മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ ത്രിഡി പ്രിൻ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ മെഗാ ഓർഡർ കെൽട്രോണിന് ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്. എല്‍ ആൻഡ് ടിയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തിയാണ് കെല്‍ട്രോൺ ഈ ഓര്‍ഡര്‍ നേടിയത്.
കെൽട്രോൺ വികസിപ്പിച്ച ഇൻറലിജൻറ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ദില്ലിയിൽ മാധ്യമങ്ങോട് പറഞ്ഞു.
നാളെ വൈകീട്ട് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തു. മറ്റന്നാളായിരിക്കും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ.രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം മണ്ഡലത്തിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഖയും എത്തിയേക്കും. ഒപ്പം കോൺഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണെന്നും , പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂർ കളക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങൾ കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ കോടതി വാദം കേള്‍ക്കുക.
നവീൻ ബാബുവിന്റെ സ്ഥലമാറ്റത്തിൽ ജോയിൻ്റ് കൗൺസിൽ ഇടപെട്ടിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി. എഡിഎം തലത്തിലെ സ്ഥലം മാറ്റം സർക്കാർ തീരുമാനമാണ്. വകുപ്പ് മന്ത്രിയും റവന്യൂ സെക്രട്ടറി ഉൾപ്പെടെ ഉന്നത തലത്തിലാണ് തീരുമാനം. ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന തസ്തികയാണ് എഡിഎമ്മെന്നും ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. ഏറ്റവും മിടുക്കന്മാരെയാണ് തിരഞ്ഞെടുക്കുക. അതിൽ ഒരു സർവീസ് സംഘടനയും ഇടപെട്ടിട്ട് കാര്യമില്ലെന്നും ജയചന്ദ്രൻ കല്ലിങ്കൽ കൂട്ടിച്ചേർത്തു.
പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ എംവി ഗോവിന്ദനോ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലൻ സമ്മതിച്ചതാണ്. അത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നതെന്നും. അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺഗ്രസ് നേതാവ് മുരളീധരൻ. താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
പിവി അൻവർ യുഡിഎഫിന് മുന്നിൽ വെച്ച ഡീൽ ആവശ്യത്തിൽ ആശങ്കയില്ലെന്ന് ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതെന്നും രമ്യ വിശദീകരിച്ചു. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ സുധീറിനെ കോൺഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നിൽ പി.വി അൻവർ വെച്ച ഡീൽ. എന്നാൽ വിഷയത്തിൽ ഇതുവരെയും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല
പിവി അൻവറിൻ്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണെന്ന് കെ മുരളീധരൻ. അവിടെ നിരുപാധികം പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. സ്ഥാനാർത്ഥികളെ വെച്ച് വിലപേശൽ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനും ഇല്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല, ഒന്നും ഒന്നും കൂടിയാൽ പൂജ്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അൻവറിൻ്റെ പിന്തുണയുമായി ബന്ധപ്പെട്ട ചർച്ച ഈ ഘട്ടത്തിൽ അനാവശ്യമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഷാഫി പറമ്പില്‍ എം.പിയുടെ അനുകൂലികള്‍ തന്നെ മര്‍ദിച്ചെന്ന ആരോപണവുമായി യൂത്ത്കോണ്‍ഗ്രസ് നിയോജകണ്ഡലം ഭാരവാഹി ശ്രീജിത്ത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്നും അദ്ദേഹം പറയുന്നു.
അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദത്തിൽ പ്രതികരണവുമായി ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപ്. മന്ത്രി സ്ഥാനത്തിരുന്ന് കെ രാധാകൃഷ്ണന് നിയമംവിട്ട് കണ്ണടച്ച് സഹായിക്കാൻ കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വിവാദം പ്രതിഫലിച്ചെന്ന്നും പ്രദീപ് പറഞ്ഞു. അതുകൊണ്ട് ഇനി ഉപതെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര് അറസ്റ്റിൽ. കാക്കനാട് പടമുഗളിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ, കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രൻ എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവിൽ ഏവിയേഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് മാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളായ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുവാൻ പാടുള്ളൂഎന്നതാണ് നിർദ്ദേശം.
കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നും പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും തിരുവമ്പാടി ദേവസ്വം. കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ തിരുത്ത് വേണമെന്നും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരളീയം പരിപാടിയുടെ ചെലവുകൾ പുറത്ത് വിട്ട് സർക്കാർ. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്നും ന്യൂയോർക്കിലെ ടൈം സ്ക്വയറിലെ വീഡിയോ പോസ്റ്ററിന് 8.29 ലക്ഷം ചെലവായെന്നും സർക്കാർ അറിയിച്ചു.
കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ആമ്പല്ലൂർ റൂട്ടിലോടുന്ന ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം.
ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്തുനില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് ജീവനക്കാർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു.
മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വർക്കല നഗരമധ്യത്തിലെ കടത്തിണ്ണയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് അറിയില്ല. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
രാജ്യത്തെ വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്.
അടുത്ത മാസം ഒന്ന് മുതൽ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാൽ തകര്‍ക്കുമെന്നുമാണ് ഭീഷണി. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
ദില്ലിയിലെ സ്കൂളിലെ പൊട്ടിത്തെറിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസികളോട് റിപ്പോർട്ട് തേടി. സംഭവത്തിൽ എൻഐഎയും കേസെടുക്കും. അതേസമയം, ദില്ലിയിൽ ക്രമസമാധാന നില തകർന്നെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. ദില്ലി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിന് പകരം സുരക്ഷ ഉറപ്പാക്കണമെന്നും അതിഷി കേന്ദ്രത്തോടാവശ്യപ്പെട്ടു. സ്ഫോടനത്തിലെ ഖലിസ്ഥാൻ ബന്ധവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയതിൽ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കേരളത്തിൽ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോൾ വലിയ രീതിയിൽ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും റെയിൽവേ അധികൃതരെയും അറിയിച്ചത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അംഗൻവാടികളും അടച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നഗരത്തിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ കാരണം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
അഞ്ചാം തവണയും സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. 2025 ജനുവരി എട്ട് മുതൽ 12 വരെ ജിദ്ദയിൽ അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക് ബിൽബാവോ, റയൽ മല്ലോർക്കയ്ക്ക് എന്നീ നാല് ക്ലബ്ബുകൾ മത്സരിക്കും.