മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപം. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. എന്നാല്‍, വാര്‍ത്തകളെ ലീഗ് നേതൃത്വം തള്ളി. മാധ്യമങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ലീഗ് പ്രവർത്തക സമിതിയില്‍ വിമർശനം ഉയർന്നില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സംസ്ഥാനത്തെ തെരുവ് നായ്കളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഹൈക്കോടതി.അതിനായി സ്വീകരിക്കുന്ന നടപടികൾ മറ്റന്നാൾ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവാച്ചറായ സുനിൽ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനിൽകുമാറിനെയാണ് കൂറുമാറിയതോടെ വനം വകുപ്പ് പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ഇയാൾ ഇന്ന് കോടതിയിൽ തിരുത്തി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്.
മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് മസ്കറ്റിൽ പിടിച്ചിട്ട എയർ ഇന്ത്യ എക്സപ്രസ്സ് വിമാനത്തിലെ യാത്രക്കാരെ ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര ചെയ്യേണ്ട വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടതിനാൽ മുംബൈയിൽ നിന്നും പകരം വിമാനം മസ്കറ്റിലെത്തിച്ച് അതിലാവും യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുക. ഇന്ന് രാത്രി 9.20-ന് വിമാനം മസ്കറ്റിൽ നിന്നും പുറപ്പെടും.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്തും വിധം സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ വന്ന വാര്‍ത്ത നിന്ദ്യവും നീചവുമാണെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോയാത്രയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സിപിഎം തുടക്കം മുതല്‍ നടത്തുന്നതെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തെ രാഹുല്‍ ഗാന്ധി കാണുന്നതും സംവദിക്കുന്നതും സിപിഎം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായെന്നും സുധാകരൻ പ്രസ്താവനിയിലൂട അഭിപ്രായപ്പെട്ടു.
ദൈവത്തോട് അനുമതി ചോദിച്ചിട്ടാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാമത്ത്. തെരഞ്ഞെടുപ്പിന് ശേഷം മതഗ്രന്ഥത്തിൽ തൊട്ടു സത്യം ചെയ്ത കാര്യം പത്രക്കാർ ഓർമ്മിപ്പിച്ചപ്പോഴാണ് ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞത് .