‘റിട്ടേണ്‍ ഓഫ് ദ കിംഗ്’ എന്ന ക്യാപ്ഷനോടെ ‘അരിക്കൊമ്പന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സംവിധായകന്‍ സാജിദ് യഹിയ ചിത്രം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ മേഘമലയില്‍ അടക്കം ചുറ്റിത്തിരിഞ്ഞ അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം കുമളി ഭാഗത്തേക്ക് എത്തിയിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ചരിഞ്ഞു കിടക്കുന്ന ഒരു അമ്മ ആനയും അതിന്റെ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമായ കഥയാണ് സിനിമയ്ക്ക് ആധാരം. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി കാണുന്ന സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.