ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു.
വിവാദ ഉത്തരവിന്റെ മറവിൽ മരം മുറിക്കാൻ പാസ് നൽകിയ കേസിൽ നാല് റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസെടുത്തു. അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ റേഞ്ച് ഓഫീസർമാർക്ക് എതിരെയാണ് കേസ്. 2020 ൽ ഇറങ്ങിയ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു മരംമുറി. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആറൻമുള വള്ളസദ്യ ദേവസ്വം ബോർഡ് വാണിജ്യവൽക്കരിക്കുന്നുവെന്ന് ആരോപണം. ദേവസ്വം ബോർഡിന്‍റെ ഇടപെടൽ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നൽകി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്. എന്നാൽ കൂടിയാലോചന നടന്നു എന്നും വള്ള സദ്യ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ബലി തർപ്പണ കേന്ദ്രങ്ങളിൽ പിതൃതർപ്പണത്തിനായി തിരക്ക്. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കുന്നുണ്ട്.
സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ഇതുവരെ മാത്രം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8 മരണവും റിപ്പോർട്ട് ചെയ്തു. മുമ്പൊന്നുമില്ലാത്ത രീതിയിൽ ഒന്നിലധികം പ്രൈമറി നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി ആരോഗ്യവകുപ്പ് കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.
താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന നിലപാട് ആവർത്തിച്ച് മോഹൻലാൽ. ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ളത്. കുഞ്ചാക്കോ ബോബനോ വിജയ രാഘവനോ ഇല്ലെങ്കിൽ മത്സരിക്കും എന്ന് ജഗദീഷ് അറിയിച്ചു. അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയുമുണ്ട്.
മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് നടൻ മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നുവെന്ന് നടൻ രവീന്ദ്രൻ. അതുകൊണ്ടാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. മോഹൻ ലാൽ മത്സര രംഗത്ത് ഉണ്ടെങ്കിൽ മറ്റാരും മത്സരിക്കാൻ നിൽക്കില്ല. ആരോപണ വിധേയർ മത്സരിക്കരുതെന്നും രവീന്ദ്രൻ പറഞ്ഞു.
സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷം എന്‍ പ്രശാന്ത് ഐഎഎസിനെതിരെ നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് സർക്കാർ അന്വേഷണം നടത്താനൊരുങ്ങുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്‍റിംഗ് ഓഫീസര്‍. കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിൽ പറയുന്നു.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. 16,76,650 രൂപയാണ് പെറ്റിതുകയിൽ തിരിമറി നടത്തി പൊലീസ് ഉദ്യോഗസ്ഥ തട്ടിയത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 മുതൽ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്.
കോഴിക്കോട് സെൻട്രൽ മാർക്കറ്റ് പൊളിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളതെന്ന് പിവി അന്‍വര്‍. അവിടെ ജോലി ചെയ്യുന്നവരുടെ തൊഴിൽ പരിപൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് മാർക്കറ്റ് പൊളിക്കുന്നതെന്ന ചോദ്യത്തിന് കോർപ്പറേഷന് മറുപടി ഇല്ല നഗരത്തിലെ ഏറ്റവും വില കൂടിയ പ്രദേശമെന്ന നിലക്ക് ഈ ഭൂമി അടിച്ചെടുക്കണം മാർക്കറ്റ് പൊളിച്ച് പേരിനൊരു മാർക്കറ്റ് സ്ഥാപിക്കണം ഒരാൾക്കും ഒന്നും അറിയില്ല എല്ലാം മൂടിവച്ച് ഒരു ഹൈടെക് മാർക്കറ്റ് പണിയുമെന്ന് പറയുന്നുവെന്നും അൻവർ പറഞ്ഞു.
മലപ്പുറം തിരുവാലിയിൽ ആധാർ അടക്കമുള്ള തപാൽ ഉരുപ്പടികൾ തോട്ടിൽ ഒലിച്ചു വന്ന നിലയിൽ കണ്ടെത്തി. ആധാർ കാർഡുകള്‍, ബാങ്ക് നോട്ടീസുകൾ, കത്തുകൾ എന്നിവയാണ് കണ്ടെത്തിയത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാണ് തപാൽ ഉരുപ്പടികൾ ലഭിച്ചത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശിക്കെതിരെ കേസ്. ആബിദ് അടിവാരത്തിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ നേതാവ് അഡ്വ. പി.പി. സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. വ്യാജപ്രചാരണം നടത്തി സമൂഹത്തിൽ കലാപാഹ്വാനത്തിന് ശ്രമിച്ചെന്നാണ് എഫ്ഐആർ.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ചു. ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തിൽ തിങ്കളാഴ്ച വരെ വീണ്ടും മഴ ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
കുറ്റിപ്പുറത്തെ ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. ആശുപത്രി മാനേജർ കുറ്റിപ്പുറം സ്വദേശി അബ്ദു റഹിമാനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ജീവനക്കാരി അമീനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് മാനേജർ അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് അറസ്റ്റ്.
കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്.
വിപഞ്ജികയുടെയും കുഞ്ഞിന്‍റേയും മരണത്തില്‍ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ് ഭർത്താവ് നിതീഷിനും കുടുംബത്തിനും എതിരെയുള്ള വിപഞ്ജികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെടുക്കും വിപഞ്ജികയുടെ മൊബൈൽ ഫോണും കണ്ടെടുക്കണം ഷാർജയിലുള്ള പ്രതികളെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കൊച്ചിയിലെ ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എൻസിബി. മുഖ്യപ്രതി എഡിസൺ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് കെറ്റമിൻ ഇടപാട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണിത്. എഡിസൺ കൈകാര്യം ചെയ്തിരുന്ന പത്ത് ബാങ്ക് അക്കൗണ്ടുകൾ എൻസിബി മരവിപ്പിച്ചു.
യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വീണ്ടും ജയിലിൽ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം. ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്. വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു.
ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന് മേൽ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. മരിച്ചവരുടെയും, സ്ഥലംമാറിപോയവരുടെയുമൊക്കെ പേരിൽ കള്ളവോട്ട് ചെയ്യാൻ കമ്മീഷൻ വഴിയൊരുക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും രാഷ്ട്രീയവ്യത്യാസം മാറ്റിവച്ച് എല്ലാവരും ഈ ചോദ്യങ്ങൾ ചർച്ചചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
ബിഹാർവോട്ടർപട്ടിക പരിഷ്ക്കരണത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം.പാർലമെൻ്റ് കവാടത്തിൽ പ്രതിപക്ഷ എം പിമാർ പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കെടുത്തു. അതോടൊപ്പം ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്ക്കരണ നടപടികള്‍ 98 ശതമാനവും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം. നിരവധി ചെറുകിട കച്ചവടക്കാർക്ക് കഴിഞ്ഞ മൂന്നു വർഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരുന്നു. 9000 കച്ചവടക്കാർക്ക് 18000 നോട്ടീസുകൾ എങ്കിലും കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കിട്ടി എന്നാണ് ഏകദേശ കണക്ക്. വാണിജ്യ നികുതി വിഭാഗമാണ് ഇത്തരത്തിൽ നോട്ടീസുകൾ നൽകിയത്. നോട്ടീസ് നൽകിയതിനെതിരെ നാളെ ബംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചെന്ന് ചെറുകിട കച്ചവടക്കാരുടെ സംഘടന അറിയിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെറ്റായി നൽകിയെന്ന ആക്ഷേപത്തെ തുടർന്ന് ലണ്ടനിലേക്കയച്ച മൃതദേഹങ്ങൾ അവിടെ തിരിച്ചറിയൽ നടപടികൾക്ക് വിധേയമാക്കും. 2 കുടുംബങ്ങൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് യുകെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടി എസ്ബിഐയിലെ ക്ലർക്ക് മുങ്ങിയെന്ന് പരാതി. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിവരം. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സാദിഖ് ബ്രാഞ്ചിലാണ് വൻ തട്ടിപ്പ് നടന്നത്.ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉൾപ്പെടെ പിൻവലിച്ചാണ് ക്ലർക്ക് മുങ്ങിയത്. അക്കൗണ്ടുകളിൽ സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകൻ കെവി ധനഞ്ജയ്. സ്ത്രീകൾക്ക് നേരെയുണ്ടായ ബലാത്സംഗത്തിനും കൊലപാതകങ്ങൾക്കും പിന്നിലാരെന്ന വിവരങ്ങൾ പൂർണമായി കോടതിക്ക് മുന്നിൽ സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെവി ധനഞ്ജയ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.
ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുൾപ്പെടും.
തായ്‍ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ വൻ സൈനിക സംഘർഷം. നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന അതിർത്തി തർക്കം ആണ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 9 തായ് പൌരന്മാർ കൊല്ലപ്പെട്ടു. തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലൻഡ് ആക്രമണം നടത്തി. തായ്‍ലൻഡ് അതിർത്തി അടയ്ക്കകയും ചെയ്തു.
50 പേരുമായി പോയ റഷ്യൻ വിമാനം തകർന്നു. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈന്‍റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്.
ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക് യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്‍വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്.