വിഷു പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ചു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. ഇതനുസരിച്ച് 3,200 രൂപ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്കു ലഭിക്കും. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു. പത്താം തീയതി മുതല്‍ തുക വിതരണം ചെയ്യും.
രാഹുല്‍ഗാന്ധിക്കു സൂററ്റ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് ഹര്‍ജി പരിഗണിക്കുമ്പോഴെല്ലാം രാഹുല്‍ ഹാജരാകണമെന്ന ഉപാധിയോടെ. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണു മറ്റൊരു ഉപാധി. അപ്പീല്‍ ഉടനേ തീര്‍പ്പാകില്ലെന്ന സൂചനയും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലുണ്ട്. പതിനയ്യായിരം രൂപയാണു ജാമ്യത്തുക.
പാഠപുസ്തകങ്ങളില്‍നിന്ന് ജനാധിപത്യത്തേയും മുഗള്‍ സാമൃാജ്യ ചരിത്രത്തേയും കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. സിബിഎസ്ഇ പത്തു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍നിന്നാണ് സുപ്രധാന ഭാഗങ്ങള്‍ എന്‍സി ഇആര്‍ടി നീക്കം ചെയ്തത്. ഡെമോക്രസി ആന്‍ഡ് ഡൈവേഴ്സിറ്റി (ജനാധിപത്യവും വൈവിധ്യവും), ചാലഞ്ചേസ് ഓഫ് ഡെമോക്രസി (ജനാധിപത്യത്തിലെ വെല്ലുവിളികള്‍), പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ് (ജനകീയ പ്രസ്ഥാനങ്ങളും സമരങ്ങളും), റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ് (ജനകീയ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ച) എന്നീ അധ്യായങ്ങള്‍ നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പെടുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശയാത്രക്ക്. അമേരിക്കയിലും സൗദി അറേബ്യയിലും ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളില്‍ പങ്കെടുക്കാനാണ് വിദേശയാത്ര. അമേരിക്കയിലെ സമ്മേളനം ജൂണിലാണ്. സെപ്റ്റംബറില്‍ സൗദിയിലും സമ്മേളനം നടക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലണ്ടനില്‍ നടത്തിയ യുകെ- യുറോപ്പ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പിച്ച അധിക നികുതികളില്‍നിന്നു പണമൂറ്റി വിദേശ ടൂര്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശന്‍.
അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്നു മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതി. നാളെ പ്രതികള്‍ക്കു ശിക്ഷ വിധിക്കും. 13 പേര്‍ക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയത്. നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേയും കോടതി വെറുതെ വിട്ടു.
മൂല്യനിര്‍ണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധം വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ പന്താടുന്നതിനു തുല്യമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകരാണ് കറുപ്പു ബാഡ്ജി ധരിച്ച് പ്രതിഷേധിച്ചത്.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുനഃസംഘടന വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരന്‍. കൈ കൂപ്പി വികാര നിര്‍ഭരനായാണ് സുധാകരന്‍ പ്രതികരിച്ചത്. അംഗീകരിച്ച കമ്മിറ്റികളുടെ പട്ടിക പല ജില്ലകളില്‍നിന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേസമയം, പാര്‍ട്ടിയില്‍ വിവാദങ്ങളുണ്ടാക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്ന് യോഗത്തില്‍ പ്രസംഗിച്ച മിക്ക നേതാക്കളും ആവശ്യപ്പെട്ടു.
കോഴിക്കോട് ട്രെയിന്‍ കത്തിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചു. തെളിവുകളും സൂചനകളും തേടിയായിരുന്നു പരിശോധന.
കോഴിക്കോട് ട്രെയിന്‍ കത്തിച്ച കേസില്‍ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നു കേരള പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മാണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരായി ഒന്നിലേറെ പേരെ അനുവദിക്കില്ലെന്നും സന്ദര്‍ശകര്‍ക്കു കൂടുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ഈ മാസം 11 ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. രാഹുലിന് വമ്പിച്ച സ്വീകരമൊരുക്കാനാണ് കെ പി സി സിയുടെ തീരുമാനം.
നവജാത ശിശുവിനെ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണു സംഭവം. വീട്ടില്‍ പ്രസവത്തിനുശേഷം അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് ചെങ്ങന്നൂര്‍ പൊലീസ് വീട്ടിലെത്തി പരിശോധിത്. കുഞ്ഞു മരിച്ചെന്നായിരുന്നു യുവതി അറിയിച്ചത്. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച പാങ്ങോട് സ്വദേശി സജീവന്‍ (35) ഭാഗ്യം ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കു മദ്യസല്‍ക്കാരം നടത്തുന്നതിനിടെ കൊല്ലപ്പെട്ട കേസില്‍ സുഹൃത്തായ സന്തോഷിനെ അറസ്റ്റു ചെയ്തു. മദ്യപാനത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും സജീവനെ സന്തോഷ് കുഴിയിലേക്കു തള്ളിയിട്ട് സ്ഥലം വിടുകയും ചെയ്തിരുന്നു. വീഴ്ചയിലുണ്ടായ ക്ഷതംമൂലമാണ് മരണം സംഭവിച്ചത്.
ബ്രഹ്‌മപുരത്തു വിഷപ്പുക കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നു പഠിക്കാന്‍ ഒരു മാസത്തിനുശേഷം വിദഗ്ധ സമിതിയെ നിയോഗിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയാണ് വിദഗ്ധ സമിതിയുടെ കണ്‍വീനര്‍. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.
അടൂര്‍ ചൂരക്കോട് കനത്ത കാറ്റിലും മഴയിലും മരം വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നെല്ലിമുകള്‍ സ്വദേശി മനു മോഹനനാണ് (32) മരിച്ചത്.
അന്താരാഷ്ട്രാ ലേബര്‍ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് മെയ് 24 ന് മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്ലാനിംഗ് ബോര്‍ഡുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
നെടുമ്പാശേരിയില്‍ സ്വര്‍ണം ഒന്നേക്കാല്‍ കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസിനെ കസ്റ്റംസ് പിടികൂടി.
ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്. ഇന്ത്യയുടെ ജിഡിപി 6.6 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.
സിക്കിമിലെ നാഥുലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ വിനോദസഞ്ചാരികളായ ഏഴു പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. പതിനഞ്ചോളം വിനോദ സഞ്ചാരികള്‍ സ്ഥലത്ത് കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.
യുഎസ് കാനഡ അതിര്‍ത്തിയിലെ മൊഹാക്ക് പ്രദേശത്തെ സെന്റ് ലോറന്‍സ് നദിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ എട്ട് മൃതദേഹങ്ങളില്‍ ഒരു കുടുംബം ഇന്ത്യക്കാരാണെന്ന് കനേഡിയന്‍ പോലീസ്. രണ്ടു കുടുംബങ്ങളാണ് മരിച്ചത്. ഇതില്‍ ഒരു കുടുംബം റൊമാനിയന്‍ വംശജരരാണ്.
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറര ലക്ഷം റിയാല്‍ സഹായം നല്‍കിയെന്നു കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. കോണ്‍സുലേറ്റ് ഇടപെട്ട് സൗദി കോടതി വഴി ഇന്ത്യക്കാര്‍ക്ക് മരണാനന്തര നഷ്ടപരിഹാരമായി 3.72 കോടി രൂപ ലഭ്യമാക്കിയെന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍ താലിബാന്‍ സേന നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിലെ ആറു പേര്‍ കൊല്ലപ്പെട്ടു.