https://www.youtube.com/watch?v=k0a5AhtlwDk
പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന ‘2BHK’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി. അനോജ് മേനോന്‍ എഴുതിയ വരികള്‍ക്ക് സി വി കൃഷ്ണകുമാര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍ ആലപിച്ച ‘ മഴ പെയ്തു തോര്‍ന്നൊരു….’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. കുടുംബ ബന്ധങ്ങളുടെ വൈകാരികമായ വശങ്ങളെ അനാവരണം ചെയ്യുന്ന ചിത്രത്തില്‍ വൈഷ്ണവി കല്യാണി, ബിന്ദു കൃഷ്ണ, ശിഖ മനോജ്, വിനിജ, ശേഖര്‍ നാരായണ്‍, നവീന്‍ കുമാര്‍, കലാഭവന്‍ സതീഷ്, അനൂപ് കൃഷ്ണ, റംഷാദ് മണ്ണാര്‍ക്കാട്, സുനില്‍ സുന്ദര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ശേഖര്‍ നാരായണ്‍ന്റെ കഥയ്ക്ക് ശേഖര്‍ നാരായണും എം.എസ്. കൊളത്തൂരും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. നീലാംബരി മൂവി ക്ലബ്ബിന്റെ ബാനറില്‍ സി വി കൃഷ്ണകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ കെ ചാമി നിര്‍വ്വഹിക്കുന്നു.
നടന്‍ വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ്കുമാര്‍ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം എത്തുക. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’ സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3890 രൂപയാണ്.
ഇന്ത്യയുടെ വിദേശ നാണയശേഖരം രണ്ടുവര്‍ഷത്തെ താഴ്ചയിലെത്തി. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും കൂപ്പുകുത്തിയ ശേഖരം ആഗസ്റ്റ് 19ന് സമാപിച്ചവാരത്തില്‍ 668.7 കോടി ഡോളര്‍ ഇടിഞ്ഞ് 56,405.3 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കി. ജൂലായ്ക്കുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. നടപ്പു സാമ്പത്തികവര്‍ഷം (2022-23) ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 4,330 കോടി ഡോളറും 2022 ജനുവരി മുതല്‍ ഇതുവരെ ഇടിവ് 5,280 കോടി ഡോളറുമാണ്. ഇക്കാലയളവില്‍ വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 7,180 കോടി ഡോളര്‍ ഇടിഞ്ഞ് 50,100 കോടി ഡോളറുമായി.
പെര്‍ഫോമന്‍സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 4.04 കോടി രൂപ എക്‌സ്-ഷോറൂം വിലയില്‍ ഹുറാകാന്‍ ടെക്‌നിക്കയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹുറാകാന്‍ ഇവോ ആര്‍ഡബ്‌ളിയുഡി, ഹുറാകാന്‍ എസ്ടിഒ എന്നീ മോഡലുകള്‍ക്ക് ഇടയിലാണ് പുതിയ മോഡല്‍ സ്ഥാനം പിടിക്കുന്നത്. ഹുറാകാന്‍ ഇവോയെക്കാള്‍ 6.1 സെന്റീമീറ്റര്‍ നീളമുള്ളതാണ് വാഹനം. അതേസമയം ഉയരവും വീതിയും നിലനിര്‍ത്തിയിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത എഞ്ചിന്‍ ഹുഡ് ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിക്കുന്നു. വ്യത്യസ്ത ഡ്രൈവിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, വാഹനം സ്ട്രാഡ, സ്‌പോര്‍ട്, കോര്‍സ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം. ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത് വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്രങ്ങളുണ്ട്. ആദ്യത്തെ കര്‍ഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയന്‍ തോറ്റത്തിലെ വെള്ളയനെ പോലുള്ളവര്‍ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകള്‍ കണ്ടെത്തി കുട്ടികള്‍ക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയില്‍ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. ‘നാടോടി വീരകഥകള്‍’. ഡോ. ശശീധരന്‍ ക്ലാരി. ഗ്രീന്‍ ബുക്‌സ്. വില 104 രൂപ.
വീട്ടില്‍ നിന്ന് മുടങ്ങാതെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന് പഠനം. സ്‌പെയ്‌നിലെ കാസ്റ്റില-ലാ മാന്‍ച സര്‍വകലാശാലയാണ് നാലിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഗവേഷണം നടത്തിയത്. ഇതിനായി 2017ലെ സ്പാനിഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വേ ഡേറ്റ ഗവേഷകര്‍ ഉപയോഗപ്പെടുത്തി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാത്രമല്ല വീട്ടില്‍ നിന്നല്ലാതെ പ്രഭാതഭക്ഷണം കഴിക്കുന്നതും കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ, പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍ പോഷകങ്ങള്‍ കുറഞ്ഞതാണ് പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണങ്ങളെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആത്മവിശ്വാസക്കുറവ്, മൂഡ് വ്യതിയാനങ്ങള്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികളില്‍ പ്രധാനമായും കാണപ്പെട്ടത്. പാല്‍, ചായ, കാപ്പി, ചോക്ലേറ്റ്, കൊക്കോ, യോഗര്‍ട്ട്, ബ്രെഡ്, ടോസ്റ്റ്, ധാന്യങ്ങള്‍, പേസ്ട്രികള്‍ എന്നിവ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമാറ്റ വൈകല്യങ്ങള്‍ക്ക് സാധ്യത കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ മുട്ട, ചീസ്, ഹാം എന്നിവയുമായി ബന്ധപ്പെട്ട് അത്തരം പ്രശ്‌നങ്ങളുടെ സാധ്യത കൂടുതലാണ്. വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ശ്രദ്ധയും മാനസികാരോഗ്യത്തില്‍ നിര്‍ണായകമാകാമെന്നും പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാലും ധാന്യങ്ങളും ഉള്‍പ്പെടുന്നതും സാച്ചുറേറ്റഡ് കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ കുറഞ്ഞതുമായ പ്രഭാതഭക്ഷണങ്ങള്‍ കുട്ടികളിലെ മാസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 3772 കുട്ടികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 80.06, പൗണ്ട് – 93.40, യൂറോ – 79.60, സ്വിസ് ഫ്രാങ്ക് – 82.61, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.89, ബഹറിന്‍ ദിനാര്‍ – 212.36, കുവൈത്ത് ദിനാര്‍ -259.76, ഒമാനി റിയാല്‍ – 207.87, സൗദി റിയാല്‍ – 21.31, യു.എ.ഇ ദിര്‍ഹം – 21.79, ഖത്തര്‍ റിയാല്‍ – 21.98, കനേഡിയന്‍ ഡോളര്‍ – 61.25.