mid day hd

ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 15 നുള്ളില്‍ ഉണ്ടാകുമെന്ന് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. ഇതേതുടർന്ന് സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച നടത്തി. കശ്മീരിലെ സാഹചര്യവും കമ്മീഷന്‍ വിലയിരുത്തി.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി കോളേജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുമ്പിൽ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും, കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്നും, ഉടനെ ഇവര്‍ ആശുപത്രിയില്‍ പോകണമെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരാഹാരസമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ തൃപ്തിയുണ്ടെന്നും, സിബിഐ അന്വേഷണത്തില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും സിദ്ധാര്‍ത്ഥിന്‍റെ അച്ഛനും അമ്മാവനും വ്യക്തമാക്കി. എന്നാൽ സന്തോഷിക്കാനോ ആശ്വസിക്കാനോ തങ്ങള്‍ക്കാകില്ലെന്നും മകൻ നഷ്ടപ്പെട്ട വേദന തീരില്ല, ഇപ്പോഴും പൊലീസിന്‍റെ പ്രതിപ്പട്ടികയിലോ ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടിലെ ഉള്‍പ്പെടാത്ത പ്രതികളുണ്ട്, അവര്‍ക്കെല്ലാം എതിരെ നടപടിയുണ്ടാകണമെന്നും, അന്വേഷണം അട്ടിമറിക്കും എന്നത് ഉറപ്പായിരുന്നുവെന്നും അവർ പറഞ്ഞു.

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പൂക്കോട് സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയാണെന്ന് ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചുവെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചെന്നും പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്.

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി പ്രതികളുടെ ഫോണുകൾ വിശദമായി പരിശോധിക്കും. സിദ്ധാർത്ഥനെ മർദിക്കുന്ന ദൃശ്യം അല്ലെങ്കിൽ ചിത്രം എടുത്തിരുന്നോ എന്നാണ് നോക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഉടൻ പരിശോധന പൂർത്തിയാക്കും. മരണ ശേഷം പ്രതികൾ നടത്തിയ സന്ദേശ കൈമാറ്റവും നിർണായകമെന്നാണ് വിവരം.

പത്മജ വേണുഗോപാലിനെ ബി ജെ പിയിലേക്ക് എത്തിക്കാനായി ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ദില്ലിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്മജയെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ലോക്നാഥ് ബഹ്റയ്ക്ക് പങ്കുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞതിനോട് പരീകരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

ആര് ഇടനിലക്കാരനായി നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടില്ലായിരുന്നുവെന്ന് എം വി ജയരാജൻ. ആരെങ്കിലും പറ‌‍ഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകരുതായിരുന്നുവെന്നും ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ കെ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തൃശൂര്‍ ലോക്‌സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും കോണ്‍ഗ്രസിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരനെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എബ്രഹാമിന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും, രണ്ട് ആൺമക്കൾക്കും താൽക്കാലിക ജോലി നൽകാൻ സർക്കാർ തയ്യാറാണെന്നും, എന്നാൽ സ്ഥിര ജോലി നൽകുന്നതിന് നിയമപരമായി ഒരുപാട് സങ്കീർണതകൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനിഷ്യയുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയും ദേശീയ വിവരാവകാശ കൂട്ടായ്മയും ചേർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു. അനീഷ്യയ്ക്ക് മരണാനന്തരമെങ്കിലും നീതി വേണമെന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം അനീഷ്യയുടെ ആത്മഹത്യയിലെ അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി.

ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്ആർടിസി ക്ക് ലഭിച്ചിരിക്കുന്നത്. ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കി വൻ വിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളിൽക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കുമെന്നാണ് സൂചന.

തൃശൂരിലേക്ക് യാത്രതിരിക്കും മുമ്പ് സമസ്ത അധ്യക്ഷനെ കണ്ട് കെ.മുരളീധരന്‍. കൊണ്ടോട്ടിയിലെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നു മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങുമെന്നും നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിൻ കൊല്ലപ്പെട്ടത്. വടക്കൻ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി.

പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു കുത്തേറ്റു മരിച്ചു. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചുനക്കരയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.

യുഎഇയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ തുടങ്ങിയതോടെ അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. വിമാന യാത്രക്കാർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

2020 ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയൻ മാധ്യമമായ സിബിഎസ്. ഒൻപത് മാസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു.

ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച്പേർ മരിച്ചു. ഏത് രാജ്യം ആഹാര സാധാനങ്ങൾ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലെ ഇത് പതിക്കുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *