തിരുവനന്തപുരo ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.
ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിയെ കണ്ടെത്താനായി മനുഷ്യസാധ്യമായ എല്ലാ നടപടികളുമെടുത്തെങ്കിലും അതിന് സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നുo, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെ. സുധാകരന്‍.മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്.ജീവന്‍ പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സുത്യര്‍ഹമായ സേവനം നടത്തിയ ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ അറിയിച്ചു.
പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പിഎസ്‍സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. പഴുതുകൾ അടച്ചുള്ള വിവരങ്ങളുമായി പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. പിഎസ്‍സി റാങ്ക്ലിസ്റ്റിൽ ഉള്ള ഭാര്യക്ക് കോഴിക്കോട് നിയമനം നൽകാൻ വേണ്ടി ശ്രീജിത്ത് വിളിച്ചിരുന്നു. പി എസ് സി നിയമനവുമായി ബന്ധപ്പെട്ടല്ല ശ്രീജിത്തുമായി സ്ഥല ഇടപാടിന് ശ്രമിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയിലായ പാർട്ടി സഖാവിന്റെ സ്ഥലം വാങ്ങി സഹായിക്കാൻ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രമോദ് പറഞ്ഞു.
കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാൻ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പൻവേലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി.
കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ എജ്യൂപോർട്ട് തൃശ്ശൂർ ക്യാംപസ്പ്രവർത്തനം ആരംഭിച്ചു. എംപി കെ രാധാകൃഷ്ണൻ ക്യാംപസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എജ്യൂപോർട്ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ അജാസ് മുഹമ്മദ് ജാൻഷർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.മന്ത്രി വീണ ജോർജ്ജിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ . വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
പയ്യന്നൂരില്‍ കനത്ത മഴയ്ക്കിടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ടങ്കാളിയിലെ തങ്കമ്മയുടെ വീടിന്റെ മേല്‍ക്കൂരയാണ്തകര്‍ന്നത്. തങ്കമ്മയും രണ്ട് മക്കളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും പരിക്കില്ല.
കനത്ത മഴയിൽ മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് ഇത്തവണ 160 സിനിമകൾ മത്സരത്തിന് . ഇത്രയും സിനിമകളെത്തുന്നത് മലയാള സിനിമാ അവാർഡിന്റെ ചരിത്രത്തിൽ ആദ്യം. ചിത്രങ്ങൾ അന്തിമജൂറി വിലയിരുത്തി പുരസ്കാരം പ്രഖ്യാപിക്കും.
കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി . പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്. ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എൽഡിഎഫിനൊപ്പം യുഡിഎഫിനും എഴംഗങ്ങളുടെ വോട്ട് ലഭിച്ചു.
താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹല താമരശ്ശേരി പോലീസിൽ പരാതി നൽകി. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ താമരശ്ശേരി പൊലീസിനെതിരെ പരാതിയുമായി കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിയ അനുഭവം വിവരിച്ച് രവീന്ദ്രൻ. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രൻ വ്യക്തമാക്കി. ലിഫ്റ്റിനുള്ളിലെ ഫോണിൽ വിളിച്ചു നോക്കിയിട്ടും ആരും സഹായത്തിനെത്തിയില്ല. അലാം പലവട്ടം അടിച്ചിട്ടും ആരുമെത്തിയില്ല എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നിര്‍ദേശം നല്‍കിയത്. കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസമാണ് രോഗി കുടുങ്ങിക്കിടന്നത്.ലിഫ്റ്റ് പെട്ടെന്ന് ഇടിച്ച് നിൽക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ച് നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രൻ പറഞ്ഞു.
ടിപി കേസിൽ ഹൈക്കോടതി വിധിക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട് . ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി. സംഭവത്തില്‍ നാല് കുട്ടികൾ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു. മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടിയത്. കേസിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭർത്താവ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
യുനസ്കോ പൈതൃക പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശിലെ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്. 650 ദശലക്ഷം വര്‍ഷം പഴക്കമുളള ഫോസിലുകളാണ് സോൻഭദ്ര ജില്ലയിലെ ഫോസില്‍ പാര്‍ക്കിലുളളത്. 2026ല്‍ യുനസ്കോ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്കിന് പൈതൃക പദവി നല്‍കിയേക്കും.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻസർക്കാറിനോട് ബസ് ചാർജ് 20 ശതമാനം വരെ വർധിപ്പിക്കണമെന്ന് നിർദേശിച്ചു. കർണാടകയിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായത്. നഷ്ടം നികത്താനും വകുപ്പ് കൃത്യമായി നടത്തിക്കൊണ്ടുപോകാനും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്ന് കെഎസ്ആർടിസി ചെയർമാൻ എസ്ആർ ശ്രീനിവാസ് വ്യക്തമാക്കി.
ഈ വർഷത്തെ സിയുഇടി യുജി ഫലം ജൂലൈ 22നുള്ളിൽ പ്രസിദ്ധീകരിക്കുo. അതിനിടെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ജൂലൈ 19ന് വീണ്ടും പരീക്ഷ നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കൺവെൻഷൻ സെന്ററിൽ നുഴഞ്ഞുകയറിയ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ഇരുവർക്കുമെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.
അമിത ആത്മവിശാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. ലക്നൗവിൽ ചേർന്ന വിശാല നേതൃയോഗത്തിലാണ് യോഗിയുടെ പരാമർശം. പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയില് ഭിന്നിപ്പുണ്ടാക്കി. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും യോഗി പറഞ്ഞു.
കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിനോട് 50 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച് സുപ്രിംകോടതി. യന്ത്ര തകരാറുള്ള കാർ വിറ്റതിനാണ് നടപടി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം അന്തിമ സെറ്റിൽമെന്‍റ് എന്ന നിലയിൽ 50 ലക്ഷം രൂപ പരാതിക്കാരന് ബിഎംഡബ്ല്യു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകണമെന്നാണ് ഉത്തരവ്.
ഒരു ഗോളിന് കൊളംബിയയയെ കീഴടക്കി മെസ്സിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. കൊളംബിയ കണ്ണീരോടെ മടങ്ങി.ലൗട്ടാറോയുടെ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. നേരത്തേ മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.എക്‌സ്ട്രാ ടൈമിന്റെ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു.