വിലക്കയറ്റത്തിനെതിരായ ജനാധിപത്യ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനും ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് കോൺഗ്രസ്സ് . ഇഡി റെയ്ഡിനും വിലക്കയറ്റത്തിനും ജി എസ് ടി ക്കുമെതിരെ പാർലമെന്റിൽ നിന്ന് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയപ്രതിഷേധ മാർച്ചിനെക്കുറിച്ച് അമിത് ഷാ പറഞ്ഞതിനെതിരേ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.പ്രതികരിച്ചു. “രോഗതുരമായ ഒരു മനസ്സിന് മാത്രമേ ഇത്തരം വ്യാജ വാദങ്ങൾ ഉന്നയിക്കാൻ കഴിയൂ. പ്രതിഷേധം എത്തേണ്ടയിടത്ത് എത്തിയെന്നാണ് ഇത് തെളിയിക്കുന്നത്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധപ്പെടുത്തി ഷാ സംസാരിച്ചിരുന്നു.
കെഎസ്ആർടിസി ഡീസൽ പ്രതിസന്ധിയിൽ മന്ത്രി റിപ്പോർട്ട് തേടി. വിശദാംശങ്ങൾ ഇന്നു തന്നെ അറിയിക്കാൻ സിഎംഡി ബിജു പ്രഭാകറിന് നിർദേശം നൽകി. ഡീസൽ ഇല്ലാത്തതിനാൽ ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചാണ് മന്ത്രി വിശദീകരണം തേടിയത്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് തെരഞ്ഞെടുപ്പ്.എൻ ഡി എ സ്ഥാനാർഥി പശ്ചിമ ബംഗാൾ മുൻ ഗവർണ്ണർ ജഗദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയുമാണ്.തൃണമൂൽ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ രാത്രി ഒരു മണിയോടെ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി ആണ് ഉരുൾപൊട്ടിയത്ആ. അതിനാൽ ആളപായമില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സജിലേഷ് പറഞ്ഞത്.പുഴയിലുണ്ടായിരുന്ന ഒരു തോണിക്കാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം കൂടുതൽ ഉണ്ടായിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. ആ സമയം പാലത്തിന് മുകളിൽ ചുവന്ന കാർ നിർത്തിയിരുന്നു.
നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് മറ്റൊരു വാഹനമിടിച്ചു മരിച്ചു.അങ്കമാലി ടെൽക് കവലയിലെ ഹോട്ടൽ ബദ്രിയ്യ ഹോട്ടലിന്റെ ഉടമ ഹാഷിമാണ് (52) മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.
ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും നീരൊഴുക്ക് കൂടിയതിനാലാണ് ജലനിരപ്പ് ഉയരുന്നത് . ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും എന്ന് നേരത്തെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.മഴ കുറഞ്ഞതിനാൽ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്ന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയക്കും സ്വര്‍ണം. 86 കിലോ ഗ്രാം വിഭാഗത്തിൽ ദീപക്കും പുരുഷ വിഭാഗം 65 കിലോ ഗ്രാം വിഭാഗത്തിൽ ബജ്‌റംഗ് പൂനിയയും 62 കിലോ ഗ്രാം വനിതകളുടെ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിൽ സാക്ഷിയും സ്വർണ്ണം നേടി.ഇതോടെ ഇന്ത്യക്ക് എട്ട് സ്വർണ്ണമായി.
ചാലക്കുടിയിൽ റോഡിൽ വെള്ളക്കെട്ടായതിനാൽ റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകൾക്ക് തോട്ടിൽ വീണ് പരിക്കേറ്റു. ട്രെയിൻ വരുന്നത് കണ്ടു മാറിനിന്ന ഇവർ ശക്തമായ കാറ്റിൽ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റേയാൾക്ക് പരിക്കില്ല.
ഇടുക്കി ചെറുതോണിയിൽ 70 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുഴയിലേക്ക് വീണ യുവതി രക്ഷപെട്ടു. രാത്രി 7 .30 ന് എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ കാർ പുഴയിലേക്ക് വീഴുകയായിരുന്നു.
തെക്ക്-കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ ഒരു നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല.