◾കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട് .
◾ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ മണ്ണെടുപ്പിനെതിരായ ശക്തമായ സമരത്തെ തുടര്‍ന്ന് മണ്ണെടുപ്പ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. തുടര്‍ നടപടി 16ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചയോടെ പുനരാരംഭിക്കുകയായിരുന്നു.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ഇന്നലെ പുലര്‍ച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയില്‍ ടണല്‍ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി സന്ദര്‍ശിച്ചു. കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തുരങ്കത്തിലെ സ്ളാബുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. നാല്‍പതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
◾കോണ്‍ഗ്രസ് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് വേദി നിഷേധിച്ച് ജില്ലാ ഭരണകൂടം. കടപ്പുറത്തെ വേദി നല്‍കാനാവില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നവംബര്‍ 23 ന് ആണ് കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ഇതേ വേദിയില്‍ 25 ന് സര്‍ക്കാറിന്റെ നവകേരള സദസ് നടക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
◾പലസ്തീന്‍ ഐക്യദാര്‍ഡ്യറാലികള്‍ക്ക് ബദലായി ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’കളുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലിക്കും സംഗമങ്ങള്‍ക്കുമാണ് ബിജെപി തീരുമാനം. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ മത്സരിക്കുമ്പോഴാണ് ഹമാസിന്റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്.
◾ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടീസ് വിവാദമായതിന് പിന്നാലെ വാര്‍ഷികത്തില്‍ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികള്‍. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. അതേസമയം, അനാരോഗ്യം മൂലമാണ് രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
◾
◾കണ്ണൂര്‍ അഴീക്കോട് സഹകരണ ബാങ്കില്‍ പതിനഞ്ച് വര്‍ഷത്തോളം ബാങ്ക് പ്രസിഡന്റായിരുന്ന, കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡന്റ് എം എന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ ചട്ടം മറികടന്ന് വായ്പയെടുത്തെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഭൂമിയ്ക്ക് ഉയര്‍ന്ന വില കാണിച്ച് അധികവായ്പയെടുത്തതായാണ് കണ്ടെത്തല്‍.
◾കല്‍പ്പാത്തി രഥോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലാതല മോണിറ്ററിങ് സമിതി ആനയെ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കി. എന്നാല്‍ ആചാരത്തിന്റെ ഭാഗമായി ആനയെ രഥം വലിക്കാന്‍ അനുവദിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. ആനയെ കൊണ്ടുവരാന്‍ ക്ഷേത്ര കമ്മിറ്റികളും തീരുമാനിച്ചതോടെ പിന്തുണയുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തി.
◾കണ്ണൂര്‍ കോളയാട് പെരുവയില്‍ കൃഷിയിടത്തില്‍ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിന്‍ തോട്ടത്തിലാണ് ആന പ്രസവിച്ചത്. നെടുമ്പൊയിലിലെ വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടിക്ക് ശരിയായി നടക്കാന്‍ കഴിയുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
◾ഇടുക്കി നെടുംകണ്ടം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നെടുംകണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
◾കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വെളിപറമ്പ് സ്വദേശി സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ നിന്ന് കണ്ടെത്തി. സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് കസ്റ്റഡിയിലുള്ള സുഹൃത്ത് സമദ് മൊഴി നല്‍കിയത്.. ഇതേതുടര്‍ന്ന് പ്രതിയായ സമദുമായി കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലെത്തി തെളിവെടുപ്പ് നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
◾
◾‘ലെവല്‍ ക്രോസുകള്‍ ഇല്ലാത്ത കേരളം’ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലെവല്‍ ക്രോസ് ഇല്ലാത്ത ഗുരുവായൂര്‍ സാധ്യമാകുന്നതിന്റെ സന്തോഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
◾ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിയിക്കപ്പെട്ട പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രായത്തിന്റെ ഇളവ് നല്‍കി വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
◾എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും വേട്ട മാനസികമായി ബാധിച്ചുവെന്ന വിശദീകരണവുമായി ആശുപത്രിയില്‍ ചികിത്സയിലുള്ള അലന്‍ ഷുഹൈബ്. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെ കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ച് അവശനായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോള്‍ താന്‍ ചെയ്ത വിഡ്ഢിത്തം നിങ്ങള്‍ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള താന്‍ തകര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും തീര്‍ച്ചയായും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.
◾വയനാട് മുപ്പൈനാട് കാടാശേരിയില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. പുലര്‍ച്ചെ നാല് മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
◾മലപ്പുറം ഒതുക്കങ്ങലില്‍ കട ഉദ്ഘാടനത്തിനെത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന് കണ്ടതിനെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. യുട്യൂബര്‍ ഉദ്ഘാടനത്തിന് എത്തിയതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചതോടെ ഗതാഗത തടസ്സം ഉണ്ടായി. തുടര്‍ന്ന് പൊലീസ് ഇടപെടുകയാണുണ്ടായത്. അതേസമയം, റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുമടകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറായ അക്രം ഖാന്‍ ഗാസിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ ഉറ്റസുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖിനെ കറാച്ചിയിലെ ഒറംഗി ടൗണില്‍വെച്ച് അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന താരിഖിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 80 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്ഥാന്‍. കറാച്ചിയിലെ ജയിലില്‍ നിന്ന് മോചിതരായ മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച ട്രെയിനില്‍ ഗുജറാത്തിലെ വഡോദരയിലെത്തി.
◾നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിപാടിക്കിടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം. പലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ ഗ്രേറ്റ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിനു പിന്നാലെ സദസ്സിലിരുന്ന ഒരാള്‍ വേദിയിലേക്ക് കയറിവന്നാണ് അതിക്രമം നടത്തിയത്.
◾ഗാസയിലെ അല്‍ഷിഫ ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്‍കുബേറ്ററുകള്‍ക്കും ആവശ്യമായ ഇന്ധനം നല്‍കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ധനം തീര്‍ന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനം ശനിയാഴ്ച നിര്‍ത്തിവച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ധനം വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ ഹമാസ് അത് നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
◾ഏകദിന ലോകകപ്പില്‍ ഇന്നും നാളെയും മല്‍സരങ്ങളില്ല. സെമിഫൈനല്‍ മല്‍സരങ്ങള്‍ 15 നും,16 നും. ഫൈനല്‍ 19 ഞായറാഴ്ചയാണ്.
◾രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച സെപ്റ്റംബറില്‍ മൂന്ന് മാസത്തെ ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞതായി വ്യാവസായിക ഉല്‍പ്പാദന സൂചിക. ഓഗസ്റ്റില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.8 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവുണ്ടായതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഉല്‍പ്പാദന മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഓഗസ്റ്റില്‍ 9.3 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 4.5 ശതമാനമായി കുറഞ്ഞു. വൈദ്യുതി മേഖലയുടെ വളര്‍ച്ച 15.3 ശതമാനത്തില്‍ നിന്ന് 9.9 ശതമാനമായും ഖനന മേഖലയുടെ വളര്‍ച്ച ഓഗസ്റ്റിലെ 12.3 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 11.5 ശതമാനമായും ഇടിഞ്ഞു. ഫാക്ടറി ഉല്‍പ്പാദനം സെപ്റ്റംബറില്‍ 2.4 ശതമാനം കുറഞ്ഞു. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നോണ്‍-മെറ്റാലിക് മിനറല്‍ ഉല്‍പന്നങ്ങള്‍, രാസ ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയിലുണ്ടായ തുടര്‍ച്ചയായ കുറവാണ് ഉല്‍പ്പാദന പ്രവര്‍ത്തനത്തിലെ അസാധാരണമായ ഇടിവിന് കാരണം. അതേസമയം ഉപഭോക്തൃ ഉത്പന്നങ്ങളുടെ സൂചിക സെപ്റ്റംബറില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 6.0 ശതമാനത്തിലേക്ക് കുറഞ്ഞു.
◾വാട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോയെന്ന് പരിശോധിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഫീച്ചറുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം. സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യാം. അംഗീകൃത ഉപയോക്താക്കള്‍ മാത്രമാണ് ഫോണിലെ വാട്‌സ്ആപ്പില്‍ കയറുന്നത് എന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണ്‍ ആക്കാം. അനധികൃതമായി മറ്റാരെങ്കിലും വാട്‌സ്ആപ്പ് തുറക്കുന്നത് ഇത് തടയുന്നു. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്‍സ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് മറ്റൊരു ഫീച്ചര്‍. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകള്‍ റിംഗ് ചെയ്യുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിള്‍ ആണെന്ന് ഉറപ്പുവരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെയ്ക്കുന്ന മീഡിയ ഫയലുകളിലും തേര്‍ഡ് പാര്‍ട്ടി നുഴഞ്ഞുകയറുന്നത് തടയാന്‍ ഈ ഫീച്ചര്‍ സഹായിക്കും. പ്രൊഫൈല്‍ ഫോട്ടോയുടെ പ്രൈവസി സെറ്റിങ്‌സില്‍ കയറി എവരി വണ്‍, കോണ്‍ടാക്ട്‌സ് ഒണ്‍ലി, ആരും കാണേണ്ടതില്ല എന്നിവയില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് ഉപയോഗിക്കാം. റീഡ് റെസീറ്റ്‌സ് ഓണ്‍ ആക്കുകയോ ഓഫ് ചെയ്ത് വെയ്ക്കുകയോ ചെയ്യാം. ഇതുവഴി മറ്റുള്ളവര്‍ അയച്ച സന്ദേശം ഉപയോക്താവ് കണ്ടോ എന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കും. ലാസ്റ്റ് സീന്‍ പ്രൈവസി ഫീച്ചര്‍ വാട്‌സ്ആപ്പില്‍ അവസാനം കയറിയ സമയം മറ്റുള്ളവരെ അറിയിക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ചാറ്റുകളിലെ മെസേജുകള്‍ അപ്രത്യക്ഷമാകാന്‍ സഹായിക്കുന്നതാണ് ഡിസപ്പിയറിംഗ് മെസേജ് ഫീച്ചര്‍.
◾നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം , ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നീട്ടിവളര്‍ത്തിയ മുടി പിന്നില്‍ക്കെട്ടി, അല്‍പ്പം താടിയും കൂളിങ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന ലുക്കിലാണ് മമ്മൂട്ടി. വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം. ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിതത്തില്‍ മമൂട്ടിയുടെ കഥാപാത്രം ഏറെ കൗശലം നിറഞ്ഞതാണ്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതു കൂടാതെ നിരവധി വ്യത്യസ്ഥമായ ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രേഷകര്‍ക്കു മുന്നിലെത്തുന്നത്. ഉയര്‍ന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയാണിത്. ഗൗതം മേനോന്‍, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍, സണ്ണി വെയ്ന്‍, ജഗദീഷ്. ഷൈന്‍ ടോം ചാക്കോ സുമിത്. (സ്ഫടികം ജോര്‍ജ് ) ദിവ്യ പിള്ള, ഐശ്വര്യ മേനോന്‍, എന്നിവരും പ്രധാന താരങ്ങളാണ്.
◾ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം സിനിമയുടെ ടീസര്‍ എത്തി. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ വൈ രാദാ വൈ എന്ന സിനിമയ്ക്കു ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാല്‍ സലാം. ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം എ.ആര്‍. റഹ്‌മാന്‍, ഛായാഗ്രഹണം വിഷ്ണു രംഗസാമി, എഡിറ്റര്‍ പ്രവീണ് ഭാസ്‌കര്‍. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തും.
◾റേസിങ് വിഭാഗത്തില്‍ പെടുത്താവുന്ന എഫ്99 ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായ വൈദ്യുത വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. മിലാന്‍ മോട്ടര്‍സൈക്കിള്‍ ഷോ എന്നറിയപ്പെടുന്ന ഇഐസിഎംഎ 2023 ലായിരുന്നു അള്‍ട്രാവയലറ്റ് എഫ്99 അവതരിപ്പിച്ചത്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന മോട്ടര്‍സൈക്കിളാണ് എഫ്99. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വേഗമേറിയ വൈദ്യുത മോട്ടര്‍സൈക്കിളുകളില്‍ മുന്നിലാണ് എഫ്99ന്റെ സ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ അടക്കമുള്ളവ ഉപയോഗിച്ച് പരമാവധി ഭാരം കുറച്ചു നിര്‍മിച്ചിരിക്കുന്ന ഈ മോട്ടര്‍സൈക്കിളിന്റെ ഭാരം 178 കിലോഗ്രാമാണ്. ലിക്വിഡ് കൂള്‍ഡ് മോട്ടറിന് 120 ബിഎച്പി പവറുണ്ട്. പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും മൂന്നു സെക്കന്‍ഡ് മതി. മലയാളി സിനിമാ താരം ദുല്‍ഖര്‍സല്‍മാന്റെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയാണ് അള്‍ട്രാവയലറ്റ്. ദുല്‍ഖര്‍ നേരത്തേ എഫ്77 ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
◾കുഞ്ഞുമനസ്സുകളില്‍ സ്‌നേഹവും നന്മയും കരുണയും ക്ഷമയുമെല്ലാമെല്ലാം ഉണര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും സഹായകമാകുന്ന ചെറിയ കഥകളുടെ പുസ്തകം. നല്ലതും ചീത്തയുമായ ജീവിതസന്ദര്‍ഭങ്ങളെ നേരിടേണ്ടതെങ്ങനെ എന്ന അറിവുപകരുന്നതോടൊപ്പം കുഞ്ഞുഭാവനകള്‍ക്ക് ഉയര്‍ന്നു പറക്കാനുള്ള ചിറകുകളുമാകുന്നു ഈ കഥകള്‍. സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. ‘നന്മ പൂക്കുന്ന കഥകള്‍’. മാതൃഭൂമി. വില 161 രൂപ.
◾പരിമിതമായ അളവില്‍ അതും പാലും പഞ്ചസാരയുമൊന്നും ചേര്‍ക്കാതെയാണ് കാപ്പി കുടിക്കുന്നതെങ്കില്‍ പല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ ചിലര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രധാനമായും മൂന്ന് വിഭാഗക്കാരോടാണ് ഇവര്‍ കാപ്പി ഒഴിവാക്കാന്‍ പറയുന്നത്. ഒന്നാമതായി ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍. കാപ്പി ഓരോ വ്യക്തിയും അവരുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായാണ് ദഹിപ്പിച്ചെടുക്കുന്നത്. എന്നാല്‍ പൊതുവെ ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് കാപ്പി കഴിച്ചാല്‍ അത് അടുത്ത ഒമ്പത് മണിക്കൂര്‍ നേരത്തേക്ക് വരെ പ്രശ്നമാകാമത്രേ. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ പോലെ പല പ്രയാസങ്ങളുമുണ്ടാകാം. അതുപോലെ ഇത്തരക്കാരില്‍ ഉറക്കമില്ലായ്മയും ഇതുണ്ടാക്കാമത്രേ. ആംഗ്സൈറ്റി- അഥവാ ഉത്കണ്ഠയുള്ളവരും പാനിക് അറ്റാക്ക് പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കാറുള്ളവരും കാപ്പി ഒഴിവാക്കുന്നതാണത്രേ ഉചിതം. കാരണം അവരുടെ പ്രശ്നങ്ങള്‍ ഇരട്ടിക്കുന്നതിലേക്ക് കാപ്പി നയിക്കാം. ഗര്‍ഭിണികള്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവരാണ് കാപ്പി ഒഴിവാക്കേണ്ടത്. അവരില്‍ പലവിധ പ്രയാസങ്ങള്‍ക്കും കാപ്പി കാരണമാകുമെന്നതിനാലാണിത്. എന്തായാലും ദിവസത്തില്‍ രണ്ട് കപ്പിലധികം കാപ്പി വേണ്ടെന്ന് തന്നെയാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. പാല്‍, ക്രീം, പഞ്ചസാര എന്നിവയുടെ അമിതോപയോഗവും കാപ്പിയില്‍ നല്ലതല്ല. അതുപോലെ ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ കാപ്പി കഴിക്കുന്നതൊഴിവാക്കി അല്‍പം ബ്രേക്ക് നല്‍കുന്നതും ഉചിതമാണ്. വര്‍ക്കൗട്ടിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. വര്‍ക്കൗട്ടിന് ഒരു മണിക്കൂര്‍ മുമ്പെല്ലാം കാപ്പി കഴിക്കുന്നതാണ് ഉചിതം. ശേഷമായാലും അങ്ങനെ തന്നെ.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.31, പൗണ്ട് – 101.95, യൂറോ – 89.09, സ്വിസ് ഫ്രാങ്ക് – 92.41, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.09, ബഹറിന്‍ ദിനാര്‍ – 221.00, കുവൈത്ത് ദിനാര്‍ -269.79, ഒമാനി റിയാല്‍ – 216.43, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.35.