സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. അതിജീവനമാര്‍ഗം തേടി ഇവിടെയെത്തുന്ന ആള്‍ക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ ആഗ്രഹിച്ചതിനെക്കാളേറെ നേടി ജീവിതം ആഘോഷമാക്കുമ്പോള്‍, ഇവരില്‍ വലിയൊരു പങ്കും മോഹഭംഗങ്ങളെ ഉള്‍ക്കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നു. സ്വപ്നസാക്ഷാത്ക്കാരം മരീചികയാണെന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്ന യാഥാര്‍ഥ്യം ഈ മഹാനഗരത്തിന്റെ പോക്കുവരവുകളുമായി പൊരുത്തപ്പെടാന്‍ ഏവരെയും പ്രാപ്തരാക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഈ നിസ്സംഗതയുടെയും നിര്‍വികാരതയുടെയും ചിത്രങ്ങളാണ് ഇവിടം കര്‍മ്മ മണ്ഡലമാക്കിയ മഹേഷ് വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ജീവിക്കുന്നവര്‍ക്ക് ഇതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ചില ഏടുകളായി തോന്നിയേക്കാമെങ്കിലും, പുറമെ നിന്ന് നോക്കുന്നവരുടെ മുന്നില്‍ ഇവിടെ കാണുന്ന കാഴ്ചകള്‍ വായനയുടെ പുതിയ ഒരു ലോകം തുറന്നിടും. ‘മൃഗനയനിയിലെ മൂഷികന്‍’. മഹേഷ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 152 രൂപ.