പ്രമുഖ വ്യവസായി ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചു. രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം ചെലവേറിയതായിരിക്കും. മെയ് മാസത്തില്‍, സ്റ്റാര്‍ലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് ബംഗ്ലാദേശില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യന്‍ രൂപ അനുസരിച്ച് 3000 മുതല്‍ 3150 രൂപ വരെയാണ്. കൂടാതെ പരിധിയില്ലാത്ത ഡാറ്റയും. സ്റ്റാന്‍ഡേര്‍ഡ് റെസിഡന്‍ഷ്യല്‍ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതല്‍ 4,500 വരെയാണ്. പരിധിയില്ലാത്ത ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കണക്ഷന് സ്ഥാപിക്കുന്നതിന് 33,000 മുതല്‍ 39,000 രൂപ വരെ ഒറ്റത്തവണയായി ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്. ഈ ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ചെലവേറിയതായിരിക്കും. സ്റ്റാര്‍ലിങ്ക് 50 മുതല്‍ 200 എംബിപിഎസ് വരെയുള്ള ബ്രോഡ്ബാന്‍ഡ് വേഗത വാഗ്ദാനം ചെയ്യുന്നു.