mid day hd 4

കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാറിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. കലക്ടർ കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്താഴ്ച നടക്കാനിരിക്കെ ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്.

നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ . 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ. ഏക്കറിന് 2200 കിലോ നെല്ലാണ് സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് ലഭിച്ചു. എന്നാൽ ഏക്കറിന് 2000 കിലോ നെല്ലേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ലുസംഭരണത്തിനുള്ള സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ മാലിന്യ നിയന്ത്രണ പ്ലാന്‍റിന് വിദേശത്ത് നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് അഴിമതി ആരോപിച്ചുള്ള കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുൻ ജീവനക്കാരനും യൂണിയൻ നേതാവുമായിരുന്ന എസ് ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട കോടതി രാജ്യങ്ങൾ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതിൽ സംസ്ഥാന ഏജൻസിക്ക് പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടു. ആറ് മാസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്.

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയൻ മടക്കിനൽകി. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നൽകിയത്. ഇയാൾ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതിൽ 70000 മടക്കിനൽകിയെന്നും ബാക്കി നൽകാനുണ്ടെന്നുമായിരുന്നു പരാതി.

നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി വാങ്ങുന്ന ബസിൽ മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ലെന്നും. ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമായി മാറുമെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു . നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ചു കളയില്ല. ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധി പേർ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ട്.ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസ്സില്‍ യാത്ര ചെയ്യുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സാധാരണ നേതാക്കളുടെ അന്ത്യയാത്രക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുന്നത്.അതിന്‍റെ കാലൻ ആണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ് നടക്കുന്ന ഞായറാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ ഉത്തരവുമായി മുന്നോട്ടെന്ന് കാസര്‍കോട് കലക്ടർ. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്, നടപടികള്‍ വേഗത്തിലാക്കാന്‍ അവരുടെ സാന്നിധ്യം സഹായിക്കും. അസൗകര്യമുള്ളവര്‍ക്ക് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരം നരിക്കുനി എരവന്നൂർ എ യു പിസ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെ കുന്നമംഗലം എഇഒയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എരവന്നൂർ എയുപി സ്കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ പോലൂ‍ർ എൽ പി സ്കൂളിലെ അധ്യാപകൻ ഷാജി കടന്നുകയറി അതിക്രമം കാണിച്ചു എന്നാണ് പരാതി.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദേശം. നിമിഷപ്രിയയുടെ അമ്മയുടെ ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി പറഞ്ഞു. പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു.

കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്യാൻ തീരുമാനം. ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തെ ചൊല്ലി വിവാദം വേണ്ടെന്ന് മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ചാണ് തീരുമാനം. കേരള ബാങ്ക് രൂപീകരിക്കുന്നത് വരെ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്നു താന്‍ പാര്‍ട്ടി അറിയാതെ ഭരണസമിതിയിലേക്ക് പോകില്ലല്ലോയെന്നും പ്രതികരിച്ചു.

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ കഴമ്പില്ലെന്ന് പൊലിസിന്‍റെ വിലയിരുത്തല്‍. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ല. അടുത്ത ബുധനാഴ്ച്ച കേസിന്‍റെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും സമര്‍പ്പിക്കും.

മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണ് തെങ്കര ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മർജാനക്ക് പരിക്കേറ്റു. ബസിൽ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ നിർത്താതെ പോയതായി വിദ്യാർത്ഥികൾ പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റ സംഭവത്തില്‍ ബന്ധുക്കളുടെ മുന്നിൽ വച്ച് വാക്കേറ്റം കൈവിട്ട് പോകാതിരിക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് അമൽ മീരയെ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിവെയ്പ്പിൽ 14 ആഴ്ച്ച പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ഉത്തർപ്രദേശില്‍ പാസഞ്ചർ ട്രെയിനിൽ തീ പിടുത്തം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. പാസഞ്ചർ ട്രെയിനിന്റെ കോച്ചിലാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഇട്ടാവ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ വ്യക്തമാക്കി.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ആശുപത്രിയിലായിരുന്നു.

ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തെ ഇഡി ചോദ്യം ചെയ്യും. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള സിംഘാം ന്യൂസ് ക്ലിക്കിന് പണം നൽകി എന്ന വാർത്തകളുണ്ട് . ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് സിംഘാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്.

രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരുമെന്നും, തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാഹുൽ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന് വിജയമുറപ്പാണെന്നും, രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നുമായിരുന്നു. എന്നാൽ നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട് എന്നാണ് സൂചന. രാജസ്ഥാനിൽ കോൺഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു.

നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം നൽകുമെന്നാണ് സൂചന. തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നൽകിയത്.

ബ്രിട്ടനിലുള്ള അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയക്കുന്ന നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഏകകണ്ഠമായി വ്യക്തമാക്കി. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഋഷി സുനക് ഗവൺമെന്റിന്റെ റുവാണ്ടൻ പദ്ധതിക്കെതിരെയുള്ള കോടതി തീരുമാനം ഉണ്ടായത്. അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് തിരിച്ചയക്കുന്നതിനെ സുപ്രീം കോടതി ഒറ്റക്കെട്ടായാണ് എതിർത്തത്.

ജമ്മു കശ്മീരിലെ ദോഡയിൽ ബസപകടത്തിൽ മരണം 39ആയി. 55 യാത്രക്കാരുമായി വരികയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്നലെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീർ സർക്കാർ മൂന്നംഗ സമിതിയെ അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് ഷമിയെ പ്രശംസിച്ച് മന്ത്രി വിഎന്‍ വാസവനും. ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ രാജ്യദ്രോഹിയെന്ന് പറഞ്ഞ് ഷമിക്ക് നേരെ ഒരുവിഭാഗം നടത്തിയ സൈബറാക്രമണം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയിൽ ആസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചക്ക് രണ്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആരെ നേരിടണമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *