയില്‍ പറയുന്നു.
ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് വിശദീകരണം നല്‍കി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വ്യക്തിതാല്‍പര്യങ്ങളാണെന്നാണ് ഫെഡറേഷന്‍ നിലപാട്.