Untitled design 20250128 140330 0000

വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയ്യെടുത്ത് എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ വഴി ആലോചിക്കും. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടും. വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലുള്ള 529.50 കോടിയുടെ വായ്പ മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്.

 

 

 

 

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നിൽ കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തതെന്നും തന്ന വായ്പക്ക് മുകളിൽ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകൾ പേടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും കെ രാജൻ ആരോപിച്ചു.

 

 

 

 

വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പയായാണ് അനുവദിച്ചതെങ്കിലും ഇത് ഗ്രാന്‍റിന് തുല്യമാണെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ. 50 വർഷത്തിനുശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് പിണറായി ഇപ്പോൾ ബേജാറാകേണ്ടെന്നും ലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യുമെന്നും എന്നാൽ, അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞുതീര്‍ക്കട്ടെയെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ളത് അവരുടെ ആഭ്യന്തര പ്രശ്നമാണ് സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമകളെ ഓടുവെന്ന കാലം മാറി മികച്ച സിനിമയാണെങ്കിൽ ഓടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്ന് ലാഭം ഉള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും സിനിമ ഇറക്കുന്നതെന്നും അടുത്ത നിയമസഭയിൽ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

മൂന്നാറിൽ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്ന ടാക്സികൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടാർ വാഹന വകുപ്പ്. നാല് ദിവസത്തിനകം നടത്തിയ പരിശോധനയിൽ ഇതുവരെ ഏഴര ലക്ഷം രൂപയിലേറെയാണ് നിയമ ലംഘകർക്ക് പിഴ ചുമത്തിയത്. വിനോദ സഞ്ചാരികൾക്കായി മൂന്നാറിൽ സർവ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ഡബിൾ ഡക്കർ ബസിനെതിരെ ടാക്സി ഡ്രൈവർമാ‍ർ നടത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു കർശന പരിശോധനക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകിയത്.

 

 

 

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ നിയമ നടപടിയുമായി മുന്നോട്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനകൾ എങ്ങനെ വിരണ്ടു എന്നതിലെ അവ്യക്തത വിശദാന്വേഷണത്തിൽ തെളിയുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പുകൾ ഒരാഴ്ചത്തേക്ക് വിലക്കി.

 

 

 

 

ദേശീയ ഗെയിംസിൽ കേരളം ഇതിലും മോശം പ്രകടനം നടത്തിയിട്ടുണ്ടെന്നും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകൾക്കാണെന്നും വിമർശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്‍റാണെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ. ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാർ വിമർശിച്ചിരുന്നു. സ്വന്തം ജോലി ആത്മാർഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓർക്കണമെന്നും കളരിയെ ഇത്തവണ ഒഴിവാക്കിയതിന് പിന്നിൽ ഒളിമ്പിക്സിന്‍റെ കേരളത്തിൽ നിന്നുള്ള ദേശീയ പ്രസിഡന്‍റും സംസ്ഥാന പ്രഡിഡന്‍റും അടങ്ങിയ കറക്കു കമ്പനിയാണെന്നും മന്ത്രി ആരോപിച്ചു.

 

 

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ എംപി. ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാനായെന്നും തരൂർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ തെറ്റില്ലെന്നും എന്നാൽ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂർ വ്യക്തമാക്കി.

 

 

 

 

കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് ശശിതരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്‍റെ ലേഖനം.

 

 

 

ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്റെ അഭിപ്രായമല്ലെന്ന് കെ. മുരളീധരൻ. കേരളത്തിലെ കോൺഗ്രസുകാർ ഒരുകാരണവശാലും ഇടതുപക്ഷ മുന്നണിയുടെ ഒരു നയങ്ങളെയും അംഗീകരിക്കില്ല, അംഗീകരിക്കാൻ സാധ്യമല്ല. സർക്കാറിനെതിരായ ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

പൊതു ജനപങ്കാളിത്തോടെ രാജ്യത്തെ സമുദ്ര തീരദേശ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി, കേരള വനം വന്യജീവി വകുപ്പ്, ഇക്കോളജിൽ റസ്റ്റോറേഷൻ അലയൻസ് എന്നിവരുമായി ചേർന്ന് വൈൽഡ് ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യ എസ്ബിഐ ഫൗണ്ടേഷന്റെ പിന്തുണയോടെ ദേശീയ സമുദ്ര തീരദേശ ആവാസവ്യവസ്ഥ പുനരുജ്ജീവന സിംപോസിയം സംഘടിപ്പിച്ചു. തീരദേശ ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനം തീരദേശത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഉപജീവനത്തിനും സമ്പദ് വ്യവസ്ഥക്കും നിർണായകമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

 

 

 

സിനിമ മേഖലയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

 

 

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24 ന് കൊച്ചിയില്‍ സംഘടനയുടെ യോഗം ചേരുമെന്ന് അറിയിച്ചു.

 

 

 

കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും. ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി.

 

 

 

പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറിന്റെ വാദം പൊളിച്ച് നിർണായക രേഖകൾ. കെ എൻ ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് എൻജിഒ കോൺഫെഡറേഷൻ സ്ഥാപക അംഗങ്ങളെന്ന് രേഖകളിൽ നിന്നും വ്യക്തമാകുന്നു. അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ടെന്നും രേഖകളിൽ പറയുന്നു.

 

 

 

 

മലപ്പുറം പുത്തനങ്ങാടിയിൽ അമ്മയുടെ തോളിൽ കിടന്ന കുഞ്ഞ് അടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

 

കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ ആർ എൽ വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

 

 

 

മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.

 

 

 

ചേന്ദമംഗലം കൂട്ടക്കൊലപാതകം മുന്‍ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ടെന്നും കൊലപാതകത്തിന് ശേഷം പക തീര്‍ത്തു എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുമുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

 

 

 

നെയ്യാറ്റിൻകര ഗോപന്‍റെ പോസ്റ്റ്‍‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. വിശദമായ റിപ്പോര്‍ട്ടിനൊടുവിൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

 

 

 

ഛത്തീസ്ഗഡിൽ നിന്ന് കുംഭമേളയ്ക്ക് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് പത്തു മരണം. അപകടത്തിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർത്ഥാടകരുമായി എത്തിയ കാർ ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.

 

 

 

തമിഴ്നാട് മയിലാടുതുറ മുട്ടത്ത് അനധികൃത മദ്യവിൽപ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് പിടികൂടി.

 

 

 

 

 

അരവിന്ദ് കെജ്രിവാളിന്‍റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

 

ട്രംപ് ഭരണകൂടം പുനർനാമകരണം ചെയ്‌ത ഗൾഫ് ഓഫ് അമേരിക്കയെ, ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തുടർന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏർപ്പെടുത്തി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രതിദിന വാർത്ത സമ്മേളനത്തിൽ നിന്നും പ്രസിഡന്‍റിന്‍റെ എയർ ഫോഴ്സ് വൺ വിമാനത്തിൽ നിന്നുമാണ് എപിയുടെ മാധ്യമ പ്രവർത്തകരെ അനിശ്ചിത കാലത്തേക്ക് വിലക്കിയത് .

 

 

 

 

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകീട്ട് 7.30ന് വഡോദരയിലാണ് മത്സരം. വനിതാ പ്രീമിയർ ലീഗ് മൂന്നാം സീസണിൽ ജയത്തുടക്കം കൊതിച്ചാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇറങ്ങുന്നത്. രണ്ടാം കിരീടമാണ് ഹർമൻ പ്രീത് കൗറിന്‍റെ മുംബൈ ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും ഫൈനലിൽ കണ്ണീരണിഞ്ഞ ഡൽഹിയുടെ ലക്ഷ്യം കന്നി കിരീടമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *