നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കണ്ടു. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാൽ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം.
വിവി പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് എം സ്വരാജ്. കോൺഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശിന്റേതെന്നും രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലർത്തിയിരുന്നുവെന്നും ആരോപണങ്ങൾക്കും തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ല, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകും വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നുവെന്നും വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. സ്കൂൾ അധികൃതർ മതിൽ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാൻ കുട്ടിയോട് നിർദേശിച്ചുവെന്നും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പാലക്കാട് ചിറ്റൂരിൽ കള്ളിൽവീണ്ടും ചുമ മരുന്ന് സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് എക്സൈസ്. ക്രമക്കേട് കണ്ടെത്തിയ ഷാപ്പ് ലൈസൻസി ആലപ്പുഴ സ്വദേശി ആർ സുജാത, ജീവനക്കാരൻ രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നവകോട് കള്ള് ഷാപ്പിലാണ് ചുമ മരുന്നിൽ ചേർക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥം കണ്ടെത്തിയത്.
തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു.
ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം തീരത്ത് അടിഞ്ഞു. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് സംശയം. കഴിഞ്ഞ ദിവസം ഞാറക്കൽ നിന്ന് കടലിൽ കാണാതായ യമൻ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ആകാനും സാധ്യതയുണ്ട്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും.അപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല.
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങൾ പൊലീസിന് കൈമാറി സന്നദ്ധ പ്രവർത്തകർ. കത്തിനശിച്ച സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് 70 തോല (800 ഗ്രാമിൽ കൂടുതൽ) സ്വർണ്ണാഭരണങ്ങൾ, 80,000 രൂപ, പാസ്‌പോർട്ടുകൾ, ഒരു ഭഗവദ്ഗീത എന്നിവയാണ് കണ്ടെടുത്തത്. എല്ലാം പോലീസിന് കൈമാറി.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനുശേഷമുള്ള രണ്ടാമത്തെ സര്‍വീസായിരുന്നു ഇന്ന് നിശ്ചയിച്ചിരുന്നത്. ഇന്നലെ എഐ-159 എന്ന കോഡിൽ ദുരന്തത്തിനുശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടൻ വിമാന സര്‍വീസ് എയര്‍ ഇന്ത്യ നടത്തിയിരുന്നു.
ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ) തിങ്കളാഴ്ച പുറത്തിറക്കിയ ഇയർബുക്കിലെ കണക്കുകൾ അനുസരിച്ചാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നു.
പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി.കേസില്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ആന്ധ്ര പ്രദേശിൽ 67732 അധ്യാപകർക്ക് സ്ഥലം മാറ്റം. 2025ലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സംബന്ധിയായാണ് വലിയ തോതിൽ അധ്യാപകർക്ക് സ്ഥലം മാറ്റമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമഗ്രമായ മാറ്റമാണ് ആന്ധ്രയിലേതെന്നാണ് വകുപ്പ് വിശദമാക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ വി വിജയരമ രാജുവിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം. ഓവർ ടൂറിസം കാരണം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. തെക്കൻ യൂറോപ്പിലെ ഗോൾഡൻ ട്രയാംഗിൾ എന്ന് അറിയപ്പെടുന്ന സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപകമായി പ്രതിഷേധം നടക്കുന്നത്.
സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ജൂൺ 27 വെള്ളിയാഴ്ചയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക.ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാര്‍ക്ക് ജൂൺ 27 മുതല്‍ ജൂൺ 29 വരെ അവധി ലഭിക്കും. ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാനിന്റെ തലസ്ഥാന ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. സ്വന്തം നിലക്ക് മാറാൻ കഴിയുന്ന മറ്റ് പൗരന്മാർ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യക്കാരുമായി എംബസി നിരന്തര സമ്പർക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ബാച്ച് ഇന്ത്യക്കാരുമായുള്ള വിമാനം നാളെ ദില്ലിയിലേക്ക് പുറപ്പെടും എന്നാണ് സൂചന.
ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയെന്നും പ്രധാനവടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെന്നും റിപ്പോർട്. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു. എന്നാല്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് ഇസ്രായേലില്‍ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിച്ച് കളഞ്ഞു എന്നാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്.
ഇസ്രയേൽ-ഇറാൻ സംഘര്‍ഷം ശക്തമായതോടെ വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുന്ന നയതന്ത്ര ശ്രമങ്ങൾ ശക്തമായി. കുവൈത്ത് നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. ഗൾഫ് സഹകരണ കൗൺസിൽ (GCC) മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ ചെയർമാനായ വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ, ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ 48-ാമത് അസാധാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ചയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്‌ടീകരണ നിലയമായ നഥാന്‍സിലെ 15,000-ത്തോളം സെന്‍ട്രിഫ്യൂജുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). നഥാന്‍സില്‍ യുറേനിയം സെന്‍ട്രിഫ്യൂജുകള്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ അറകള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ട് തകരാറുകള്‍ സംഭവിച്ചില്ലെങ്കിലും നിലയത്തിലെ വൈദ്യുതിബന്ധം ഇസ്രയേല്‍ തകര്‍ത്തത് സെന്‍ട്രിഫ്യൂജുകളെ സാരമായി ബാധിച്ചിട്ടുണ്ടാകാം എന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റഫേല്‍ ഗ്രോസി വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍-ഇറാൻ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസ്സപ്പെടുന്നു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ വിലക്കുള്ളതിനാൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇറാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് എത്രയും വേഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നുഎന്നാൽ അവർ അത് ചെയ്തില്ല ഇപ്പോഴത്തെ നടപടി മനുഷ്യജീവിതം പാഴാക്കലാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും എല്ലാവരും ഉടൻ തന്നെ ടെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങൾ ഔദ്യോഗികമായി നടപ്പാക്കാനൊരുങ്ങി ഐസിസി. 2027-2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളിലാകും ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി അവതരിപ്പിക്കുക. ഐസിസി ചെയര്‍മാന്‍ ജയ് ഷായും അനുകൂല നിലപാട് എടുത്തതോടെയാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ചെറിയ ടീമുകള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കൂടുതല്‍ അവരസമൊരുക്കാനും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ക്ക് വഴി തുറക്കാനുമാണ് ഐസിസി നിര്‍ണായക തീരുമാനം എടുക്കുന്നത്.