മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. റഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ മാസം തോറും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിതരണകമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്കാണു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഈ ഭേദഗതി നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കേരളം നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഉപഭോക്താക്കള്‍ക്കു ദുരിതമാകുന്ന നിയമം നടപ്പാക്കരുതെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായി വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാമെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള കരട് മാര്‍ഗരേഖ യുജിസി പുറത്തിറക്കി. വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 45 ദിവസത്തിനകം യു ജി സി അനുമതി നല്‍കും. രണ്ടു വര്‍ഷത്തിനകം ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കണം. കരടു മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ക്കാണ് അനുമതി. യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ഹല്‍ദ്വാനിയിലെ റെയില്‍വെ ഭൂമിയിലെ കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. 29 ഏക്കര്‍ഭൂമിയില്‍ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സുപ്രീംകോടതി തടഞ്ഞത്. ഏഴ് ദിവസത്തിനകം ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. അരലക്ഷത്തോളം ജനങ്ങളെ ഇങ്ങനെ ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ മറ്റു 16 ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നേരത്തെ നിയമപദേശം തേടിയിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിനു മാത്രം തീരുമാനമെടുക്കാനാകില്ലെന്നാണു ഗവര്‍ണറുടെ നിലപാട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുരയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. ഊട്ടുപുരയില്‍ മാംസാഹാരത്തിനു സര്‍ക്കാര്‍ എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തിനു കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപവാദ പ്രചരണമാണെന്ന് ആരോപിച്ചു മക്കള്‍ ഡിജിപിക്കു നല്‍കിയിരുന്ന പരാതി പിന്‍വലിച്ചു. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പരാതി പിന്‍വലിച്ചതെന്ന് മകന്‍ പ്രജിത് അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ടം നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ തുടങ്ങുമെന്ന് കെഎംആര്‍എല്‍. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ ഈ മാസം 15 ന് തീരുമാനിക്കും. ഭൂമിയേറ്റെടുക്കാനാണ് കാലതാമസം. രണ്ടു വര്‍ഷംകൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകരുടെ കാര്യത്തില്‍ വൈകാതെ തീരുമാനമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
തൃക്കാക്കര മാസ്റ്റേഴ്‌സ് ഓഹരി തട്ടിപ്പ് കേസില്‍ ഇതുവരെ പുറത്തുവന്നത് 85 കോടി രൂപയുടെ ഇടപാടെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍. തട്ടിയെടുത്ത പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്താനായിട്ടില്ല. കോടികള്‍ ധൂര്‍ത്തടിച്ചു. പ്രതി എബിന്‍ വര്‍ഗീസ് ഗോവയില്‍ ചൂതാട്ടത്തിലൂടെ കോടികള്‍ പൊടിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികളെ ഉടനേ പിടികൂടുമെന്നും പോലീസ്.
ഹോട്ടലുകളിലും ഭക്ഷ്യശാലകളിലും അപ്രതീക്ഷിത പരിശോധനകള്‍ നടത്താന്‍ പ്രത്യേക സ്റ്റേറ്റ് ടാക്സ് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം ഈ ടാക്സ് ഫോഴ്സിന് പരിശോധന നടത്താനുള്ള അധികാരം നല്‍കും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്നും ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ തൃശൂര്‍ പാവറട്ടിയില്‍ നാല്‍പതിലധികം വിദ്യാര്‍ത്ഥിനികള്‍ക്കു കടന്നല്‍ കുത്തേറ്റു. ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിലെ നാല്‍പതിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയില്‍ അല്ലെന്ന് മുന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ്. ചിന്തയുടെ ശമ്പളം സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനു പിറകേയാണ് താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. തനിക്ക് ശമ്പളം അനുവദിച്ചു തരണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ചിന്തയുടെ അപേക്ഷയും തന്റെ അപേക്ഷയും രണ്ടും രണ്ടാണെന്നും ആര്‍ വി രാജേഷ് പറഞ്ഞു.
യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയ നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണ്. കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താമരശേരി ചുരത്തില്‍ നിയമ വിദ്യാര്‍ത്ഥിയെ വെട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. വയനാട് ചുണ്ടേല്‍ സ്വദേശി മേലേപീടിയേക്കല്‍ നൗഫല്‍ താമരശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മണിയങ്കോട് സ്വദേശി സച്ചിനെയാണ് നൗഫല്‍ വെട്ടിയത്.
ആലപ്പുഴ കളര്‍കോടുവച്ച് മലപ്പുറത്തുനിന്നുള്ള അയ്യപ്പസംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇരവുകാട് സ്വദേശി അര്‍ജുന്‍ കൃഷ്ണയാണ് പിടിയിലായത്. അര്‍ജ്ജുന്റെ ബൈക്കിലിരുന്നതിനാണ് ഒമ്പതു വയസുകാരിയെ തള്ളി താഴെയിട്ടത്. വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം കടയ്ക്കാവൂരില്‍ മണമ്പൂര്‍ പെരുംകുളം മലവിളപ്പൊയ്ക വീട്ടില്‍ നസീറിനെ (40) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍. പെരുംകുളം താഹ (29), കഴക്കൂട്ടം ജാസിംഖാന്‍ (33), പെരുമാതുറ റിയാസ് (33) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്.
ന്യൂയോര്‍ക്കില്‍നിന്നുള്ള വിമാനത്തില്‍ സഹയാത്രികയെ മദ്യപനായ വ്യവസായി അപമാനിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയായ സ്ത്രീ അതിക്രമം നടത്തിയ ആള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരിയുടെ വിമാന ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാരീസില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിലും മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു. ഇയാള്‍ക്കെതിരായ പരാതിയില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയം.
ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവരുന്നു. മൂന്ന് പ്രധാന നേതാക്കളും അനുയായികളും നാളെ കോണ്‍ഗ്രസില്‍ ചേരും. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരാണ് ഇവരെന്ന് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പ്രതികരിച്ചു.
അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാന്‍ ശ്രമിച്ചെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞു.
ആമസോണ്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവുചുരുക്കാനാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ജനുവരി 18 മുതല്‍ നടപടി ആരംഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ എട്ട് ഐഎസ് ഭീകരരെ താലിബാന്‍ വധിച്ചു. ഐഎസിന്റെ ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്താണ് ഭീകരരെ വധിച്ചതെന്ന് താലിബാന്‍ അവകാശപ്പെട്ടു.