Screenshot 20250705 135848 2

ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

 

സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിയെല്ലാം പുറത്തു കൊണ്ടു വരുമെന്നും, ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്നും കൊവിഡ് കാലത്തെ മരണ സംഖ്യയടക്കം സർക്കാ‍ർ ഒളിച്ചു വച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.

 

വീണ ജോർജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല. വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു എന്നും, കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സർക്കാരും ഇടിഞ്ഞുവീഴുമെന്നും ചെന്നിത്തല പറ‍ഞ്ഞു.

 

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഹോസ്പിറ്റൽ കമ്മറ്റി ചെയർമാൻ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ല. ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ആരോഗ്യമന്ത്രി വീണ ജോർജിനെ പരസ്യമായി പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി പി. കെ ശ്രീമതി. സിസ്റ്റത്തിൽ പ്രശ്നങ്ങള്‍ ഉണ്ടെന്നത് വീണ പറഞ്ഞത് സത്യമാണെന്നും വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യരംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു.

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകിയേക്കും. അപകടമുണ്ടായ ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയകളാണ് മുടങ്ങിയിരിക്കുന്നത്. ഈ ബ്ലോക്കിൽ 10 ഓപ്പറേഷൻ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കിൽ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാർ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മൻ. കെട്ടിടത്തിന്റെ ഫിറ്റ്നസ് സർക്കാർ സ്വന്തം ചെലവിൽ പരിശോധിക്കണം. ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ.

 

പാലക്കാടും മലപ്പുറത്തും നിപ രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ.

 

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ 10 വയസുള്ള കുട്ടിയ്ക്കും പനി ബാധിച്ചതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം നാട്ടുകല്ലിലെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ നാട്ടുകാരുടെ പരാതി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത് ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

 

സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളു‍ടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

 

സൂംബ വിവാദത്തിൽ ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേയെന്നും അഭിപ്രായം പറഞ്ഞതിന് അധ്യാപകനെ സസ്പെന്റ് ചെയ്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോർട്ടിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും. ഇന്നലെ വൈകിട്ടോടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.മെഡിക്കൽ കോളേജുകളിൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കുന്ന നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ അടക്കം റിപ്പോർട്ടിൽ നിർദേശങ്ങളായുണ്ട്. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ നടപടി സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ ഉണ്ടെങ്കിലും നടപടിക്ക് ശുപാർശയില്ല.

 

കേരള സര്‍വകലാശാലയിൽ വിസിക്കെതിരെ വീണ്ടും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം. വിവിധ സെഷനുകളിൽ പരിശോധനക്ക് എത്തിയ വിസി സിസ തോമസിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞു. അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പടം വച്ച് സെനറ്റ് ഹാളിൽ നടന്ന സെമിനാറിൽ ഗവര്‍ണര്‍ പങ്കെടുത്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും പിന്നാലെ രജിസ്ട്രാറെ ഗവര്‍ണര്‍ സസ്പെന്റ് ചെയ്തിരുന്നു.

 

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും നൽകിയിട്ടില്ല.

 

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തി. മംഗളൂരുവിൽ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ബാധകമാകും. ചില ട്രെയിൻ സര്‍വീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

 

മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളും അപകടാവസ്ഥയിൽ. കോളേജിന്‍റെ പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറുന്നത്. മെഡിക്കൽ കോളേജിലെ പഴയ പേവാർഡും സൂപ്രണ്ടിന്‍റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണ്.

 

വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ സി പി എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറി. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി പി എം ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. എ വി ജയന് എതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.

 

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.

 

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറി കുത്തിത്തുറന്ന നിലയിൽ. ചുമർ തുരന്ന് ആണ് മോഷണ ശ്രമം. മൂന്നുപീടിക സെന്ററിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറയിലാണ് സംഭവം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കടയുടമ പറഞ്ഞു. ഒരു വർഷം മുമ്പ് സമാന രീതിയിൽ ഇതേ ജ്വല്ലറിയിൽ മോഷണം നടന്നിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

പടയപ്പ എന്ന കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്.

 

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം രാജി നൽകിയത്. എന്നാൽ, സ്വമേധയാ വിരമിക്കൽ അപേക്ഷയിൽ കർണാടക സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏപ്രിലിൽ ബെലഗാവിയിൽ നടന്ന രാഷ്ട്രീയ പരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥനെ മുഖത്തടിയ്ക്കാൻ ശ്രമിച്ചത്.

 

മലേഷ്യയിൽ ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം തകർത്തെന്ന് മലേഷ്യൻ പൊലീസ്. ഐഎസിലേക്ക് ബംഗ്ലാദേശി പ്രവാസി സമൂഹത്തിൽ നിന്നാണ് അംഗങ്ങളെ സോഷ്യൽ മീഡിയ വഴിയും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസഞ്ചർ ആപ്ലിക്കേഷനുകൾ വഴിയും റിക്രൂട്ട് ചെയ്തിരുന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ദാതുക് സെരി മുഹമ്മദ് ഖാലിദ് ഇസ്മായിൽ പറഞ്ഞു.

 

ദുബൈ ഭരണാധികാരി തുടക്കമിട്ട വൺ ബില്യൺ മീല്‍സ് ക്യാമ്പയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. 65 രാജ്യങ്ങളിലാണ് 100 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. 50 രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2022 റമദാനിലാണ് ഈ ക്യാമ്പയിന്‍ തുടങ്ങിയത്.

 

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍. ആദിത്യന്‍ എന്ന 17 വയസുകാരനെ സഹപാഠികൾ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കുമല്‍കുട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായി സംസാരിച്ചതിന് മറ്റുചില വിദ്യാര്‍ത്ഥികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

 

മാലെ മഹാദേശ്വര കുന്നുകളിൽ അഞ്ച് കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടികളുമായി സംസ്ഥാന സർക്കാർ. കൃത്യവിലോപം ആരോപിച്ച് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) വൈ ചക്രപാണിയെ സ്ഥലം മാറ്റാനും മന്ത്രി ശുപാർശ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.

 

അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. പാകിസ്ഥാനില്‍ 25 വര്‍ഷത്തെ മൈക്രോസോഫ്റ്റിന്‍റെ സാന്നിധ്യമാണ് ഇതോടെ അവസാനിക്കുന്നത്. പാകിസ്ഥാനിലെ പ്രവര്‍ത്തന മോഡല്‍ മാറുകയാണെന്നും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും തുടര്‍ന്നും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

 

നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എൻ‌എം‌സി യിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സീറ്റുകൾ അനുവദിക്കുന്നത്, വീണ്ടും അംഗീകാരത്തിനുള്ള പരിശോധന ഇതിൽ എല്ലാം വ്യാപക തട്ടിപ്പെന്നും കണ്ടെത്തി.

 

ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം. 20 ലധികം പേരെ കാണാതായതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

 

വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. ട്രംപിൻറെ സമയപരിധിക്ക് മോദി കീഴടങ്ങും എന്ന് ഉറപ്പാണെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യ അമേരിക്ക വ്യാപാര കരാറിലെ ചർച്ചകൾ സമയപരിധി നോക്കിയല്ല രാജ്യതാല്പര്യം അനുസരിച്ചാണ് നടക്കുന്നതെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിയൂഷ് ഗോയലിൻറേത് വെറും വാചകമടി മാത്രമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

 

വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിൽ വൺ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ബിൽ നിയമമായി. നികുതി ഇളവുകൾ, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വര്‍ധിപ്പിക്കൽ, ക്ലീന്‍ എനര്‍ജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകൾ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബിൽ.

 

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം മധ്യ യൂറോപ്പിലെ മറ്റൊരു ഉഷ്ണതരംഗവുമായി സംയോജിച്ച് തീവ്രമായ ഉഷ്ണതരംഗമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ നിങ്ങൾ യൂറോപ്പിലേയ്ക്ക് എന്തെങ്കിലും യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *