Untitled design 20240521 135515 0000

മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും, നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തിക്കെട്ടി കാണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതില്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

 

 

 

തദ്ദേശ വാർഡ് പുനർനിർണയ ബില്ല് പാസാക്കിയ രീതി മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ വിമര്‍ശിച്ചു. ബില്ലിൽ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതരമായ ചട്ടലംഘനമെന്ന് മുസ്ലിം ലീഗും വിമര്‍ശിച്ചു. എന്നാൽ 2020 ൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായം കേട്ട് പാസാക്കിയ ബില്ലാണെന്നും അപ്പോൾ എതിര്‍ത്തിരുന്നെങ്കിൽ സര്‍ക്കാര്‍ ബിൽ പാസാക്കില്ലായിരുന്നുവെന്നും മന്ത്രി എംബി രാജേഷ് മറുപടി പറഞ്ഞു.

 

 

 

മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റിന്‍റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല. സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. എട്ട് വർഷം കൊണ്ട് 1000 ബാർ അനുവദിച്ച സർക്കാർ ഒരു പുതിയ പ്ലസ് വൺ സീറ്റ് പോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

 

 

 

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് പ്രതിസന്ധി ഇല്ലെന്ന് മന്ത്രി വി ശിവൻ കുട്ടി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. എന്നാൽ അണ്‍ എയ്ഡഡ് സീറ്റുകളും, വിഎച്ച്എസ് സി, പോളി ടെക്നിക് സീറ്റുകൾ അടക്കം ചേർത്താണ് സീറ്റ് ഉണ്ടെന്ന വാദം മന്ത്രി ഉയർത്തുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന എന്‍.ഷംസുദ്ദീന്‍ എംഎൽഎ ആരോപിച്ചു.

 

 

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നത് പോലെയാണ് സംഭവിച്ചതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി. അതിന്‍റെ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്. അക്രമത്തിൻ്റെയും ബോംബിൻ്റെയും സംസ്കാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ താൻ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവൻ. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റിടത്തേക്കെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കിൽ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. ഒരു എംപി പോലും ബിജെപിക്ക് മുസ്ലീം ജനവിഭാഗത്തില്‍ നിന്നില്ല.മുസ്ലീം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി അധികാരത്തിലേറിയത്. നുഴഞ്ഞു കയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍, കെട്ടുതാലിവരെ പിടിച്ചെടുക്കും തുടങ്ങിയ വേദനിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് മോദി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

ജോസ് കെ മാണിക്കെതിരെ പാലാ നഗരസഭ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടം. ജോസ് കെ മാണി ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണ്. ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.

 

 

കണ്ണൂർ പാനൂരിൽ പി കെ കുഞ്ഞനന്ദൻ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കവെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണം, ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജൻ പറഞ്ഞു.

 

 

സംസ്ഥാനത്ത് പന്ത്രണ്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

 

 

നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം 8ന് ഹർജി വീണ്ടും പരിഗണിക്കും.

 

 

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മകൾ മൊഴിമാറ്റിയതിന് പിന്നിൽ മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്ന് യുവതിയുടെ അച്ഛൻ. മകൾ മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്, മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. മകൾ അവരുടെ കസ്റ്റഡിയിലാണ്. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണെന്നും അച്ഛൻ പ്രതികരിച്ചു.

 

 

ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കോഴ ആരോപണം ഉയർന്ന ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് അർജുൻ രാധാകൃഷ്ണൻ എന്നാണ് ക്രൈംബ്രാഞ്ചിൻറെ വാദം. ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷിൻറെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണന് നോട്ടീസ് അയച്ചത്.

 

 

ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ച് ക്ലാരിഫിക്കേഷൻ ചോദിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്നും, ആദ്യം ശബ്ദ രേഖയിൽ പറയുന്ന കാര്യം പരിശോധിക്കട്ടെയെന്നും അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.

 

 

 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു. ഇന്ന് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

 

 

കൂത്താട്ടുകുളം ടൗൺ കത്തോലിക്കപള്ളിയിൽ ഭണ്ഡാരം തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൂത്താട്ടുകുളം ദേവമാതാകുന്ന് അംബേദ്‌കർ കോളനിയിൽ തറവട്ടത്തിൽ എമിൽ ടി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം മറിച്ചിട്ടാണ് യുവാവ് മോഷണത്തിന് ശ്രമിച്ചത്.

 

 

കണ്ണൂർ നടാൽ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകൾ മർവ ഹാഷിമാണ് മരിച്ചത്. സൗത്ത് സിഡ്നിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. ബന്ധുക്കൾക്കൊപ്പം കടപ്പുറത്ത് എത്തിയ മർവ തിരയിൽപ്പെടുകയായിരുന്നു.

 

അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിൽ പനച്ചിക്കൽ സ്വദേശി ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

 

ഇടുക്കി മാങ്കുളം അമ്പതാം മൈലില്‍ വയോധികനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു. മാങ്കുളം അമ്പതാം മൈല്‍ പാറേക്കുടി തങ്കച്ചന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

 

എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഒ മധു (48) ആണ് മരിച്ചത്. നാലു മാസമായി മെഡിക്കൽ ലീവിലായിരുന്ന മധു. 3മാസമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കുടുംബപ്രശ്ങ്ങളാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

പുതുച്ചേരിയിൽ മാൻ ഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മാൻഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയതെന്നാണ് സൂചന.

 

 

ഹജ്ജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലേക്ക് 13 ലക്ഷം തീർത്ഥാടകർ ഇതിനോടകം എത്തിയെന്ന് കണക്ക്. ഗാസയിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്ന് 1000 പേർ, സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും.

 

ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന

നീർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു.

 

 

 

യെമൻ തീരത്തോട് ചേർന്ന് ബോട്ട് തകർന്ന് 38ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കു കിഴക്കേ ആഫ്രിക്കയിലെ ഉപദ്വീപ് ആയ ഹോൺ ഓഫ് ആഫ്രിക്കയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. 250ഓളം പേരുമായി എത്തിയ ബോട്ടാണ് ശക്തമായ കാറ്റിൽ തകർന്നതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ വിശദമാക്കുന്നത്. ബോട്ടിലുണ്ടായിരുന്ന നൂറോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

 

 

ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ പ്രമേയത്തിൽ സ്വാഗതം ചെയ്തു. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ മാത്രം വിട്ടുനിന്നു. മധ്യഗാസയിലും കിഴക്കൻ റഫയിലും ഇസ്രയേൽ സൈന്യം ബോംബിങ്ങും ഷെല്ലാക്രമണവും ശക്തമായി തുടരുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനമെത്തുന്നത്.

 

 

ഓപ്പണ്‍ എഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചത്.

 

 

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ ഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു. വിമാനത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *