എറണാകുളത്ത് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ്. തിരുവനന്തപുരത്തും മൂന്നാറിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോൾ കൊച്ചിയിലേയ്ക്കും എത്തുന്നത്. ജൂലൈ 15 മുതൽ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ് കൊച്ചിയിൽ സര്‍വീസ് ആരംഭിക്കും.വൈകുന്നേരം 5 മണിയ്ക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. രാത്രി 8 മണിയോടെ തിരികെ സ്റ്റാൻഡിലെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുക.
കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം.ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തിൽ സംസ്ഥാനത്തെ ബിജെപി ആർഎസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരെന്ന് അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽവിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു.
ശശി തരൂരിനെതിരെ വിമർശനവുമായി കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം. മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ടെന്നും തരൂരിന്റേത് തരം മാറ്റവും അവസരവാദവുമാണെന്നും വീക്ഷണം ലേഖനത്തിലൂടെ അദ്ദേഹം വിമർശിക്കുന്നു. എന്നാൽ അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ തരൂർ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
സ്കൂൾ സമയമാറ്റ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്ന് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തിൽ ജിഫ്രി മുത്തു കോയതങ്ങൾ പറഞ്ഞു. സാമുദായിക കാര്യങ്ങൾ പറയാനാണ് സാമുദായിക സംഘടനകൾ. ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോയെന്നും ആകെ 24 മണിക്കൂറല്ലേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത് എന്നും ഓർമ്മിപ്പിച്ചു.
സ്കൂൾ സമയമാറ്റത്തിൽ താൻ പറഞ്ഞത് കോടതി നിലപാടാണെന്നും വിഷയത്തിൽ ധിക്കാരപരമായ സമീപനമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ് സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ അടുത്ത വർഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് പറഞ്ഞ മന്ത്രി ആർ ബിന്ദു, വിഷയത്തിൽ സർക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
കേരള സർവ്വകലാശാല രജിസ്ട്രറായി മിനി കാപ്പൻ തുടരും. പദവിയിൽ തുടരാൻ വി സി നിർദ്ദേശം നൽകി. ചുമതല ഏറ്റെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിസിക്ക് കത്ത് നൽകി എന്ന വാർത്ത മിനി കാപ്പൻ തള്ളി. അതോടൊപ്പം കെ എസ് അനിൽകുമാർ ഇന്നലെ 150 ഫയലുകളിൽ ഒപ്പിട്ടു. വി സി യുടെ പരിശോധന ആവശ്യമില്ലാത്ത ഫയലുകളിൽ ആണ് ഒപ്പിട്ടത്.
ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെന്‍റ് ചെയ്ത് കെഎസ്ആർടിസിയിൽ വിവാദ ഉത്തരവ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്‍റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെഎസ്ആർടിസി നടപടിയെടുത്തത്.
വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വെച്ച് മർദ്ദനമേറ്റു. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചനെ മർദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം.
നിമിഷപ്രിയയുടെ മോചനത്തിൽ മോചനദ്രവ്യത്തിന് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധമെന്ന് ഫറോക് റഹീം കമ്മിറ്റി. എന്നാൽ അതുമായി ബന്ധപ്പെട്ട് അപേക്ഷ ഔദ്യോഗികമായി ട്രസ്റ്റിന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് റഹീം നിയമസഹായ ട്രസ്റ്റ് കൺവീനര്‍ പറഞ്ഞു. അപേക്ഷ വന്നാല്‍ അതിനോട് വളരെ പോസിറ്റീവ് ആയി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയർ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തിൽ ഉപയോഗശൂന്യമായെന്നാണ് മെഡിക്കൽ കോളേജുകൾ വ്യക്തമാക്കുന്നത്.
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി.കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചത്.തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്‍റെ വിവാഹം ഈ മാസം 13നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് ശിക്ഷിക്കപ്പെട്ടത്.
പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിൽ വെള്ളത്തിൽ ടാറിട്ടു കുഴിയടയ്ക്കൽ. വ്യാഴാഴ്ച പാതിരാത്രി ആയിരുന്നു വെള്ളത്തിൽ ടാറും മെറ്റലും ചേർത്തിട്ടത്. അതുവഴി പോയ കോൺഗ്രസ് പ്രവർത്തകരാണ് ഇത് കണ്ട് ചോദ്യം ചെയ്തതും തടഞ്ഞതും. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെയാണ് കരാർ കമ്പനി ജോലിക്കാർ രാത്രി പണിക്കിറങ്ങിയത്.
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവർക്ക്. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം രൂപയാണ്. സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകൾ പൊലീസിന് നൽകി. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് അവർ ആരോപിച്ചു.
ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ബൈക്കിന് തീപിടിച്ചത്.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ദുരൂഹത തുടരുകയാണ്. പറന്നുയർന്ന് സെക്കന്‍റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്‌സ് റെക്കോർഡിൽ ഉണ്ട്. അതോടൊപ്പം എയർ ഇന്ത്യയും ബോയിങ് കമ്പനിയും തുടർന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു.
വിമാന എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്‌തതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് അബദ്ധത്തിൽ കൈ തട്ടിയാൽ ഓഫാവുന്ന സ്വിച്ചുകളല്ല അതെന്ന് കൊമേഷ്യൻ പൈലറ്റ് ക്യാപ്റ്റൻ സനിൽ ഗോപിനാഥ് പറഞ്ഞു. ഒരാൾ പിടിച്ച് താഴോട്ട് ഇട്ടാൽ മാത്രം വീഴുന്ന സ്വിച്ചുകളാണ് അത്. റിപ്പോർട്ട് വായിച്ചപ്പോൾ ഇതെങ്ങനെ സംഭവിച്ചെന്ന് അതിശയം തോന്നിയെന്നും അദ്ദേഹം പ്രതികരിച്ചു.
2025ലെ ഏറ്റവും മികച്ച എയർലൈനുള്ള സ്കൈട്രാക്സ് അവാർഡ് നേടിയ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 54 ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയ ഖത്തർ എയർവേസ് റെക്കോഡ് വേഗത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ജൂൺ 23ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ, സുരക്ഷിത ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന ജിയോഡെസിക് ഡോമിന് കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനെ ഇന്നറിയാം. ഇഗാ സ്വിയടെക്, ഫൈനലില്‍ അമാന്‍ഡ അനിസിമോവയെ നേരിടും. രാത്രി 8.30നാണ് മത്സരം. ഇന്ന് ആര് ജയിച്ചാലും വിംബിള്‍ഡണ് പുതിയ ചാമ്പ്യനെ ലഭിക്കും. 2016ല്‍ സെറീന വില്യംസിന് ശേഷം ആര്‍ക്കും സെന്റര്‍ കോര്‍ട്ടില്‍ കിരീടം നിലനിര്‍ത്താനായിട്ടില്ല. സെമിയില്‍ ലോക ഒന്നാം നമ്പര്‍താരം അറീന സബലെന്‍കയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് അമേരിക്കന്‍താരം അമാന്‍ഡ അനിസിമോവ.