മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി കൊച്ചിന്‍ മിനറല്‍സില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആദായനികുതി വകുപ്പു കണ്ടെത്തിയ 1.72 കോടി രൂപയ്ക്കു പുറമേ, കൊച്ചിന്‍ മിനറല്‍സ് കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 39 ലക്ഷം രൂപ കടമെന്ന പേരിലും വാങ്ങി. 1.72 കോടി രൂപയ്ക്കു നികുതി അടച്ചിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ ഒരു കരാറുമില്ല. സേവനം നല്‍കിയിട്ടുമില്ല. വീണയുടെ കമ്പനിയില്‍നിന്ന് ജിഎസ്ടി ഈടാക്കാന്‍ ധനമന്ത്രിക്കു ധൈര്യമുണ്ടോ. വീണയ്ക്കു ലഭിച്ചതു പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎമ്മും ചീഫ് സെക്യൂരിറ്റി ഓഫീസറായി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മാറി. മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളില്‍ സമയാസമയം തീര്‍പ്പുണ്ടാക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോയെന്നു പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറി ഇടപാടുകള്‍ക്കു കര്‍ശന നിയന്ത്രണം. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്.
താനൂരിലെ കസ്റ്റഡി മരണത്തില്‍ മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ്. പോസ്റ്റുമാര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്ക്കല്ല, മൂന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമാര്‍ട്ടം ചെയ്തത്. താന്‍ പോലീസിനെതിരേ മനപൂര്‍വം റിപ്പോര്‍ട്ടുണ്ടാക്കിയതാണെന്ന പോലീസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അത്തം. അത്തപ്പൂക്കളം ഒരുക്കാന്‍ പൂവിപണി ഉണര്‍ന്നു. പൂക്കളും ഓണക്കോടിയും മറ്റും വാങ്ങാന്‍ ഇന്നലെ നല്ല തിരക്കായിരുന്നു. വാഹനബാഹുല്യംമൂലം പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ വന്ദേഭാരതില്‍ ആദ്യ യാത്ര നടത്തി. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് യാത്ര ചെയ്തത്. യാത്രയോടനുബന്ധിച്ച് കോച്ചുകളില്‍ പൊലീസ് വന്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി. ട്രാക്കുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
വനിതാ ടിടിഇയെ മര്‍ദ്ദിച്ച യാത്രക്കാരന്‍ വടകര സ്വദേശി റൈരുവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരു -ചെന്നൈ എക്‌സ്പ്രസില്‍ ടി ടി ഇ രജിതയ്ക്കാണു മര്‍ദ്ദനമേറ്റത്.
കണ്ണൂരില്‍ ഒരേ ദിവസം രണ്ടു ട്രെയിനുകള്‍ക്കു കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ സര്‍ബേശ്വര്‍ പരീധ എന്ന യുവാവാണ് പിടിയിലായത്. പത്തു വര്‍ഷത്തോളമായി കണ്ണൂരില്‍ ജോലി ചെയ്യുന്നയാളാണ്.
എറണാകുളം കൂത്താട്ടുകുളത്തിനടുത്ത ഇലഞ്ഞിയില്‍ പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു. പെണ്‍കുട്ടിയുടെ പിതൃ സഹോദരനാണു തൂങ്ങി മരിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വര്‍ഷം കഠിന തടവും, 35,000 രൂപ പിഴയും ശിക്ഷ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിന്‍ രാജിനെയാണ് പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ അതിവേഗ കോടതി ശിക്ഷിച്ചത്.
സൗജന്യ നിരക്കില്‍ വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ. ഓഫര്‍ നാളെ അവസാനിക്കും. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 1,470 രൂപ മുതലുള്ള നിരക്കിലാണു വാഗ്ദാനം ചെയ്യുന്നത്. ബിസിനസ് ക്ലാസിന് 10,130 രൂപ മുതലാണ് നിരക്ക്.
രാജ്യത്തെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ 56 ശതമാനവും സ്ത്രീകളുടേതാണ്. ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയിലേറെയാണ്. 34 കോടി റുപേ കാര്‍ഡുകള്‍ ഈ അക്കൗണ്ടുകള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മല്‍സരിച്ചാല്‍ പ്രിയങ്കാഗാന്ധി വിജയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. അടുത്ത പ്രധാനമന്ത്രി ഇന്ത്യ മുന്നണിയില്‍നിന്നാണെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ലഡാക്കിലേക്കു ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിന്റെ ജന്മദിനാഘോഷം. കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഈ മാസം 25 വരെ ലാഹുല്‍ ലഡാക്കില്‍ തുടരും.
അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഡൊണാള്‍ഡ് ട്രംപിനു റിസിന്‍ വിഷം പുരട്ടിയ കത്തയച്ച കേസില്‍ പാസ്‌കല്‍ ഫെറിയര്‍ എന്ന കനേഡിയന്‍ മദ്ധ്യവയസ്‌കയ്ക്ക് യുഎസ് കോടതി 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. വിഷം പുരട്ടിയ കത്ത് വൈറ്റ് ഹൗസില്‍ എത്തുന്നതിനുമുമ്പു തന്നെ അന്വേഷണ ഏജന്‍സികള്‍ തടഞ്ഞിരുന്നു.