ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ആഡംബര എം.പി.വി വാഹനമായ വെല്‍ഫയറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2023 മോഡല്‍ ടൊയോട്ട വെല്‍ഫയര്‍ ടിഎന്‍ജിഎ-കെ മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്‌ഫോം പുതിയ ലെക്സസ് എല്‍എം എംപിവിയിലും ഉപയോഗിച്ചിട്ടുള്ളതാണ്. വലിപ്പത്തിലും സവിശേഷതകളിലും മാറ്റവുമായിട്ടാണ് പുതിയ വെല്‍ഫയര്‍ വരുന്നത്. പുതിയ ടൊയോട്ട വെല്‍ഫയര്‍ പഴയ മോഡലിന്റെ അതേ ബോക്സി ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും അല്പം വലുതാണ് പുതിയ എംപിവി. കുറച്ച് ഡിസൈന്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് പുതിയ മോഡലും പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ട ബാഡ്ജുള്ള വലിയ സിക്സ് സ്ലാറ്റ് ഗ്രില്ലാണ് നല്‍കിയിട്ടുള്ളത്. പ്രധാന ഡിസൈന്‍ മാറ്റവും ഇത് തന്നെയാണ്. ടൊയോട്ട വെല്‍ഫയര്‍ 2023 മോഡല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഹൈബ്രിഡ് എഞ്ചിന്‍ അതേപടി നിലനിര്‍ത്തി വി6 എഞ്ചിന്‍ മാറ്റുകയും പകരം ഇന്‍ലൈന്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എഞ്ചിന്‍ നല്‍കി. ഇന്‍ലൈന്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ എഞ്ചിന്‍ 275 ബിഎച്ച്പി പവറും 430 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് സി.വി.ടി ഗിയര്‍ബോക്‌സുമായിട്ടാണ് വരുന്നത്.