Screenshot 20250705 135848 2

കൊല്ലം തേവലക്കരയിൽ സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെൻറ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജ്മെൻറിനെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൊല്ലം തേവലക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി എന്നും സ്കൂളിലെ അനധികൃത നിര്‍മ്മാണം തടയാനും സാധിച്ചിട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.

 

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. ഓരോ കുട്ടിയെയും ഓരോ അധ്യാപകൻ്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

 

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനെ പഴി ചാരി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നേരത്തെ തന്നെ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നു വീഴ്ച കെഎസ്ഇബിക്കും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രതികരണം. ഷെഡ് കെട്ടിയത് തെറ്റല്ലേയെന്നും അതെന്ത് കൊണ്ടാണ് ആരും പറയാത്തതെന്നും ഇത്തരം അപകടകരമായ വൈദ്യുത ലൈൻ മാറ്റാൻ കഴിയാത്തത് ജനങ്ങളുടെ എതിർപ്പ് കാരണമാണെന്നും മന്ത്രി പറഞ്ഞു.

 

കൊല്ലത്തെ മിഥുന്‍റെ മരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളിൽ പാർട്ടിക്കുള്ളിലും അമർഷം പുകഞ്ഞതോടെയാണ് മന്ത്രിയുടെ ഖേദം പ്രകടിപ്പിക്കൽ.

 

സ്കൂൾ സമയമാറ്റത്തിൽ സമസ്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. മതപഠനം കഴിഞ്ഞ് മതി വിദ്യാഭ്യാസം എന്ന നിലപാട് ശരിയല്ലെന്നാണ് വിമര്‍ശനം. മദ്രസ പഠനം 15 മിനിറ്റ് കുറച്ചാൽ പോരെ എന്ന് മുഖപത്രത്തില്‍ ചോദ്യം ഉയര്‍ത്തുന്നു. എതിർപ്പുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

 

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി ഇന്ന് അനുമതി നൽകി. വധശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ചർച്ചകൾക്കായി യെമനിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ എന്ന സംഘടനയിലെ ഏതാനും അംഗങ്ങൾക്കും സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രതിനിധിക്കും യെമനിലേക്ക് പോകാൻ അനുമതിയാണ് സംഘടന തേടുന്നത്. യെമനിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി.

 

കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെ‍ഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്.

 

ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.‌ ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ക്രിമിനൽ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

രണ്ടാം ഓര്‍മ്മ ദിനത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി എന്നാണ് വൈകാരികമായി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. മറ്റൊന്നും അന്വേഷിക്കാതെ അദ്ദേഹം ആവശ്യം മാത്രം കേട്ടു പരിഹാരം ഉണ്ടാക്കി അങ്ങനെയാണ് ഉമ്മൻ ചാണ്ടി എന്ന പേര് സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടത് എന്നും അദ്ദേഹം എഴുതി.

 

 

ഉമ്മന്‍ചാണ്ടി നവീകരണോല്‍ഘാടനം നിര്‍വഹിച്ച പാര്‍ക്ക്, വീണ്ടും നവീകരിച്ചശേഷം ടൂറിസം മന്ത്രിയുടെ ക്രെഡിറ്റിലാക്കിയതായി ആക്ഷേപം. ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്ന കണ്ണൂര്‍ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം, ഡിടിപിസി എടുത്തുമാറ്റിയതിലാണ് പ്രതിഷേധം. എന്നാൽ ഫലകം വെക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് പഴയത് മാറ്റിയതെന്നാണ് വിശദീകരണം.

 

 

ഇടുക്കി ബൈസൺവാലിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരുടെ സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരിക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്.

 

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൃദയ ശസ്ത്രക്രിയ വിഭാഗം. തലച്ചോറിലേക്കുള്ള രക്ത ധമനിക്ക് വീക്കം കണ്ടെത്തിയ 66 കാരന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ രോഗവസ്ഥയാണിത് എന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കിയ 66 കാരൻ ബുധനാഴ്ച ആശുപത്രി വിട്ടു.

 

തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്ര പുരസ്‌കാരം.

നഗര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കേന്ദ്ര പാർപ്പിടം നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവ്വേയായ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിൽ തരംതിരിച്ചുള്ള മാലിന്യ ശേഖരണം നീക്കം ചെയ്യൽ, ഖരമാലിന്യ എഫ്‌സി സംസ്ക്കരണം, ലഗസി മാലിന്യനിർമ്മാർജ്ജനം, ബോധവൽക്കരണ സാനിറ്റേഷൻ, ദ്രവമാലിന്യ സംസ്‌കരണം, സഫായി മിത്ര സുരക്ഷ, ജി റേറ്റിംഗ്, ഓഡിഎഫ് പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. നഗരസഭക്കായി പ്രവർത്തിച്ച ജീനക്കാർക്കും സഹകരിച്ച നഗരത്തിലെ പൊതുജനങ്ങൾക്കും മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

 

പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവിൽ പാലക്കാട് ചികിത്സയിലുഉള്ള യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്.

 

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്. സ്കൂള്‍ കഴിഞ്ഞ് കുട്ടി അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു തുടർന്ന് ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്.

 

മലപ്പുറം കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കെഎസ്ഇബിയുടെ അനാസ്ഥയാണ് മുഹമ്മദ് ഷാ (58) മരിക്കാന്‍ കാരണം എന്നും വൈദ്യുതി ബന്ധം വിഛേദിക്കാൻ പോലും തയ്യാറാകാത്തത്തിൽ അനാസ്ഥയുണ്ട് എന്നുമാണ് ആരോപണം. വീട്ടിന്‍റെ പിറകിലെ തോട്ടത്തില്‍ വെച്ചായിരുന്നു അപകടം നടന്നത്.സംഭവത്തില്‍ യൂത്ത് ലീഗ് ഇന്ന് മുണ്ടക്കുളം സെക്ഷൻ ഓഫീസിലേക്ക് മാർച്ച്‌ നടത്തും.

 

പത്തനംതിട്ട കടമ്മനിട്ടയിൽ സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. രണ്ട് വർഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്.

 

വന്ദേഭാരതിൻ്റെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്‍റ് റിസര്‍വേഷന്‍ ലഭ്യമാകുമെന്നാണ് റെയിൽവേ അറിയിച്ചത്.സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം.

 

ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിട്ടേക്കും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു തിരിച്ച് പറക്കും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ദിവസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായത്.

 

 

കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് ഉയർത്തുക.

 

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂബൈൽ ജെ കുന്നത്തൂർ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു.

 

സ്കൈ ഡൈവിംഗ് മേഖലയിൽ നിരവധി റെക്കോർഡുകൾ നേടിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം. ഫിയ‍ർലെസ് ഫെലിക്സ് എന്ന പേരിൽ സുപ്രസിദ്ധനായ ഫെലിക്സ് ബൗംഗാർട്നർ എന്ന പാരാജംപറാണ് വ്യാഴാഴ്ച ഇറ്റലിയിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.

 

സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലോമീറ്റർ അകലെ മല അടിവാരത്തിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജഗ്‌പുര ബൻസ്വര സ്വദേശി ശങ്കർലാൽ (24) ആണ് കൊല്ലപ്പെട്ടത്. ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്.

 

പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തപ്പോള്‍ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്നാവുകയും ഇതിന് പിന്നാലെ ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ ഗുരുതര വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ഇത്തരം വലിയ പിഴവുകള്‍ പൊതുസമൂഹത്തിന്‍റെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്നും സിന്ധരാമയ്യ പറഞ്ഞു.

 

 

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വിശദീകരിച്ചു.

 

സൂറത്തില്‍ ടെക് കോഴ്‌സുകള്‍ പഠിപ്പിക്കുകയും ഇന്‍റേണ്‍ഷിപ്പ് നല്‍കുകയും ചെയ്യുമെന്ന വ്യാജേന ഒന്നര ലക്ഷം രൂപ വരെ വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിയെടുത്തതായി പരാതി. സൂറത്തില്‍ 40 വിദ്യാര്‍ഥികള്‍ക്ക് ആകെ 52.27 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടമായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനവും അതിന്‍റെ സൂറത്തിലെ ഫ്രാഞ്ചൈസിയുമാണ് പണം തട്ടിയത് എന്നാണ് വിദ്യാര്‍ഥികളുടെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു.

 

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ചർച്ചിനു നേരെ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഖേദപ്രകടനം നടത്തി. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളി വികാരി അടക്കം പത്തിലേറെ പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിടവാങ്ങിയ ഫ്രാൻസീസ് മാർപ്പാപ്പ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന വൈദികനാണ് ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റത്.

 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സിരാസംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. നേരത്തേ ട്രംപിൻറെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ കണ്ടെത്തിയത്.

 

പ്രളയക്കെടുതിയിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് 170 പേരിൽ ഏറെയും കുട്ടികളെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ കിഴക്കൻ മേഖലയിൽ പ്രളയക്കെടുതിയിൽ 24 മണിക്കൂറിനുള്ളിൽ മാത്രം കൊല്ലപ്പെട്ടത് 54 പേരാണ്. പഞ്ചാബ് പ്രവിശ്യയിലെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. വീടുകളും റോഡുകളും തുട‍ർച്ചയായി മേഖലയിൽ ഉണ്ടാവുന്ന മിന്നൽ പ്രളയത്തിൽ തകർന്നു. ജൂൺ 26 മുതൽ ആരംഭിച്ച പ്രളയത്തിൽ 85 കുട്ടികൾ മരിച്ചതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

 

പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ലഷ്ക്കർ എ തയിബയുടെ ശാഖയാണ് ടിആർഎഫ് എന്ന് യുഎസ്. പഹൽഗാം ആക്രമണത്തിനെതിരായ ഡോണൾഡ് ട്രംപിൻറെ ശകതമായ നിലപാടിന്റെ ഫലമാണ് തീരുമാനമെന്നും യുഎസ്. ടിആർഎഫുമായി ബന്ധമില്ലെന്ന പാകിസ്ഥാൻ വാദത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

 

ബിസിസിഐയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്‍റെ പതുതിയില്‍ അധികവും(59%) സംഭാവന ചെയ്തത് ഐപിഎല്ലാണ്. 5761 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് മാത്രമുള്ള വരുമാനം. ഇതിന് പുറമെ ഐപിഎല്‍ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണ അവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ബിസിസിഐ ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയെന്ന് റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദ് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *