ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. വില ഉടന്‍ പ്രഖ്യാപിക്കുമെന്നു ടൊയോട്ട അറിയിച്ചു. ബുക്കിങ് അധികമായതിനാല്‍ നേരത്തെ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിര്‍ത്തി വച്ചിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ എന്‍ജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വില്‍പനയ്ക്കുണ്ടാകും. മുന്‍ഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളില്‍ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വില്‍പനയ്ക്ക് എത്തുക. 2.4 ഡീസല്‍ എന്‍ജിനാണ് ക്രിസ്റ്റയില്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ലഭിക്കുക. പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവയുണ്ട്.