Untitled design 20241121 135223 0000

സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധന മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ ധനമന്ത്രി നിർദേശം നൽകിയത്‌.

 

 

 

ശബരിമലയിൽ ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയാണ് ലഭിച്ചിരിക്കുന്നത്.

 

 

ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം കെ എസ് ആർ ടി സി അനുവദിച്ചിരിക്കുന്നത്. കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ് സർവീസും ലഭ്യമാണ്.

 

 

 

വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആരോപിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ച് ചുമതലയേല്‍ക്കുന്നവരില്‍ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും നിലവില്‍ വിസി ഇല്ലാതിരിക്കുമ്പോള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ആലോചിച്ചാണ് കോടതി നിയമനം സ്റ്റേ ചെയ്യാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

 

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഒരു തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. അതോടൊപ്പം തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം.

 

 

 

 

ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷികൾ മാത്രമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ.

 

 

 

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും, പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

 

 

നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.

 

 

 

 

വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയാണെന്നും മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നുവെന്നും അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നതെന്നും അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ യും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

സ്വർണകവർച്ച കേസിൽ ഡ്രൈവർ അർജുൻ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. എന്നാൽ അർജുൻ്റെ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്ക്കറിൻ്റെ കുടുംബം പരസ്യമായി പ്രതികരിച്ചിരുന്നു.

 

 

 

അറബിക്കടലിൽ ഇന്ത്യ – ലങ്ക നാവിക സേനകളുടെ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിവേട്ട. 500 കിലോ ലഹരി മരുന്നാണ് സംയുക്ത ഓപ്പറേഷനിൽ പിടിച്ചെടുത്തത്. 9 പേരെയും കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രണ്ട് ലങ്കൻ ബോട്ടുകളിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. ഇവരെ ലങ്കൻ നാവികസേനയ്ക്ക് കൈമാറി.

 

 

 

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയതെന്നും കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണെന്നും റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമീപിച്ചിരിക്കുകയാണ് നടി.

 

 

 

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ പെൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസിന്‍റെ വിധി നിർണയത്തിന് എതിരെ പ്രതിഷേധം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പ്രതിഷേധിച്ചത്. ഇതോടെ ജഡ്ജിമാർ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്.

 

 

 

കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളും തിരിച്ചെത്തി. പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കാണാതായത്. ആറ് കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്തു നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളിൽ വഴിതെറ്റിയതെന്നും രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ അന്വേഷണത്തിനായി ആരോഗ്യവകുപ്പ് പ്രതിനിധികളെത്തി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏഴുതവണ സ്‌കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി.

 

 

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. ഹൈക്കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ക്ഷേത്രത്തിലെ ആന എഴുന്നളളത്ത് നടത്തുന്നത്. 15 ആനകളാണ് ശീവേലിക്ക് അണിനിരന്നത്. ഈ 15 ആനകളേയും മൂന്ന് മീറ്റര്‍ അകലത്തില്‍ നിര്‍ത്താന്‍ വനംവകുപ്പ് സ്ഥലത്തെത്തി മാര്‍ക്ക് ചെയ്തിരുന്നു.

 

 

അട്ടപ്പാടിയിൽ നിന്ന് ഇന്നലെ രാവിലെ മുതൽ കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്. നടക്കാൻ കഴിയാത്തതിനാൽ വനമേഖലയിൽ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത് നിന്നാണ് വാച്ചറെ കണ്ടെത്തിയത്.

 

 

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. 4 മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.

 

 

 

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു.

 

 

 

ആലപ്പുഴ ചേർത്തലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീൻ, ശ്രീഹരി എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

 

 

 

ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ രാത്രി പിൻവലിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് ഇപ്പോൾ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്.

 

 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്. ചില ജില്ലകളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി. പുതുച്ചേരിയിൽ ഇന്നും നാളെയും അവധിയായിരിക്കും.

 

 

 

 

 

ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമതസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ആണ് പരിപാടി. മത സൗഹാർദം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. നാളെ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും. വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും.

 

 

 

തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. 2021ലെ അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് എൽഇഡി വിളക്കുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നിരുന്നു.

 

 

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നേതാവ് ദേവന്ദ്ര ഫഡ്നവീസിന് തന്നെ ലഭിക്കുമെന്ന് സൂചന. മുഖ്യമന്ത്രിയായി ഫട്നാവിസ് വരുന്നതിനെ ഏകനാഥ് ഷിൻഡെ എതിർത്തിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ മന്ത്രിസഭ ചർച്ച വഴിമുട്ടിയത് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് തർക്കത്തിലാണെന്നും അമിത് ഷായും ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ ചർച്ചയിൽ ഷിൻഡെ 3 ആവശ്യങ്ങൾ ഷായുടെ മുന്നിൽ വെച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

 

 

 

കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റ വിഷയത്തിലടക്കം മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി ട്രംപ് ചർച്ച നടത്തി. മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചതായി ട്രംപ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *