വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കി എന്നാൽ നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നല്കണമെന്ന് ശശി തരൂർ. ജനാധിപത്യത്തിലെ വിശ്വാസ്യത നിലനിര്‍ത്താൻ നടപടി അനിവാര്യമെന്നാണ് തരൂർ പ്രതികരിച്ചത്. അശ്രദ്ധയാണോ, കഴിവില്ലായ്മയാണോ, മനപൂർവ്വം കൃത്രിമം കാട്ടിയതാണോ എന്നത് പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ എട്ടു ദിവസം കഴിഞ്ഞും രാഷ്ട്രീയ പാർട്ടികൾക്ക് പരാതിയില്ല .വോട്ടർമാർ നേരിട്ട് നല്കിയത് 6257 പരാതികളാണ്. ആരെയെങ്കിലും ഒഴിവാക്കിയതായി ബൂത്തുതല ഏജൻറുമാർ ഇതുവരെ അറിയിച്ചില്ല. രാഹുൽ ഗാന്ധി എപ്പോഴത്തെയും പോലെ തെരഞ്ഞെടുപ്പിന് ശേഷമാകും പരാതി നല്കുകയെന്ന് തോന്നുന്നുവെന്ന് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു
ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും പി കെ ജബ്ബാർ. പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്, ആഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിൽ ഉള്ളത്. പുതുതായി കണ്ടെത്തിയ ഉപകരണത്തിന്റെ ഫോട്ടോ പഴയ ഫോട്ടോയുമായി മാച്ച് ചെയ്യുന്നില്ല. മാത്രമല്ല, മുറിയിലേക്ക് ഒരാൾ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഏത് ദിവസം ആണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണം കാണാതായ സംഭവത്തിൽ ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തോടൊപ്പം നില കൊള്ളുമെന്നും കെജിഎംസിടിഎ സംഘടന. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഒരു വ്യക്തതയില്ലെന്നും സ്വതന്ത്രമായ ഒരു അന്വേഷണമാണ് വേണ്ടതെന്നും കെജിഎംസിടിഎ പ്രസിഡന്റ് റോസ്നാര ബീഗം പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നുവെന്നും കേരളം ആദരിക്കുന്ന ഡോക്ടറെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ഡോക്ടർ ഹാരീസിന്‍റെ മേൽ ഒരു നുള്ളു മണ്ണ് വാരി ഇടാൻ പ്രതിപക്ഷം സമ്മതിക്കില്ലെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിൽ എന്ന മുന്നറിയിപ്പാണ് ഹാരിസ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി നടത്തിയ വാർത്താസമ്മേളനം തിരക്കഥയോ എന്ന് സംശയം. വാർത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിനൊരു ഫോൺ കോൾ വരുകയും പിന്നാലെ അദ്ദേഹം പരസ്യമായി പ്രിൻസിപ്പലിനോട് ആവശ്യപ്പെടുന്നുണ്ട്, സാറേ മുഴുവൻ റിപ്പോർട്ടും വായിക്കണം എന്ന്. സൂപ്രണ്ട് നിരവധി തവണ സർ എന്ന് വിളിക്കുന്നുണ്ട്.
പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടർ പട്ടികയിൽ കള്ളവോട്ടുകൾ ചേർക്കാനും ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി.പി.എം പ്രവർത്തന പരിപാടിയിലെ മുഖ്യ ഇനമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു .വർഷങ്ങളായി പലയിടത്തും സി.പി.എം ജയിക്കുന്നത് കള്ളവോട്ടുകൾ കൊണ്ടാണ് . വോട്ടർ പട്ടിക പുതുക്കുന്നതോടൊപ്പം അണികൾ വിവിധ പ്രദേശങ്ങളിൽ ഒന്നിലധികം വോട്ടു ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയക്കുന്ന ഇടത് സർക്കാർ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും തിരിമറി നടത്തി ജനവിധി അട്ടിമറിക്കാനാണ് അവരുടെ ശ്രമം. വോട്ടർ പട്ടികയിലെ ഗുരുതര ക്രമക്കേടുകൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഇതിനായി ‘ഹെൽപ് ബോക്സ്’ സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എംപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് കെ രാധാകൃഷ്ണൻ എം പി കേന്ദ്ര മന്ത്രിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എഞ്ചിനീയർമാർക്കായി നൽകി. പ്രത്യേക ഇൻസ്‌പെക്ഷൻ ടീമും ഓരോ ജില്ലകൾക്കായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 25-ന് മുൻപ് പരിശോധന നടത്തി ഈ ടീം റിപ്പോർട്ട് നൽകണം.
ഇന്ന് ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ആര്‍എസ്എസ് നേതാവ് സി സദാനന്ദൻ എംപി യുടെ കാലുവെട്ടിയ കേസില്‍ തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററിൽ ഇവർ കുറ്റക്കാരാണോ എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് ഉദ്ഘാടകൻ.
യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ ഗായകൻ ജി വേണുഗോപാല്‍. കേരളത്തിലെ ഏറ്റവും വലിയ കലാവിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസംശയം പറയാമെന്ന് വേണുഗോപാൽ പറയുന്നു. യേശുദാസ് നമ്മുടെ കേരളത്തിൻ്റെ ലോകോത്തര ഗായകനാണ്. അദ്ദേഹം മഹാത്മജിയോ കേളപ്പജിയോ അല്ല. യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണ്ണ സംഗീത കാലഘട്ടം പിറന്നുവീണതെന്നും അദ്ദേഹം പറയുന്നു.
നടൻ വിനായകൻ ഒരു പൊതുശല്യമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സർക്കാർ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോൺ സംബന്ധിച്ച കാര്യത്തിനായി വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമ്മയിലെ മെമ്മറി കാർഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ. മെമ്മറി കാർഡുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി തന്‍റെ പേര് വലിച്ചിഴയ്ക്കുന്നു, കടുത്ത സൈബർ ആക്രമണം നേരിടുന്നു എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി. പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങൾക്കെതിരെയാണ് പരാതി.
കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ചു. മയക്കം വിടാനുള്ള മരുന്നും നൽകി. മയക്കുവെടി വെച്ചതിനെ തുടർന്ന് 2 മണിക്കൂർ നേരമാണ് പിടി 5 ഉറങ്ങിയത്.
കേരളത്തിൻ്റെ തീരപ്രദേശത്ത് കടലില്‍ ചുവപ്പ് നിറം കാണപ്പെടുന്നതില്‍ ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്). കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് അറിയിച്ചു. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളിൽ കടലിന്‍റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കാണപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്നും പെട്ടെന്ന് തുറക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ച് ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ. അത്തരമൊരു ആലോചനയും ഇപ്പോഴില്ല. ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ല. നിലവറ തുറക്കൽ ആചാരപരമായ കാര്യമാണെന്ന് പറഞ്ഞ കരമന ജയൻ സംസ്ഥാന സർക്കാർ പ്രതിനിധി വിഷയം ഉന്നയിച്ചതിൽ പ്രതിഷേധമറിയിച്ചു.
ആലപ്പുഴ ചെന്നിത്തലയിൽ തെരുവ് നായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങിൽ ഷോബിൻ ഫിലിപ്പിന്റെ ഫാമിൽ സൂക്ഷിച്ചിരുന്ന അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാര്‍ ആൻഡ്രൂസ് താഴത്ത്. കുർബാനക്കും പള്ളിയുടെ ജൂബിലി യുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അവര്‍ പോയത് മത പരിവർത്തനം ആണ് അക്രമികൾ ആരോപിച്ചത് വെര്‍ബല്‍ അറ്റാക്ക് ആണ് നടന്നത് മലയാളി വൈദികനുമായി സംസാരിച്ചുവെന്നും ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രം അല്ല രാജ്യത്തിന്‍റെ ഭരണ ഘടന കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് ഇരയായ കന്യാസ്ത്രീ എലേസ ചെറിയാൻ. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിൾ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് അക്രമികൾ ആക്രോശിച്ചതായും കന്യാസ്ത്രി പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്.
ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ. ഇവരെ ഉത്തരകാശിയിൽ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഓഫീസാണ് കേന്ദ്ര മന്ത്രിയെ ഇക്കാര്യം അറിയിച്ചത്. ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികളെയും എയർ ലിഫ്റ്റ് ചെയ്തെന്നും ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചതായും മലയാളി സംഘത്തിൽപ്പെട്ടവരുടെ വ്യക്തമാക്കി.
കർണാടകയിലെ ചിക്കബല്ലാപൂരിൽ യുവാവിന്റെ ആത്മഹത്യയിൽ ബിജെപി എംപിക്കെതിരെ കേസ്. മുൻ മന്ത്രിയും ബിജെപി എംപിയുമായ കെ.സുധാകറിനും മറ്റ് രണ്ടു പേർക്കുമെതിരെയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന എം.ബാബു (30) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.
യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവച്ചതായി റിപ്പോർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ ഉൽപാദകർക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
താരിഫുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരമുണ്ടാകാതെ ഇന്ത്യയുമായി വ്യാപാര കരാറോ അതിന്മേൽ ചർച്ചകളോ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ചുമത്തിയ ശേഷവും ഇന്ത്യ വഴങ്ങുന്നില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒന്നിലധികം ഘട്ടങ്ങളിലൂടെയായിരിക്കും ഗാസ നഗരം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കുക. ഗാസ നഗരം ഒഴിപ്പിക്കലും സഹായ വിതരണം വിപുലീകരിക്കലും ഉൾപ്പെടുന്ന ആദ്യ ഘട്ട പ്രവർത്തനത്തിനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബലാത്സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാന്‍ എ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 24കാരനാ. ഹൈദര്‍ അലിയെ പാക് ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹൈദര്‍ അലിക്ക് എല്ലാതരത്തിലുള്ള നിയമസഹായവും നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഐഎസ്എല്‍ പ്രതിസന്ധിക്ക് പരിഹാരമായില്ല. ടൂർണമെന്‍റ് അനിശ്ചിതമായി വൈകിയേക്കും. പ്രശ്ന പരിഹാരത്തിനായി ഐഎസ്എലിന് മുമ്പ് സൂപ്പർ കപ്പ് നടത്താൻ ഇന്നലത്തെ യോഗത്തിൽ തീരുമാനമായി.ഇന്നലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ലീഗിലെ 13 ടീം ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് മത്സരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനമാകാതെ പിരിഞ്ഞത്.