മലയാളത്തിന്റെ ഹിറ്റ് കോമ്പോ മാത്യു തോമസിനും നസ്‌ലെനുമൊപ്പം ടൈറ്റില്‍ കഥാപാത്രമായി ഒരു നായ എത്തുന്ന ചിത്രമാണ് ‘നെയ്മര്‍’. ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഇളമൈ കാതല്‍’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. ആന്റണി ദാസന്‍ ആണ് ആലാപനം. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യുവതാരങ്ങളെ കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.