night news hd 4

 

വിദേശ മൂലധനത്തിനും വിദേശ സര്‍വകലാശാലകള്‍ക്കും വാതായനം തുറന്നിട്ട് കേരള ബജറ്റ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിച്ച് ബദല്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. ഒരു ലിറ്റര്‍ മദ്യത്തിനു പത്തു രൂപ വര്‍ധിപ്പിക്കും. റബറിന്റെ താങ്ങുവില 170 രൂപയില്‍നിന്ന് 180 രൂപയാക്കി. ഫ്‌ളാറ്റുടമകള്‍ക്കും ഭൂനികുതി ചുമത്തി. ഭൂമിയുടെ ന്യായവില കൂട്ടി. ഭൂനികുതിയും വര്‍ദ്ധിക്കും. വസ്തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതി നിര്‍ണയിക്കും. കെട്ടിടങ്ങള്‍ വില്‍ക്കുമ്പോള്‍ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കും. ഭൂമി വാങ്ങാനും വീടോ കെട്ടിടമോ പണിയാനും വായ്പയെടുക്കുമ്പോള്‍ ഭൂരേഖകളില്‍ വിവരം ഉള്‍പ്പെടുത്താന്‍ 0.1 ശതമാനമോ പതിനായിരം രൂപവരെയോ ഫീസ് ഈടാക്കും.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്ന രീതി തുടര്‍ന്നാല്‍ പ്ലാന്‍ ബി നടപ്പാക്കുമെന്നു ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാല്‍ പ്ലാന്‍ ബി കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരം കടന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിച്ചു. 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും ധനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന് 90.52 കോടി നീക്കിവച്ചു.

കേരളത്തിനു ലഭിക്കേണ്ട 57,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതു സംബന്ധിച്ച ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് 2020 മുതല്‍ ഇക്കഴിഞ്ഞ മാസം വരെ കേരളത്തിന് 63,430 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ധന സഹായം നല്‍കി. റവന്യു കമ്മി പരിഹരിക്കാനുള്ള തുക കുറയുന്നത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡമനുസരിച്ചു ബ്രാന്‍ഡിംഗ് അടക്കമുള്ളവ പാലിക്കാത്തതും മുന്‍കാലങ്ങളിലെ ഫണ്ട് ഉപയോഗിക്കാത്തതുംമൂലം തുക കുറച്ചിട്ടുണ്ടാകാമെന്നും മന്ത്രി അറിയിച്ചു.

വഞ്ചനയുടെ നേര്‍രേഖയാണ് കേരള ബജറ്റെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ടു. യുഡിഎഫിന്റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോള്‍ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ചവരാണ് ഇപ്പോള്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നത്. സുധാകരന്‍ പറഞ്ഞു.

സംസ്ഥാന ബ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലാണെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ഡല്‍ഹിയിലേക്കു എംഎല്‍എമാര്‍ പോകുന്നതിനു ചെലവാക്കുന്ന 50 ലക്ഷം രൂപ ധൂര്‍ത്താണ്. പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അത്തരം ചെലുവുകളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും മുരളീധരന്‍ പരിഹസിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് തത്കാലം ഇല്ലെന്ന് കോണ്‍ഗ്രസ്. യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ച ഏറെക്കുറേ പുര്‍ത്തിയായി. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കും. പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണു നീക്കം. പിസി തോമസിനെയും സജി മഞ്ഞക്കടമ്പിലിനെയും അനുനയിപ്പിക്കും. കൊല്ലത്ത് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കും. കോണ്‍ഗ്രസിന്റെ സീറ്റുകളായ കണ്ണൂരും ആലപ്പുഴയിലും പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തും. കോണ്‍ഗ്രസ് 13 സീറ്റുകളിലാണു മല്‍സരിക്കുക.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എ.സി മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി ഡല്‍ഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവച്ചു. എസി മൊയ്തീന്റെ അപ്പീല്‍ തള്ളി. എസി മൊയ്തീന്റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്.

എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 13 ന് പരിഗണിക്കും. കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ആവശ്യത്തില്‍ വാദം തുടരുമെന്നും ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ഐജിയാണെന്നും ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് പ്രതികള്‍.

‘ആട്ടിന്‍ തോലിട്ട ചെന്നായ’ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ യാക്കോബായ സഭ പരിപാടിയില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭയെ പ്രകോപിപ്പിച്ചത്. നിയമപരമല്ലാത്ത ആനുകൂല്യങ്ങള്‍ വാഗ്ദാനം നല്‍കി കയ്യടി വാങ്ങാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹിവാന്‍സിലെ നിക്ഷേപകര്‍ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. നിക്ഷേപിച്ച പണം തിരികെ തരുന്നില്ലെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.

ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ച എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് എന്‍ഐടിക്ക് മുന്നില്‍ എബിവിപി പ്രതിഷേധം. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ചിത്രം കത്തിച്ചു.

ശാസ്താംകോട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്.

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുള്‍പ്പെടെ 18 പ്രതികളുണ്ടെന്നു പൊലീസ്. മൂന്നു പേര്‍ അറസ്റ്റിലായി. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവിനു മുന്‍പില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ഉറങ്ങുന്നതിനിടെ കൂടെകിടന്ന് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവച്ചതോടെ പ്രതിയായ യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്.

മലപ്പുറം എടപ്പാള്‍ നടക്കാവില്‍ മണ്ണിടിഞ്ഞു വീണ് കൊല്‍ക്കത്ത സ്വദേശിയായ ഒരു തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി. മൂന്നു പേര്‍ക്ക് പരിക്ക്. മതില്‍ നിര്‍മ്മാണത്തിനായി മണ്ണ് നീക്കുമ്പോളായിരുന്നു മണ്ണിടിഞ്ഞ് വീണത്.

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍, തിരുവനന്തപുരത്തെ പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ സൗജന്യ തൊഴില്‍ പരിശീലനം. ഐടി, ഇലക്ട്രോണിക്‌സ്, ടെലികോം തുടങ്ങിയ മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകളാണുള്ളത്. വിജയിക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സൗജന്യ പ്ലേസ്‌മെന്റ് സഹായവും നല്‍കും. ഫോണ്‍: 8089292550, 6282083364

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് ഇനിയും കുറേകാലം പ്രതിപക്ഷത്തിരിക്കാന്‍ ജനങ്ങള്‍ അനുഗ്രഹിക്കുമെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോണ്‍ഗ്രസ് നഷ്ടമാക്കി. പ്രതിപക്ഷത്തെ പലര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. ചെങ്കോലിന്റെ പിറകേ താന്‍ നടന്നതില്‍ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു മോദി. ന്യൂനപക്ഷങ്ങള്‍ എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷുഭിതനായി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കാണിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. റിട്ടേണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ജാര്‍ഖണ്ഡില്‍ ചംപായ് സോറന്റെ നേതൃത്വത്തിലുള്ള എഎംഎം നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. ഭരണപക്ഷത്തിന് 47 വോട്ടു ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ട 41 പേരുടെ പിന്തുണയാണു വേണ്ടത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണെങ്കിലും കോടതി ഉത്തരവനുസരിച്ച് നിയസഭയിലെത്തി വോട്ട് രേഖപ്പെടുത്തി.

ബിഹാറില്‍ ആര്‍ജെഡി കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്ന് ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. 12 നു നിതീഷ്‌കുമാര്‍ മന്ത്രിസഭ വിശ്വാസവോട്ടു നേടാനിരിക്കേയാണ് മുന്നണിയില്‍നിന്നുതന്നെ ആരോപണം. കൂറുമാറ്റിക്കുമെന്നു ഭയന്ന് 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 16 പേരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ലക്‌നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്.ഐ.വി അണുബാധ. ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ 36 പേര്‍ക്ക് കൂടി എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു.

ഇന്ത്യയുടെ ശക്തി ബാന്‍ഡിന് ഗ്രാമി അവാര്‍ഡ്. പശസ്ത തബല വിദ്വാന്‍ സക്കീര്‍ ഹുസൈന് മാത്രം മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആല്‍ബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സക്കീര്‍ ഹുസൈന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഓടക്കുഴല്‍ വാദകന്‍ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം അവാര്‍ഡ് നേടിയത് ശക്തി ബാന്‍ഡായിരുന്നു. ശങ്കര്‍ മഹാദേവന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ജോണ്‍ മക്ലാഫ്‌ലിന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവരടങ്ങിയ ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ ദിസ് മൊമെന്റ് എന്ന ആല്‍ബമാണ് ഗ്രാമി നേടിയത്. മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്‌കാരം ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിനാണ്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *