mid day hd 1

സോളാർ സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്. ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്, പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

 

മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്ന് ജോൺ ബ്രിട്ടാസ് എംപി. സമരം നിർത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് പറഞ്ഞു. തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റാണ് ജോൺ മുണ്ടക്കയം ഇപ്പോൾ പറയുന്നതെന്നും താൻ മാധ്യമ പ്രവർത്തകനായല്ല അതിൽപങ്കാളിയായതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

 

ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീ‍ർക്കാൻ ഒരു നി‍‍ർദ്ദേശം വന്നു. അതിനോട് സ‍ർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

 

സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്നും, കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാൽ സോളാർ കേസുമായി ബന്ധപ്പെട്ടു നടത്തിയ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളുവെന്നും അദ്ദേഹം പറഞ്ഞു.

 

ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ. ഇടതുപക്ഷം തൊഴിലാളി വർഗ്ഗത്തിനായി നിലകൊള്ളുമ്പോൾ അതിന് ഇണങ്ങാത്ത ജീവിതശൈലി നേതാക്കന്മാർ അനുവർത്തിക്കാൻ പാടില്ലെന്ന് അദ്ദേഹം ദില്ലിയിൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പറച്ചിലും പ്രവർത്തിയും തമ്മിൽ ബന്ധമില്ല എന്ന വ്യാഖ്യാനം ഇതിലൂടെയുണ്ടാകും. അത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും ഇടതുപക്ഷ പ്രസ്താവനകൾക്ക് ചില മൂല്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിലായി. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ് . ഇന്ന് വൈകിട്ട് 5 മണിക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് വീണ്ടും നോട്ടീസ് നൽകി. പ്രതി രാജ്യം വിട്ടത് പോലീസിന്റെ പിഴവ് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.

 

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. കെഎസ്ആര്‍ടിസി ഡ്രൈവർ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയർ പരാതിപ്പെട്ടിരുന്നു. ഈ കേസിലാണ് മേയറുടെ മൊഴി രേഖപ്പെടുത്തുന്നത്.

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവംമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുട്ടിയുടെ നാവിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞത് വിഷയം വിവാദമായ ശേഷം മാത്രമെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. നാവിന് കുഴപ്പമുണ്ടെങ്കിൽ മറ്റ് പരിശോധനകൾ നടത്താതെ എങ്ങനെ ശസ്ത്രക്രിയയിലേക്ക് കടക്കുമെന്നും അമ്മ ചോദിച്ചു.

 

അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ ക്ഷണിച്ചു. ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. 21-ാം തീയ്യതി വൈകുന്നേരം വരെയാണ് ടെണ്ടർ സമ‍ർപ്പിക്കാനുള്ള തീയ്യതി. കരാർ ലഭിച്ചാൽ 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണം.

 

മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിൻ്റെ ഭാര്യ അമൃത. നേരത്തെ ച‍ര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മെയിൽ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നൽകിയത്, സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകുമെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയിൽ നടപടി വേണമെന്നും അമൃത ആവശ്യപ്പെട്ടു.

 

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന്‍ വ്യക്തമാക്കി.

 

ലോകകേരള സഭ ഒരു ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെ നാലാം സമ്മേളനത്തിനായി സര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎല്‍എമാരുംസംസ്ഥാനത്തുനിന്നുള്ള എംപിമാരും ഉള്‍പ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.

 

കെ സുധാകരനെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ന് ഡൽഹിക്ക് പോകുന്ന കെ.സുധാകരനും മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി മുൻ സെക്രട്ടറി എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം.ഹസന്റെ നടപടി റദ്ദാക്കിയതാണ് പോര് മുറുകാൻ കാരണമായത്.

 

കവറിൽ അവകാശപ്പെടുന്ന അളവ് ബിസ്കറ്റിൽ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.

 

എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയായിരുന്നു എസ് എഫ് ഐ യുടെ പ്രതിഷേധം.

 

അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. നിയമപരമായ അളവില്‍ അല്ലാതെ കാണപ്പെട്ട 800 കിലോ മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.

 

കളമശ്ശേരിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിരോധ ബോധവൽക്കരണ നടപടികൾ നഗരസഭ ഊർജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

 

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ടി ജി നന്ദകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ശോഭ സുരേന്ദ്രനും, കെ സുധാകരനുമെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും കോടതി ഇടപെടണമെന്നും ടിജി നന്ദകുമാർ ആവശ്യപ്പെട്ടു.

 

ഗരുഡ പ്രീമിയം ബസ്സിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്നും ബസ് സർവ്വീസ് ലാഭകരമാണെന്നും കെഎസ്ആർടിസി. ബസ്സിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ചില മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്നും കണക്കുകൾ നിരത്തി കെഎസ്ആർടിസി വ്യക്തമാക്കി.

 

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന ഐ.ആര്‍.ഇയ്ക്കാണ് അനുമതി. തീരത്ത് നിന്നും കരിമണല്‍ നീക്കാന്‍ ഐ.ആര്‍.ഇ ഉപകരാര്‍ നല്‍കും. ഈ നീക്കം സ്വകാര്യ കരിമണല്‍ കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം.

 

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്.

 

തിരുവനന്തപുരം നഗരത്തിലെ മേട്ടുക്കട ജങ്ഷനിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ കടമുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

 

അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീലയാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

 

തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരനാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങൾ പ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും പ്രസാർ ഭാരതി അധികൃതർ വിശദീകരണം നൽകി.

 

അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ രാജ്യസഭാംഗം സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാർ കയ്യേറ്റം ചെയ്തെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. എന്നാൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ദില്ലി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തതിന് പിന്നാലെ സ്വാതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി കേജ്രിവാളിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടി.

 

കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

 

 

റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി ഇന്ത്യൻ എംബസി മുഖേന പണം കൈമാറും. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ധനം സ്വീകരിച്ചു മാപ്പ് നൽകാനുള്ള സമ്മതം ഗവർണറേറ്റിൽ അറിയിച്ചതായും സഹായസമിതി അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *