സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. മുറിവുണ്ടായിരുന്ന ഇടതുപാദം പ്രമേഹം മൂര്‍ച്ഛിച്ചതുമൂലം മുറിച്ചു നീക്കിയിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ, ഹൃദയാഘാതംമൂലമാണ് മരിച്ചത്. പാര്‍ട്ടി ചുമതലകളില്‍നിന്ന് മൂന്നു മാസം അവധി ആവശ്യപ്പെട്ട കാനം ബിനോയ് വിശ്വത്തിനു സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കണമെന്നു നിര്‍ദേശിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു കത്തു നല്‍കിയിരുന്നു. 26 ാം വയസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയ അദ്ദേഹം 2015 മുതല്‍ സംസ്ഥാന സെക്രട്ടറിയാണ്. 1982 ലും 1987 ലും വാഴൂരില്‍നിന്ന് നിയമസഭാംഗമായിരുന്നു.
ചോദ്യത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കുടുങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റിനു സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കിയാണ് മഹുവയെ പുറത്താക്കിയത്. റിപ്പോര്‍ട്ടു പഠിക്കാന്‍ സാവകാശം വേണമെന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹുവ.
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗോവിന്ദന്‍ പറഞ്ഞു.
ക്രിസ്മസിനു റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നടപടിയുമായി സവില്‍ സപ്‌ളൈസ്. മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കേന്ദ്രങ്ങളില്‍നിന്ന് റേഷന്‍ വ്യാപാരികള്‍ക്ക് അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കി. റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യുമെന്നും സിവില്‍ സപ്ലൈസ് അറിയിച്ചു.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മൂന്നു ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന് കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധി മൂലം 2022 മുതലുള്ള ക്ഷാമബത്ത കുടിശിക നല്‍കാനാവില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
ബലാത്സംഗക്കേസില്‍ പ്രതിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ വി ചന്ദ്രനെ യുഎഇ ഇന്ത്യയ്ക്കു കൈമാറി. ദുബായില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ക്കെതിരേ കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവില്‍ ബലാത്സംഗത്തിന് പരാതി നല്‍കിയത്. കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്കു തിരിച്ചെത്തിച്ചത്.
ആരോഗ്യ വകുപ്പില്‍ നിയമനമെന്ന പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അരവിന്ദിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അരവിന്ദിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്നു പോലീസ്. ആരോ?ഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്.
സമൂഹമാധ്യമങ്ങളില്‍ അനാവശ്യ കമന്റുകള്‍ ഇടുന്ന പ്രവണത യുവാക്കള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പ്രായമുള്ളവരെ ബഹുമാനിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മനോജ് കുമാര്‍ (23) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പതു പേരടങ്ങിയ സംഘമാണ് മാര്‍മലയില്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും ലോക്‌സഭയില്‍ നിന്നു പുറത്താക്കിയും വീട്ടിലേക്കു സിബിഐയെ അയച്ചും തന്നെ നിശബ്ദയാക്കാമെന്നു കരുതേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തനിക്കെതിരേ തെളിവുകളില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു കങ്കാരു കോടതിയുടെ നടപടിയെന്നും മഹുവ പരിഹസിച്ചു.
മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. അവര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യ മുന്നണിക്കൊപ്പം ബിജെപിയെ ചെറുക്കുമെന്നും മമത പറഞ്ഞു.
വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന 17 ആപ്ലിക്കേഷനുകള്‍ അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്തു. അനേകര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിരുന്ന ആപുകളാണ് ഇവ.
മിസോറാമില്‍ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ട്ടിയിലെ 11 പേര്‍ മന്ത്രിമാരായി ചുമതലയേറ്റു. 40 അംഗ നിയമസഭയില്‍ പാര്‍ട്ടി 27 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.
പത്തുവയസുകാരനായ മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിച്ചെന്ന പിതാവിന്റെ പരാതിയില്‍ മാതാവിനും സഹോദരനുമെതിരെ കേസ്. സൂററ്റ് സ്വദേശിനിയായ ഖുശ്ബു, സഹോദരന്‍ നീരവ് എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ-ഇന്ത്യയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കാന്‍ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ ‘നിയമവിരുദ്ധമായി’ കൈമാറ്റം ചെയ്‌തെന്ന് ഇഡി ആരോപിച്ചു. ലാവ ഇന്റര്‍നാഷണല്‍ മൊബൈല്‍ കമ്പനിയുടെ എംഡി ഹരി ഓം റായി ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.