യാഗം മുടക്കാനാകാതെ
ദേവേന്ദ്രന്‍
മിത്തുകള്‍, മുത്തുകള്‍ – 10
ഭാഗവതം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്.
മരുത്തന്‍ മഹാരാജാവിന്റെ യശസ് അനുദിനം വര്‍ധിക്കുകയാണ്. ധര്‍മിഷ്ഠനും പ്രജാതല്‍പരനുമായ രാജാവിനെ ദേവനേപ്പോലയാണു ജനം ആദരിച്ചത്. തന്നേക്കാള്‍ പ്രതാപശാലിയായി ഒരു മനുഷ്യന്‍ വളരുന്നതുകണ്ട് ദേവേന്ദ്രന് അസൂയ മൂത്തു. ഇനിയും മരുത്തന്‍ രാജാവിന്റെ പ്രതാപം വര്‍ധിച്ചാല്‍ തന്നേക്കാള്‍ രാജാവിനെയായിരിക്കും ജനം ആരാധിക്കുക. മരുത്തനെ ഒതുക്കണം. ദേവേന്ദ്രന്‍ അവസരം കാത്തിരുന്നു.
അങ്ങനെയിരിക്കേയാണ് ഒരു മഹായാഗം നടത്താന്‍ മരുത്തന്‍ മഹാരാജാവ് തീരുമാനിച്ചത്. വിശ്വോത്തരമായ യാഗം. ദേവന്മാരുടെ മഹര്‍ഷിയും താപസശ്രേഷ്ഠനുമായ ബൃഹസ്പതിയെ യാഗത്തിന്റെ മുഖ്യ കാര്‍മികനാക്കാനാണു പരിപാടി. അങ്ങനെയൊരു യാഗം നടന്നാല്‍ വന്‍നേട്ടങ്ങളുണ്ടാകും.
യാഗത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകവേ, ദേവേന്ദ്രന് ഇരിക്കപ്പൊറുതി ഇല്ലാതായി. ബൃഹസ്പതിയെക്കൊണ്ട് യാഗം നടത്തിച്ചാല്‍ രാജാവിന്റെ പ്രതാപം ഇനിയും വര്‍ധിക്കും. പിന്നെ താന്‍ ദേവേന്ദ്രനാണെന്നു പറഞ്ഞുനടന്നിട്ട് ഒരുകാര്യവുമില്ല. യാഗം മുടക്കണം; യാഗത്തില്‍ ബൃഹസ്പതിയെ പങ്കെടുപ്പിക്കാതിരിക്കണം ദേവേന്ദ്രന്‍ തീരുമാനിച്ചു.
അദ്ദേഹം ബൃഹസ്പതിക്കു മുന്നിലെത്തി. കുശലാന്വേഷണങ്ങള്‍ക്കുശേഷം കാര്യം പറഞ്ഞു: ‘മഹര്‍ഷേ, അങ്ങു ദേവന്മാരുടെ ഗുരുവാണ്. മനുഷ്യരുടെ യാഗം നടത്തുന്നതിന് അങ്ങു പോകുന്നതു ഭൂഷണമല്ല. മരുത്തന്‍ രാജാവ് അങ്ങയെക്കൊണ്ട് യാഗം നടത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനു പോകരുത്.’
ബൃഹസ്പതി സമ്മതിച്ചു. അല്‍പം തപശ്ശക്തിയുള്ള രാജാവ് ഇക്കാര്യം ഗ്രഹിച്ചു. പക്ഷേ യാഗപദ്ധതിയില്‍നിന്നു പിന്നോട്ടു പോയില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രാജാവ് ബൃഹസ്പതിയെ ക്ഷണിക്കാന്‍ ചെന്നു. ഉപചാരപൂര്‍വം ദക്ഷിണനല്കി കുശലാന്വേഷണം നടത്തി. തുടര്‍ന്നു യാഗത്തെക്കുറിച്ചു വിവരിച്ചു. മുഖ്യകാര്‍മികനായി ബൃഹസ്പതി വരണമെന്നു ക്ഷണിച്ചു. പക്ഷേ, അദ്ദേഹം ക്ഷണം നിരസിച്ചു. വീണ്ടും വീണ്ടും രാജാവ് അഭ്യര്‍ഥിച്ചെങ്കിലും മഹര്‍ഷി വഴങ്ങിയില്ല.
നിരാശനായി രാജാവ് ആശ്രമത്തിന്റെ പടിയിറങ്ങി. വല്ലാത്ത അപമാനഭാരവും മനോവിഷമവും തോന്നി. കൊട്ടാരത്തിലേക്കുള്ള മടക്കയാത്രയ്ക്കിടെ നാരദമുനി രാജാവിനെ കണ്ടു. അദ്ദേഹത്തിന്റെ ദുഃഖകാരണം മനസിലാക്കിയ നാരദന്‍ ചെറുപുഞ്ചിരിയോടെ ആശ്വസിപ്പിച്ചു.
‘ബൃഹസ്പതി യാഗകാര്‍മികനാവാന്‍ വന്നില്ലെങ്കിലെന്ത്? അപാര തപശ്ശക്തിയുള്ള വേറെ മഹര്‍ഷിയെ കിട്ടും. ബൃഹസ്പതിയുടെ അനുജന്‍ അതിശക്തനായ മഹര്‍ഷിയാണ്. പേര് സംവര്‍ത്തന്‍. അദ്ദേഹം ഇപ്പോള്‍ കാശിയിലുണ്ടാകും. കണ്ടാല്‍ ഭ്രാന്തനാണെന്നേ തോന്നൂ. അദ്ദേഹത്തെക്കൊണ്ട് യാഗം നടത്തിക്കുക’ നാരദന്റെ ഉപദേശം രാജാവിന് പുതുജീവന്‍ നല്കി.
തപശ്ശക്തിയുടെ കാര്യത്തില്‍ ബൃഹസ്പതിയും അനുജന്‍ സംവര്‍ത്തനും സമന്മാരാണ്. ആരാണ് കൂടുതല്‍ മിടുക്കനെന്ന് ഇരുവരും തമ്മില്‍ ചെറുപ്പം മുതലേ മത്സരമായിരുന്നു. ഒടുവില്‍ ദേവന്മാരുടെ മഹര്‍ഷിപദം കിട്ടിയ ബൃഹസ്പതി അനുജന്റെ യശസു വര്‍ധിക്കാതിരിക്കാനും തപശ്ശക്തി കുറയ്ക്കാനും ദേവന്മാരുടെ സഹായത്തോടെ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ജ്യേഷ്ഠന്റെ ശല്യം സഹിക്കാനാകാതെയാണ് അദ്ദേഹം കാശിയിലും മറ്റുമുള്ള വനത്തില്‍ ഭ്രാന്തനെപ്പോലെ അലയുന്നത്.
നാരദന്റെ ഉപദേശമനുസരിച്ച് മരുത്തന്‍ കാശിയിലേക്കു വിട്ടു. വനത്തില്‍ ഏറെ അലഞ്ഞു നടന്നു. ഒടുവില്‍ ഭ്രാന്ത നേപ്പോലെ ഒരാളെ കണ്ടെത്തി. ഒരു ശങ്കയുമില്ലാതെ രാജാവ് അയാള്‍ക്കുമുന്നില്‍ കൈകൂപ്പി തൊഴുതുനിന്നു. അയാളാകട്ടേ, ആക്രോശിച്ചുകൊണ്ട് രാജാവിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പുകയാണു ചെയ്തത്. മുഖത്ത് അനുഗ്രഹ വര്‍ഷമുണ്ടായാലെന്ന പോലെ അപ്പോഴും രാജാവ് തൊഴുകൈയോടെ നിന്നു.
‘സംപൂജ്യനായ സംവര്‍ത്തന്‍ മഹര്‍ഷേ, ഞാന്‍ ഒരു രാജാവാണ്. പേര് മരുത്തന്‍. എന്റെ യാഗത്തിനു മുഖ്യ കാര്‍മികനായി അങ്ങു വരണം.’
‘എന്നേക്കാള്‍ യോഗ്യന്‍ എന്റെ ജ്യേഷ്ഠനായ ബൃഹസ്പതിയാണ്. അദ്ദേഹത്തെ വിളിക്കുകയാണു നല്ലത്. അതല്ല, ഞാന്‍ തന്നെയാണു വരേണ്ടതെങ്കില്‍ അദ്ദേഹത്തിന്റെ അനുമതി വേണം’ സംവര്‍ത്തന്‍ പറഞ്ഞു.
രാജാവ് എല്ലാകാര്യങ്ങളും തുറന്നു. പറഞ്ഞു. യാഗം മുടക്കാന്‍ ദേവന്ദ്രനും ബൃഹസ്പതിയും ശ്രമിക്കുന്നുവെന്നും വെളിപ്പെടുത്തി.
‘ഞാന്‍ യാഗം നടത്തിത്തരാം. പക്ഷേ, ഒരു ഉപാധിയുണ്ട്. ദേവേന്ദ്രന്‍ യാഗം മുടക്കാന്‍ പല പ്രലോഭനങ്ങളും ഭീഷണികളും പ്രയോഗിക്കും. അതിനൊന്നും വഴങ്ങരുത്. എന്നോടൊപ്പം ഉറച്ചുനില്‍ക്കണം. ഞാന്‍ പറയുന്നത് അക്ഷരംപ്രതി അനുസരിച്ചില്ലെങ്കില്‍ നിന്റെ തല പൊട്ടിച്ചിതറും. എന്താ സമ്മതമാണോ?’ സംവര്‍ത്തന്‍ മുഴങ്ങുന്ന ശബ്ദത്തോടെ ചോദിച്ചു.
രാജാവ് സമ്മതിച്ചു. യാഗം നടത്താനുള്ള പണവും സ്വര്‍ണവും മറ്റു സഹായങ്ങളും ലഭ്യമാക്കാന്‍ ശിവനെ തപസു
ചെയ്യണമെന്നായി സംവര്‍ത്തന്റെ അടുത്ത നിര്‍ദേശം. അതനുസരിച്ചു രാജാവ് തപസുചെയ്ത് ശിവനെ പ്രസാദിപ്പിച്ചു യാഗം തുടങ്ങാന്‍ സംവര്‍ത്തനും മരുത്തനും സ്വന്തം രാജ്യത്തിലേക്കു മടങ്ങി.
താന്‍ ഇറക്കിവിട്ട മരുത്തന്‍ രാജാവിന്റെ യാഗകാര്‍മികനായി തന്റെ അനുജനും ശത്രുവുമായ സംവര്‍ത്തന്‍ വരു ന്നുണ്ടെന്നറിഞ്ഞ് ബൃഹസ്പതി കോപംകൊണ്ടു ജ്വലിച്ചു. യാഗം നടന്നാല്‍ മരുത്തന്റെയും സംവര്‍ത്തന്റെയും പ്രതാപം വര്‍ധിക്കും. അസൂയയും കോപവും അസ്വസ്ഥതയുംമൂലം ബൃഹസ്പതി ഭ്രാന്തനേപ്പോലെയായി.
ദേവേന്ദ്രനും ഗൗരവം മനസിലാക്കി. യാഗം കുളംതോണ്ടിക്കണം. അതിനെന്താണു വഴി? നല്ലൊരു ഉപായം. യാഗം നടത്താന്‍ ബൃഹസ്പതിയെ അയക്കാമെന്ന് സമ്മതിക്കുക. ബൃഹസ്പതി വരുന്നുണ്ടെന്നറിഞ്ഞാല്‍ സംവര്‍ത്തന്‍ മരുത്തനോടു
കോപിക്കും. സംവര്‍ത്തന്‍തന്നെ അലങ്കോലമാക്കിക്കൊള്ളും.
ദേവേന്ദ്രന്‍ അഗ്‌നിദേവനെ വിളിച്ച് മരുത്തന്‍ രാജാവിന് ഒരു സന്ദേശം നല്കാന്‍ നിര്‍ദേശിച്ചു. ദേവേന്ദ്രന്റെ ദൂതനായി അഗ്‌നിദേവന്‍ മരുത്തന്റെ മുന്നിലെത്തി. ‘യാഗകാര്‍മികനാകാന്‍ ബൃഹസ്പതിയെ അയക്കുന്നു’ വെന്നായിരുന്നു ദേവേന്ദ്രന്റെ സന്ദേശം. ‘ദേവേന്ദ്രന്റെ സ്നേഹപൂര്‍വമുള്ള ഈ സഹായവാഗ്ദാനം ഞാന്‍ നന്ദിപൂര്‍വം നിരസിക്കുകയാണ്’ മരുത്തന്റെ മറുപടി ഇങ്ങനെയായിരുന്നു. സംവര്‍ത്തനുമായി വഴക്കുണ്ടാക്കി യാഗം മുടക്കാനുള്ള തന്ത്രമാണു ദേവേന്ദ്രന്‍ പയറ്റുന്നതെന്ന് മരുത്തനു ബോധ്യമായിരുന്നു.
അടവു ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അഗ്നി പ്രലോഭനങ്ങള്‍ നിരത്തി. ‘ബൃഹസ്പതി യാഗം നടത്തിയാല്‍ ദേവലോകംപോലും അങ്ങയുടെ അധീനതയിലാകും’ അഗ്നിയുടെ മനംമയക്കുന്ന വാക്കുകേട്ട് സംവര്‍ത്തന്‍ അവിടെയെത്തി. ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹം അഗ്നിക്കുനേരെ ചീറിയടുത്തു.
”ഇറങ്ങിപ്പോടോ. ഇക്കാര്യം പറഞ്ഞ് മേലില്‍ ഇങ്ങോട്ടു കടക്കരുത്.’ മഹര്‍ഷിയുടെ ഗര്‍ജനം കേട്ടപാടേ അഗ്നി ദേവലോകത്തേക്കുതന്നെ പറപറന്നു.
അഗ്നിയെ സംവര്‍ത്തന്‍ വിരട്ടിയോടിച്ചതും തന്റെ സഹായവാഗ്ദാനം മരുത്തന്‍ പരിഹാസപൂര്‍വം നിരസിച്ചതും അറിഞ്ഞ് ദേവേന്ദ്രനു കോപം അടക്കാനായില്ല. ഈ മനുഷ്യപ്പുഴുക്കളെ രണ്ടിനെയും ശരിപ്പെടുത്തിയിട്ടുതന്നെ കാര്യം. വജ്രായുധം പ്രയോഗിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്താന്‍ അഗ്നിയെ വീണ്ടും ദൂതനായി അയയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, അഗ്നി പേടിച്ചു പിന്മാറി. ഒടുവില്‍ ഒരു ഗന്ധര്‍വനെ അയച്ചു. ഭീഷണിസന്ദേശം കൈമാറിയപ്പോഴേ ദേവേന്ദ്രന്‍ ആകാശത്ത് കരിമുകിലുകളെ അണിനിരത്തി. ഭൂമിയില്‍ ഇരുട്ടുവ്യാപിച്ചു. പിന്നെ ശക്തമായ മിന്നലും ഇടിമുഴക്കവും. എല്ലാവരും ഭയന്നുവിറച്ചു.
പക്ഷേ, സംവര്‍ത്തന്‍ കൂസലില്ലാതെ നിന്നു. അദ്ദേഹം മനസ്സാന്നിധ്യത്തോടെ ഒരു മന്ത്രം പ്രയോഗിച്ചു. അതോടെ കാര്‍മേഘങ്ങള്‍ അപ്രത്യക്ഷമായി. മിന്നലും ഇടിനാദവും അടങ്ങി. ദേവേന്ദ്രന്റെ ശക്തി ക്ഷയിപ്പിക്കുന്ന അതിശക്തമായ മന്ത്രമായിരുന്നു സംവര്‍ത്തന്‍ ഉരുവിട്ടത്.
ശക്തനായ സംവര്‍ത്തനോട് ഏറ്റുമുട്ടുന്നത് വിവേകമാവില്ലെന്ന് ദേവേന്ദ്രനു ബോധ്യമായി. ചങ്ങാത്തമാണ് ഇപ്പോള്‍ നല്ലത്. ദേവേന്ദ്രന്‍ മറ്റു ദേവന്മാരുമൊന്നിച്ച് മരുത്തന്റെ യാഗത്തിനെത്തി. യാഗത്തിനുവേണ്ട അവസാന ഒരുക്കങ്ങള്‍ക്കായി അവരെല്ലാം യത്നിച്ചു. സംവര്‍ത്തന്‍ വിജയകരമായി യാഗംനടത്തി. അസുരന്മാരെപ്പോലെ യാഗംമുടക്കാന്‍ തുനിഞ്ഞ ദേവേന്ദ്രന്‍ അങ്ങനെ മുട്ടുമടക്കി സ്ഥലംവിട്ടു.