Screenshot 20250705 135848 2

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി.

 

പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്നും പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടിയെന്നും പ്രധാനമന്ത്രി നരേദ്രമോദി.പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും, എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്നും ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം വികസനത്തിൽ ഒന്നിച്ച് നിൽക്കാം എന്നും അദ്ദേഹം പറഞ്ഞു.

 

 

പഹൽഗാം ഭീകരാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലുമുള്ള അവ്യക്തത നീക്കിയേ മതിയാവൂയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളിയതില്‍ അദ്ദേഹം പ്രതിഷേധമറിയിച്ചു. പഹൽഗാമിൽ ഭീകരരെ ഇനിയും പിടികൂടാനായിട്ടില്ല അവരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല. രാജ്യസുരക്ഷയിലും സൈനിക ശക്തിക്ക് പിന്തുണ നൽകുന്നതിലും എല്ലാവരും ഒറ്റക്കെട്ടാണ്. ഭീകരർ എവിടെ പോയി അവർക്ക് എന്ത് സംഭവിച്ചു. ലഫ്.ഗവർണ്ണർ തന്നെ സുരക്ഷ വീഴ്ച സമ്മതിച്ചുവെന്നും ഖര്‍ഗെ പറഞ്ഞു

 

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം അന്വേഷണം നടക്കുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാര്‍ലമെന്റിനെ അറിയിച്ചു. വിമാനാപകടവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.വിവിധ മാധ്യമ റിപ്പോർട്ടുകളും വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ സത്യത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് റാം മോഹൻ നായിഡു ഓർമ്മിപ്പിച്ചു.

 

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു.

 

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ടെന്നും ജൂലായ് 25 മുതൽ 31 വരെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ആലപ്പുഴ കാർത്തികപ്പളളിയിൽ ഇന്നലെ മേൽക്കൂര തകർന്നു വീണ സ്കൂളിൽ മാധ്യമൾക്ക് വിലക്ക്. മാധ്യമങ്ങളെ ബലമായി പുറത്താക്കാനാണ് ശ്രമം നടത്തിയത്. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പറെത്തിയാണ് മാധ്യമപ്രവർത്തകരോട് പുറത്തുപോകണം, ബലമായി പുറത്താക്കാൻ അറിയാം എന്നിങ്ങനെ അറിയിച്ചത്.

 

കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.മന്ത്രിമാരും പാർട്ടി അണികളും തെരുവിൽ ഗവർണർക്കെതിരെ പോർവിളി നടത്തുമ്പോൾ മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയത്തിൻ്റെ ഭാഗമായണ് എന്നും അദ്ദേഹം പറഞ്ഞു.

 

വിതുര താലൂക്ക് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചെന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ ചേർന്ന പ്രവർത്തനമല്ല ഇതെന്നും മന്ത്രി പറഞ്ഞു.സംഭവത്തിൽ വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ സാമുവല്‍ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

 

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ചാണ്ടി ഉമ്മൻ എംഎൽഎ കാന്തപുരം എ പി അബൂബക്കർ മുസലിയാരെ സന്ദർശിക്കുന്നു. യെമനിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചെങ്കിലും മാപ്പു നല്‍കുന്നതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച.

 

 

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം തകരാർ പരിഹരിച്ചതോടെ നാളെ തിരികെ പോകും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനം പുറത്തിറക്കും. എഫ് 35 ബി വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും. അതോടൊപ്പം ലാൻഡിംഗ്, പാർക്കിംഗ് ചാർജുകൾ വിമാനത്താവള കമ്പനി ഈടാക്കും. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നൽകേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്. മൈന്റ്നൻസ് ഹാങ്ങർ വാടകയിനത്തിൽ എയർ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം

രൂപയായിരിക്കും.

 

 

ഷാര്‍ജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന സംഘത്തിന് മേൽനോട്ടം വഹിക്കും. ഷാർജയിൽ മരിച്ച അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.

 

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.

 

തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കാസര്‍ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത രാജ്മോഹൻ ഉണ്ണിത്താന്‍, യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

 

 

തൃശൂരിൽ തമ്മിൽ തല്ലിയ പൊലീസിലെ ഇരട്ട സഹോദരന്മാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ് ഐ മാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. ഇരുവർക്കും എതിരെ വകുപ്പ് നടപടിക്കും പൊലീസ് കമ്മീഷണർ അങ്കിത് ശോകൻ ശുപാർശ ചെയ്തിട്ടുണ്ട്. .വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ പ്രദീപും തമ്മിൽ ഇന്നലെയാണ് കയ്യാങ്കളി നടന്നത്.

 

 

 

19 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യു‌ഐ) ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വർ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്. മാർച്ച് 18 ന് രാത്രിയിൽ ശീതള പാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പരാതിയിൽ ആരോപിച്ചു.

 

വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കൊടുങ്കാറ്റിൽ മറി‌ഞ്ഞു വിയറ്റ്നാമിൽ 38 പേർ കൊല്ലപ്പെട്ടു. ഏഴ് പേരെ കാണാതായി. ശനിയാഴ്ച രാവിലെയാണ് സംഭവം. 48 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടുന്ന ദി വണ്ടർ സീ ബോട്ട് എന്ന ചെറുബോട്ടാണ് അപകടത്തിൽപ്പെട്ടത്. വിയറ്റ്നാമിലെ ഹാ ലോംഗ് ബേയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് കടലിൽ മറി‌‌ഞ്ഞത്.

 

 

 

 

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഞായറാഴ്ച വൈകുന്നേരം 7:55 ന് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട 6E 6591 വിമാനത്തിനാണ് ടേക്ക് ഓഫിന് ശേഷം സാങ്കേതിക തകരാർ സംഭവിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി, വിമാനം ഏകദേശം 40 മിനിറ്റ് പ്രദേശത്ത് വട്ടമിട്ടു പറക്കുകയും തിരുപ്പതിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

 

 

പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എം എൽ എയ്ക്കുമെതിരെ വിമർശനവുമായി ജി സുധാകരൻ. അമ്പലപ്പുഴ ക്ഷേത്രത്തിൽ അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെതിരെയാണ് വിമർശനം. ഭരണഘടനാപരമായി ഒരു ദേവാലയത്തിനും പണം മുടക്കാൻ സർക്കാരിന് അധികാരമില്ലെന്ന്അദ്ദേഹം പറഞ്ഞു.

 

 

ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഉള്ളി പോലെയെന്നും ഉള്ളി പൊളിക്കുമ്പോൾ കാര്യം മനസിലാകും പദവിയിൽ ഒരു കാര്യവുമില്ലെന്നും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.

ഇപിഎസ്സിന്റെ സംസ്ഥാന പര്യടനത്തിൽ താൻ എന്തിന് പങ്കെടുക്കണമെന്നും തന്റെ യാത്രയിൽ എഐഎഡിഎംകെക്കാർ വന്നിരുന്നോയെന്നും ബിജെപിയുടെ ഭാരവാഹികൾ യാത്രയിൽ പങ്കെടുത്തിട്ടുണ്ട് താൻ സാധാരണ പ്രവർത്തകൻ മാത്രമാണ് ഇഷ്ടമില്ലാത്തത് കണ്ടാൽ ഒഴിഞ്ഞുമാറുകയാണ് ശീലം അച്ഛനും അമ്മയും പഠിപ്പിച്ചത് അതാണെന്നും അണ്ണാമലൈ പറ‌ഞ്ഞു.

 

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്.2023ൽ ഇസ്രയേൽ ഗാസയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 76 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

 

ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 93 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായുള്ള വാർത്തയോടാണ് മാർപ്പാപ്പയുടെ പ്രതികരണം. പ്രാകൃതമായ ആക്രമണത്തിൽ നിന്ന് പിന്മാറണം എന്നാണ് ലിയോ പതിനാലാമൻ ആവശ്യപ്പെടുന്നത്.

 

ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ 90 പലസ്‌തീൻകാരെ ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. ഇസ്രയേലുമായുള്ള സികിം ക്രോസിങ്ങിലൂടെ വടക്കൻ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക്‌ എത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ 90 പേർ കൊല്ലപ്പെട്ടത്‌. പരിക്കേറ്റ 150-ലധികം പേരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *