web cover 111

പെഗാസസ് ചീറ്റിപ്പോയി. ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങളില്‍ തെളിവില്ലെന്നു സുപ്രീം കോടതി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തെളിവില്ലെന്നു വ്യക്തമാക്കിയത്. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ് വെയര്‍ കണ്ടെത്തിയെങ്കിലും അതു പെഗാസസ് ആണെന്നു വ്യക്തമല്ലെന്നു ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

ഒന്നിലേറെ വിവാഹം കഴിക്കാനും തലാഖ് ചൊല്ലാനും വ്യക്തിനിയമമനുസരിച്ച് മുസ്ലിം സമുദായത്തിലെ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നതു തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊട്ടാരക്കര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതേസമയം, സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളി സംഘടനാ നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. തുറമുഖ നിര്‍മാണം നിര്‍ത്തിവക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ഗോതമ്പ് മാവിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് നടപടിയെന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം.

ഓണച്ചെലവുകള്‍ക്കായി മൂവായിരം കോടി രൂപകൂടി സംസ്ഥാനം കടമെടുക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരം കോടി രൂപ കടമെടുത്തതിനു പുറമേയാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ബോണസും ക്ഷേമപെന്‍ഷന്‍കാര്‍ക്ക് രണ്ടു മാസത്തെ പെന്‍ഷനും നല്‍കാനാണ് കടമെടുക്കുന്നത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കുന്നതിനു പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവനു നല്‍കിയ കത്ത് നേരത്തേ പുറത്തു വന്നിരുന്നു. സര്‍ക്കാരിന് ഏതു ബില്ലും പാസാക്കാം. എന്നാല്‍ ഭരണഘടനപരമായ പരിശോധനകള്‍ ഇല്ലാതെ താന്‍ ഒപ്പിടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചു. ബഷീറിന്റെ കയ്യില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത ഉണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. നേരത്തെ സര്‍ക്കാരിനോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്വേഷണ വിധേയമായി നടപടി നേരിട്ട എറണാകുളത്തെ നേതാക്കളെ തിരിച്ചെടുക്കാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മറ്റി. നടപടി കാലാവധി അവസാനിക്കാന്‍ ഒന്നരമാസം ശേഷിക്കെയാണ് തീരുമാനം.

സിറോ മലബാര്‍ സഭയില്‍ മൂന്ന് പുതിയ സഹായ മെത്രാന്മാര്‍ കൂടി. മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് നിയമിച്ചത്.

പാലാ രൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച് ഏകാന്ത സന്യാസ ജീവിതത്തിന് അനുവദിക്കണമെന്ന മാര്‍ ജേക്കബ് മുരിക്കന്റെ അപേക്ഷ സിറോ മലബാര്‍ സഭ സിനഡ് അംഗീകരിച്ചു. 10 വര്‍ഷം സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് കിഡ്നി ദാനം ചെയ്തിരുന്നു. അദ്ദേഹം ഏകാന്ത സന്യാസ ജീവിതം ആരംഭിച്ചു.

ഏഴു ലക്ഷം ഓണക്കിറ്റുകള്‍ വിതരണം ചെയ്തെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ഉറപ്പാക്കുമെന്നും കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എയിഡഡ് ഹോമിയോ മെഡിക്കല്‍ കോളജിലെ സീറ്റ് തര്‍ക്കത്തില്‍ എന്‍എസ്എസ് സുപ്രീം കോടതിയില്‍. അവകാശപ്പെട്ട പതിനഞ്ച് ശതമാനം സീറ്റിലെ പ്രവേശനം സര്‍ക്കാര്‍ നിയമ ഭേദഗതി വഴി തട്ടിയെടുക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചു.

വടകര ചോമ്പാലയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.

തലശേരി നഗരസഭയുടെ വേട്ടയാടല്‍മൂലം വ്യവസായി ദമ്പതികള്‍ നാടുവിട്ടു. തലശേരി വ്യവസായ പാര്‍ക്കിലെ ഫാന്‍സി ഫണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരന്‍ കെ തായാട്ടിന്റെ മകന്‍ രാജ് കബീറും ഭാര്യയുമാണ് സ്ഥലംവിട്ടത്. കെട്ടിടത്തിനു മുന്നില്‍ ഷീറ്റിട്ടതിന് നഗരസഭ നാലര ലക്ഷം പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുമായി നഗരസഭയിലെത്തിയിട്ടും നഗരസഭ സ്ഥാപനം തുറക്കാന്‍ അനുമതി നല്‍കിയില്ല.

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളന പ്രമേയം. തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ഇതിനു പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കെ റെയിലില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഫയല്‍ തീര്‍പ്പാക്കാനെന്ന പേരില്‍ ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭ. ഞായറാഴ്ച പരീക്ഷ നടത്തുന്നത് ക്രൈസ്തവരുടെ അവസരം ഇല്ലാതാക്കും. വിഴിഞ്ഞം സമരത്തിന് സിറോ മലബാര്‍ സഭ സിനിഡ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വന്‍കിട കമ്പനികള്‍ക്കായി തീരവാസികള്‍ കുടിയൊഴിക്കപ്പെടുകയാണെന്ന് സിനഡ് ചൂണ്ടിക്കാട്ടി.

അബുദാബിയില്‍ രണ്ടരവര്‍ഷം മുമ്പ് കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടം നടത്തി. ഡെന്‍സിയുടേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിന്റേയും കൊലപാതകത്തിനു പിന്നില്‍ പാരമ്പര്യ വൈദ്യന്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്റഫാണെന്നു പൊലീസ് സംശയിക്കുന്നു.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടു പേര്‍ അറസ്റ്റിലായി. കണ്ണമംഗലം കടവൂര്‍ പത്മാലയം വീട്ടില്‍ പി രാജേഷ് (34), കണ്ണമംഗലം പേള പള്ളിയമ്പില്‍ വീട്ടില്‍ വി.അരുണ്‍(24) എന്നിവരെയാണ് മാവേലിക്കര പൊലീസ് പിടികൂടിയത്.

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിയതിന് മെഡിക്കല്‍ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും അറസ്റ്റിലായി.

പാലക്കാട് ഒരു മാസം മുമ്പു കാണാതായ യുവാവിന്റെ മൃതദേഹം യാക്കര പുഴയോരത്തു കണ്ടെത്തി. പാലക്കാട് തത്തമംഗലം സ്വദേശി സുബിഷിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകത്തിനു തിരുവാലത്തൂര്‍ സ്വദേശി ഋഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ പൂച്ചട്ടിയില്‍ വീടിന്റെ കോണിയില്‍നിന്നു വീണ് രണ്ട്ുവയസുകാരന്‍ മരിച്ചു. ഒന്നാം നിലയിലെ കോണിപ്പടിയില്‍ നിന്നു വീണ് ശിവഗിരി നഗറിലെ അയനിക്കുന്നന്‍ വീട്ടില്‍ പ്രതീഷ് – വിനീത ദമ്പതികളുടെ മകന്‍ ശ്രീദേവന്‍ (2) ആണ് മരിച്ചത്.

ബിസ്‌ക്കറ്റില്‍ മയക്കുമരുന്ന് നല്‍കി ട്രെയിന്‍ യാത്രക്കാരുടെ സ്വര്‍ണവും പണവും കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി സുമന്‍ കുമാറിനെ നാഗ്പൂരില്‍നിന്നാണ് പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സദുര്‍ത്ഥന്‍ കുമാറിനെ നേരെത്തെ അറസ്റ്റു ചെയ്തിരുന്നു.

വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ഇടവപാറ സ്വദേശി 21 വയസുള്ള എസ് . രഞ്ജിത്താണ് പിടിയിലായത്. ഇടുക്കി മുരിക്കാശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15 കാരിയെ ഗര്‍ഭിണിയാക്കിയ അയല്‍വാസിയും ബന്ധുവുമായ 19 കാരനെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലംങ്കോട് ബലാത്സംഗത്തിനിരയായ പതിനാലുകാരി പ്രസവിച്ച കേസില്‍ അച്ഛന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു.

വയനാട്ടിലുണ്ടായ കാറപകടത്തില്‍ നാലു വയസുകാരി മരിച്ചു. കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്.

കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായത് വിഷത്തെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്നാണു ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. പൊലീസ് ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. മാതാപിതാക്കളെ അപായപ്പെടുത്താന്‍ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു. 20 ഡോളോ ഗുളികകള്‍ വാങ്ങി ഇരുവര്‍ക്കും നല്‍കി.

വീട്ടമ്മയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയിലുപേക്ഷിച്ച കേസില്‍ മൂന്നുപേര്‍കൂടി പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ഹല്‍ഷാദ് (28), നീലഗിരി സ്വദേശി ബജീഷ് എന്നുവിളിക്കുന്ന മണി (44), കോമളപുരം സ്വദേശി രമേഷ് (45) എന്നിവരാണ് പിടിയിലായത്.

പ്രവാചക നിന്ദ നടത്തിയെന്ന കേസില്‍ തെലങ്കാന ബിജെപി എംഎല്‍എ ടി. രാജാ സിങ് വീണ്ടും അറസ്റ്റില്‍. സമാനമായ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ അറസ്റ്റ്. അനുയായികളുടെ പ്രതിഷേധങ്ങള്‍ മറികടന്ന് വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

ആംആദ്മി പാര്‍ട്ടി നേതാക്കള്‍ അഴിമതി നടത്തിയെന്ന് ആരോപിക്കുന്ന ബിജെപി ആണ് യഥാര്‍ത്ഥത്തില്‍ ഓപ്പറേഷന്‍ താമരയെന്ന അഴിമതി നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാരിനെ വീഴ്ത്താന്‍ 40 എംഎല്‍എമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്ത 800 കോടി എവിടെ നിന്നാണെന്നും കേജരിവാള്‍ ചോദിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ പണമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ അടുത്ത മാസം 20 നകം തെരഞ്ഞെടുക്കാനാവില്ല. തെരഞ്ഞെടുപ്പു നീളും. സമവായത്തിലെത്താന്‍ സാധിക്കാത്തതാണു കാരണം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 12 ന് 5 ജി സേവനം നല്‍കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5 ജി സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവും ടിവി താരവുമായ സോണാലി ഫോഗാട്ടിന്റെ മരണത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. സോണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വാന്‍, ഇവര്‍ക്കൊപ്പം ഗോവയിലേക്കു പോയ സുഹൃത്ത് സുഖ്വീന്ദര്‍ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റു ചെയ്തത്.

ജമ്മു കാഷ്മീരില്‍ നുഴഞ്ഞു കയറ്റക്കാരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയില്‍ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കമാല്‍ക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.

കുവൈറ്റില്‍ ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട രാജകുടുംബാംഗത്തെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. ഇതേ കേസില്‍ നേരത്തെ കീഴ്കോടതി അദ്ദേഹത്തിന് അഞ്ചു വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.

മലയാളി താരം എച്ച് എസ് പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ അട്ടിമറിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്.

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി. കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ യു.എസില്‍ പ്രവേശിക്കാനാകാത്തതു കാരണമാണ് ഈ പിന്‍മാറ്റം. കോവിഡ് വാക്‌സിനെടുക്കാത്തതിനാല്‍ ജോക്കോയ്ക്ക് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

യുവേഫയുടെ 2022-ലെ ഏറ്റവും മികച്ച പുരുഷതാരമായി റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമയെ തെരഞ്ഞെടുത്തു. മികച്ച പരിശീലകനായി റയലിന്റെ തന്നെ കാര്‍ലോ ആന്‍സലോട്ടിയയും മികച്ച വനിതാതാരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പ്യൂട്ടെല്ലാസും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ റുപേ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്കായി ബി.ഒ.ബി വേള്‍ഡ് യോദ്ധ ഡെബിറ്റ് കാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമായ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍, വെറ്ററന്‍സ് എന്നിവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ബറോഡ ഡിഫന്‍സ് സാലറി പാക്കേജുമായി ബന്ധിപ്പിച്ചിട്ടുള്ള യോദ്ധ ഡെബിറ്റ് കാര്‍ഡ്, ഉയര്‍ന്ന ഇടപാട് പരിധികള്‍, വ്യക്തിഗത അപകടം, മൊത്തം വൈകല്യ ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപ എന്നിവ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ജോയിനിംഗ്, വാര്‍ഷിക ഫീസ് എന്നിവ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും സൗജന്യ പരിധിയില്ലാത്ത ആഭ്യന്തര, അന്തര്‍ദ്ദേശീയ ഇടപാടുകള്‍ നടത്താം.

വിദേശ ധനസ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നതു പുനരാരംഭിച്ചപ്പോള്‍ പ്രിയം ഏറെയും ബാങ്ക് ഓഹരികള്‍ക്ക്. ബാങ്ക് ഇതര കമ്പനികളുടെ ഓഹരികളിലും വിദേശ ധനസ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നുണ്ട്. ഒരു മാസത്തിനിടയില്‍ ബാങ്കുകളുടെയും ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെയും ഓഹരികളിലേക്ക് ഒഴുകിയെത്തിയ നിക്ഷേപം 8000 കോടിയോളം രൂപയുടേതാണ്. ഈ കാലയളവില്‍ ഓഹരി വിപണിയിലേക്ക് എത്തിയ മൊത്തം വിദേശ നിക്ഷേപത്തിന്റെ 25 ശതമാനത്തോളമാണിത്. 34,500 കോടിയോളം രൂപയുടേതായിരുന്നു മൊത്തം വിദേശ നിക്ഷേപം. ബാങ്കിങ് വ്യവസായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ച ആകെ വായ്പ വളര്‍ച്ച 10 ശതമാനത്തില്‍ താഴെയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം തന്നെ 14.19% വളര്‍ച്ച നേടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു നേടിയ വളര്‍ച്ച 56% മാത്രമായിരുന്നു. ഈ വര്‍ഷത്തെ വളര്‍ച്ച 14-15 ശതമാനത്തോളമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

തെലുങ്ക് ചിത്രം സീതാ രാമമാണ് ദുല്‍ഖറിന്റെ അവസാന തിയറ്റര്‍ റിലീസെങ്കില്‍ അടുത്തത് ഒരു ബോളിവുഡ് ചിത്രമാണ്. ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി സെപ്റ്റംബര്‍ 23 ന് ആണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്.

ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പത്താന്‍’. സിദ്ധാര്‍ഥ് ആനന്ദ് ആണ് ‘പത്താന്റെ’ സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമായ ‘പത്താനി’ല്‍ ജോണ്‍ എബ്രഹാമും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ഇപ്പോഴിതാ ജോണ്‍ എബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടു. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത്.

അടുത്തിടെയാണ് ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ യെസ്ഡി മൂന്ന് പുതിയ മോട്ടോര്‍സൈക്കിളുകളുമായി ഇന്ത്യയില്‍ തിരിച്ചെത്തിയത്. മോട്ടോര്‍സൈക്കിളുകളുടെ എക്സ്-ഷോറൂം വില 1.98 ലക്ഷം മുതല്‍ 2.19 ലക്ഷം വരെയാണ്. ഇതില്‍ ഏറെ ജനപ്രിയമായത് യെസ്ഡി റോഡ്സ്റ്റര്‍ മോഡലാണ്. ഇപ്പോഴിതാ യെസ്ഡി റോഡ്സ്റ്ററിന് രണ്ട് പുതിയ വര്‍ണ്ണ സ്‌കീമുകള്‍ കൂടി ലഭിക്കുന്നു. ഇന്‍ഫെറെനോ റെഡ്, ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങള്‍ കൂടിയാണ് യെസ്ഡി തങ്ങളുടെ റോഡ്സ്റ്റര്‍ ശ്രേണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് നിറങ്ങള്‍ക്കും ഗ്ലോസ് ഫിനിഷ് ഉണ്ടായിരിക്കും, കൂടാതെ സൈഡ് കേസിംഗുകള്‍, മോട്ടോര്‍സൈക്കിളിലെ മറ്റെല്ലാ ഘടകങ്ങള്‍ക്കൊപ്പം കറുപ്പ് നിറമായിരിക്കും. യെസ്ഡി റോഡ്സ്റ്റര്‍ ജോഡിയിലെ ഏറ്റവും പുതിയ വര്‍ണ്ണ സംയോജനത്തിന് ഫയര്‍ ആന്‍ഡ് ഐസ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 2,01,142 രൂപയാണ് ഇതിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.

മനഃക്ലേശം നിങ്ങളെ തകര്‍ക്കുന്നതിനുമുന്‍പ് മനഃക്ലേശത്തെ എങ്ങനെ തകര്‍ക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുന്‍കൂട്ടി മനസ്സിലാക്കി പ്രതിസന്ധികളെ അകറ്റിനിര്‍ത്താനും നിലനില്‍ക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി. ‘മനഃക്ലേശമില്ലാതെ ജീവിക്കുന്നതെങ്ങെനെ’. ഡേല്‍ കാര്‍ണഗി. പരിഭാഷ – കെഎസ്എ കരിം. ഒലീവ് പബ്ളിക്കേഷന്‍സ്. വില 413 രൂപ.

കൊവിഡ് 19 പിടിപെടുന്നതില്‍ ചിലരില്‍ സാധ്യതകള്‍ കൂടുതലുണ്ടെന്നത് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രമേഹം, ബിപി, അമിതവണ്ണം ഉള്ളവര്‍ എല്ലാം ഇത്തരത്തില്‍ കൊവിഡ് പിടിപെടാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങളാണ്. അതേസമയം, കൊവിഡ് പിടിപെടാന്‍ സാധ്യത കുറവുള്ള വിഭാഗവുമുണ്ട്. വിവിധ തരം അലര്‍ജികളുള്ളവരിലാണ് കൊവിഡ് സാധ്യത കുറവായി വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ആസ്ത്മ പോലുള്ള അലര്‍ജികള്‍, പൊടിയോട്- തണുപ്പിനോട് അലര്‍ജി, ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി എന്നിങ്ങനെ അലര്‍ജികളുള്ളവരിലെല്ലാം കൊവിഡ് സാധ്യത കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ അലര്‍ജിയുടെ ഭാഗമായുണ്ടാകുന്ന രോഗങ്ങളായ എക്സീമ, ജലദോഷപ്പനി എന്നിവയുള്ളവരിലും കൊവിഡ് സാധ്യത കുറയുമത്രേ. അലര്‍ജികളും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും ഉള്ളവര്‍ പരമാവധി ആള്‍ക്കൂട്ടമൊഴിവാക്കുകയും പുറത്തുപോകുന്നത് കുറയ്ക്കുകയും ചെയ്യാറുണ്ട്. ഇതാകാം കൊവിഡ് സാധ്യത ഇവരില്‍ കുറയുന്നത് എന്നായിരുന്നു പ്രാഥമികമായ വിലയിരുത്തല്‍. എന്നാല്‍ ഇതിന് പിന്നില്‍ മറ്റൊരു കാരണം കൂടി കണ്ടെത്തപ്പെട്ടിരിക്കുകയാണിപ്പോള്‍. അലര്‍ജിയുള്ളവരില്‍ നിരന്തരം പുറത്തുനിന്നുള്ള രോഗകാരികളോട് പ്രതികരിച്ച് പ്രതിരോധവ്യവസ്ഥ എപ്പോഴും പ്രതിരോധസജ്ജമായിരിക്കുമെന്നതിനാലും കൊവിഡ് വൈറസ്, കോശങ്ങളില്‍ കയറിപ്പറ്റാന്‍ ആശ്രയിക്കുന്ന എസിഇ റിസപ്റ്റര്‍ എന്ന പ്രോട്ടീന്‍ അലര്‍ജികളുള്ളവരില്‍ കുറവായിരിക്കുമെന്നതിനാലുമാണ് കൊവിഡ് സാധ്യത ഇവരില്‍ കുറയുന്നതത്രേ. ഇതിന് പുറമെ ചില അലര്‍ജി ആളുകളില്‍ നിത്യമായും കഫക്കെട്ട് ഉണ്ടാക്കുകയും എപ്പോഴും കഫം പുറത്തുകളയുന്നതോടെ രോഗാണുക്കള്‍ അകത്തേക്ക് കടക്കാനുള്ള സാധ്യത കുറയുന്നതിനാലും കൊവിഡ് സാധ്യത കുറയുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ തന്റെ ഗുരുവിനോട് ഇങ്ങനെ പറഞ്ഞു: ഗുരോ, ഞാനിനി പഠിക്കുന്നില്ല, എല്ലാവരും എന്നെ മണ്ടനെന്നു വിളിച്ചു കളിയാക്കുന്നു. ഇത് കേട്ട് ഗുരു ഒന്നും മിണ്ടാതെ അടുത്തിരുന്ന വിളക്ക് ഊതിക്കെടുത്തി. എന്നിട്ട് തൊട്ടടുത്ത തീകുണ്ഠം ഊതി കത്തിച്ചു. എന്നിട്ട് ശിഷ്യന്റെ മുഖത്തേക്ക് നോക്കി. തന്നോട് ഗുരു എന്താണ് പറഞ്ഞതെന്ന് ശിഷ്യന് മനസ്സിലായി. ഒരു വിളക്കിലെ തീ കെടുത്താന്‍ ഊതിയാല്‍ മതി. അതുപോലെ തന്നെ ഒരു തീകുണ്ഠം തെളിയിക്കാനും ഊതിയാല്‍ മതി. മറ്റുള്ളവരുടെ വാക്ക് കേട്ട് തളര്‍ന്നുപോകാന്‍ തയ്യാറായാല്‍ ഒരിക്കലും നിവര്‍ന്നുനില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല. തങ്ങളിലുള്ള വിശ്വാസം നശിക്കുമ്പോഴാണ് ഒരാള്‍ മറ്റൊരാളുടെ വാക്കില്‍ തളര്‍ന്നുപോകുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നമുക്ക് നമ്മളിലുള്ള വിശ്വാസം കെട്ടുപോവുകയല്ല വേണ്ടത്, ആ വിശ്വാസത്തെ ആളികത്തിക്കുകയാണ് വേണ്ടത്. മനസ്സിനെ ഒരു തീകുണ്ഠം പോലെ തെളിച്ചമുള്ളതാക്കാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *