vd pinarayi 1

ഇഡി റെയ്ഡിനും വിലക്കയറ്റത്തിനും ജി എസ് ടി ക്കുമെതിരെ പാർലമെന്റിൽ നിന്ന്  കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിൽ രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് കിങ്‌സ് വേ ക്യാമ്പ് പോലീസ് സ്റ്റേഷനിലക്ക് നീക്കി. കറുപ്പ് വസ്ത്രം  ധരിച്ചാണ് എല്ലാവരും സമരത്തിനെത്തിയത് .

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നു. സെക്കന്റിൽ 534 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രാവിലെ ഷട്ടർ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ തമിഴ്നാട് ഒരു മണിയോടെയാണ് ഒടുവിൽ ഷട്ടർ തുറന്നത്.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കത്തിലെ ആവശ്യം.സ്വാതന്ത്ര്യത്തിന്‍റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും നാല്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 14 അര്‍ദ്ധ രാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്ക് സംസ്ഥാന സ൪ക്ക൪ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾക്കായുള്ള മാ൪ഗനി൪ദേശങ്ങൾ പുനക്രമീകരിച്ചു. പത്മശ്രീ പുരസ്കാരം നേടിയിട്ടുള്ളവരെ കേരളശ്രീ പുരസ്കാരത്തിനും പത്മഭൂഷൺ നേടിയിട്ടുള്ളവരെ കേരളശ്രീ, കേരളപ്രഭ എന്നീ പുരസ്കാരങ്ങൾക്കും പത്മവിഭൂഷൺ നേടിയിട്ടുള്ളവരെ കേരള പുരസ്കാരങ്ങൾക്കും പരിഗണിക്കില്ല. പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നവരുടെ മേഖലയിൽ കൃഷി, മറ്റ് മേഖലകൾ എന്നിവ കൂടി ഉൾപ്പെടുത്തി. മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക ഉത്പാദനമേഖലകൾ, സംസ്ഥാനത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്നവരും സംസ്ഥാനത്തെ സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നവരും മനുഷ്യാവകാശ സംരക്ഷണ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുന്നവരും സാമൂഹ്യ വനവത്കരണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഏ൪പ്പെടുന്നവരും മേൽപ്പറഞ്ഞ മേഖലകളിൽ ഉൾപ്പെടാത്ത വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ മറ്റ് വിഭാഗങ്ങളെയും  ഉൾപ്പെടുത്തിയിരിക്കുന്നു.

അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് , പിണറായി വിജയൻ സ്റ്റാലിന് കത്തെഴുതി. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനു വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ തൃശ്ശൂർ മുക്കുംപുഴ ആദിവാസി കോളനിനിവാസികൾക്ക്  വനത്തിനകത്ത് സഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. ഒറ്റപ്പെട്ടു പോയവരുടെ കൂട്ടത്തിൽ ഗർഭിണികളും ഉണ്ടായിരുന്നു.

ഗർഭിണികളിൽ ഒരാൾ കാട്ടിൽ വച്ച് തന്നെ പ്രസവിച്ചിരുന്നു. വനം വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.  വളരെ   സാഹസികമായി മുളച്ചങ്ങാടത്തിലാണ്  ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ പരാതിക്കാരിയായ കന്യാസ്ത്രീയുടെ  ചിത്രം  വെളിപ്പെടുത്തിയ കേസിലെ സർക്കാർ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീം കോടതി സർക്കാരിൻറെ അപ്പീൽ തള്ളിയത്. റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി  ശരിവച്ചു.

കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദിന്റെ കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു.   ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു.

.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *