റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന മുനമ്പത്ത് ഇന്ന് ‘നന്ദി മോദി’ പരിപാടി നടക്കും. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പത്തുകാരെ കുടിയിറക്ക് ഭീഷണിയിൽ നിന്ന് സംരക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് എൻഡിഎയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി കിരൺ റിജുജു ഉദ്ഘാടനം ചെയ്യും.

 

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം.ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പിക്നിക്ക് സ്പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം ഉണ്ടായത്.

 

തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മുംബൈയിലുള്ള മന്ത്രി, സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങൾ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎം ശ്രീ പദ്ധതിയിൽ അംഗമാകണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിനോട് ഇനിയും യോജിക്കാതെ സിപിഐ. എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നതോടെ ഈയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. പിഎം ശ്രീയിൽ ചേരാത്തതിനാൽ സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന വാദമാണ് സിപിഐ മുന്നോട്ടുവെക്കുന്നത്.

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം എറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.

എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട്  സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

 

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്‍റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണിവരെ തുറന്ന് പ്രവർത്തിക്കും.

 

പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണo നേരിടുന്ന കെഎം എബ്രഹാമിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ജേക്കബ് തോമസിന്‍റെ മറുപടി.’കെഎം എബ്രഹാം കള്ളം പറയുന്നതിൽ വിദഗ്ധനെന്ന് ജേക്കബ് തോമസ് പറഞ്ഞു.തനിക്കെതിരെ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ് ഇക്കാര്യം മറച്ചു വെച്ചാണ് കെഎം എബ്രഹാം സംസാരിക്കുന്നത്.അഴിമതി ആരോപണങ്ങൾ തേച്ചു മാച്ചു കളയാനാണ് റിട്ടയർ ചെയ്ത ശേഷവും എബ്രഹാം അധികാരത്തിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിൻറെ ദേശീയ തലത്തിലെ വളർച്ചയ്ക്ക് പാർട്ടിയുടെ പ്രവർത്തന രീതികളിൽ അഴിച്ചു പണി അനിവാര്യമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. ആർഎസ്എസിന്‍റെ സ്വാധീനം കൂടുന്നത് ചെറുക്കാൻ പാർട്ടി പുതുവഴികൾ തേടേണ്ടതുണ്ടെന്നും എംഎ ബേബി പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുന്‍ രാജ്യസഭാ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ്‌ ഷമൽ (25) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിനും അപകടത്തിൽ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് ഭൂമി തരമാറ്റത്തിന് ഈടാക്കുന്ന ഫീസ് വ്യാപകമായി വകമാറ്റുന്നു. തണ്ണീർത്തട നിയമ പ്രകാരം തരംമാറ്റത്തിലൂടെ ഫീസ് ആയി കിട്ടുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടം നിലനിൽക്കെയാണ് സർക്കാർ പൊതുഫണ്ടിലേക്ക് തുക മാറ്റിയത്. കോടി കണക്കിന് രൂപ തരം മാറ്റത്തിലൂടെ കിട്ടിയിട്ടും കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ളത് ഒരു രൂപ മാത്രമാണെന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.

 

അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം. അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. കെട്ടിടം അടക്കമുള്ള വിഷയങ്ങളില്‍ അപ്പീലുമായി പോകാനാണ് കെ.എം എബ്രഹാമിന്‍റെ നീക്കം.

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.

 

ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. കേസിൽ നാല് പേർ അറസ്റ്റിലായി.

കൊല്ലത്തെ വാടക വീട്ടിൽ ഹൈക്കോടതി അഭിഭാഷകൻ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടർ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും.

വനം വകുപ്പിനെതിരെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കേരളത്തിൽ ഫോറസ്റ്റ് രാജാണെന്നും വന്യമൃഗങ്ങളേക്കാൾ ഭീകരജീവികളായി വനം വകുപ്പ് ജീവനക്കാർ മാറിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. തൊമ്മൻകുത്തിലെ കുരിശ് മാറ്റിയത് മുന്നറിയിപ്പില്ലാതെ ആണെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. തൊമ്മൻകുത്തിലെ കുരിശ് മാറ്റിയത് വിശ്വാസത്തെ അവഹേളിക്കുന്നതാണിതെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

 

സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ ആവർത്തനമാണിത്.

 

സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചില്ലെന്ന് പൊലീസ്. പിടിയിലായത് മാനസിക പ്രശ്നമുള്ളയാളെന്നും സംശയമുണ്ട്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്.

 

മെഹുൽ ചോക്സിയുടെ സ്വത്ത് കണ്ടു കെട്ടാൻ ഇഡിയുടെ ഊർജിത നീക്കം. പത്തു രാജ്യങ്ങൾക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നൽകി. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ചോക്സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികൾക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും.

 

വഖഫ് സ്വത്തുക്കള്‍ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്ലിം യുവാക്കള്‍ക്ക് പഞ്ചറുകള്‍ നന്നാക്കി ഉപജീവനം നടത്തേണ്ടി വരില്ലായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാക്കളുടെ രൂക്ഷവിമര്‍ശനം.കഴിഞ്ഞ ദിവസം ഹരിയാണയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

 

റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്.

 

ഛത്തീസ്ഗഢിലെ റായ്പൂരിൽ സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം. ദിവ്യാൻഷ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഒരുമിച്ച് കുഴിയിൽ വീണിരുന്നെങ്കിലും രണ്ട് പേരെ രക്ഷിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *