ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എഡിജിപി എം ആർ അജിത് കുമാറിൻ്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് കണ്ടെത്തലുള്ള ഡിജിപിയുടെ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വാദം തള്ളുന്ന റിപ്പോർട്ട് കൂടിക്കാഴ്ച സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചട്ടലംഘനമാണെന്നും വിമർശിക്കുന്നു. അതോടൊപ്പം മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പി വി അൻവറിൻ്റെ മറ്റ് ആരോപണങ്ങളും തള്ളുന്നു.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ച് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എ ഡി എമ്മിനെതിരെ അഴിമതിയാരോപണമുന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. ഇന്ന് പത്തനംതിട്ടയിൽ എത്തേണ്ടിയിരുന്ന നവീനെ കാണാതിരുന്നതിനെ തുടർന്നുള്ള പരിശോധനയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം.
നവീൻ ബാബു ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ ബന്ധു. നവീന്റെ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നവീനെ കൂട്ടിക്കൊണ്ടു വരാൻ രാവിലെ തന്നെ പോയിരുന്നു. എന്നാൽ, ട്രെയിനിൽ നവീൻ ഉണ്ടായിരുന്നില്ല. കാത്തുനിന്നിട്ടും വരാതെ വന്നപ്പോഴാണ് അന്വേഷിച്ചത്. പിന്നീടാണ് നവീൻ കണ്ണൂരിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞതെന്ന് നവീന്റെ അമ്മാവൻ പറഞ്ഞു. വിരമിക്കാൻ 7 മാസം മാത്രം ബാക്കി നിൽക്കെയാണ് എഡിഎം അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാറാണ്. രണ്ട് പെൺമക്കളുണ്ട്.
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൌർഭാഗ്യകരവുമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൌരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചുവെന്നും. കൊലപാതകത്തിന് തുല്യമായ സംഭവമായിരുന്നു നടന്നത്. അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീൻ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാർ പറഞ്ഞു. കേരളത്തിൽ ഉന്നതനായ ഒരു സർക്കാർ ഉദ്യോഗസ്ഥന് പോലും മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയയാലാണ് സംസ്ഥാന ഭരണമെന്ന് ജയകുമാർ കുറ്റപ്പെടുത്തി. ദിവ്യയുടെ അധികാരത്തിന്റെ ഗർവ്വാണ് ഒരു ജീവൻ നഷ്ടമാക്കിയതെന്നും അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.പറഞ്ഞു.ആത്മഹത്യ ചെയ്ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിപി ദിവ്യയെ പോലുള്ള സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ എഡിഎമ്മിൻ്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പിന് ക്ഷണിക്കപ്പെടാതെ എത്തി പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏത് ചട്ടത്തിന്‍റെ പിൻബലത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. പമ്പ് അനുമതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ഇടപെടാൻ എന്ത് അവകാശമാണ് ഉള്ളതെന്നും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ഒരു അഴിമതിയെ പറ്റി ബോധ്യമായാൽ സ്വീകരിക്കണ്ട മാർഗം ഇതാണോയെന്നും രാഹുൽ ചോദിച്ചു.
എഡിഎമ്മിൻ്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്തെതിരെ സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ. ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ട്.ദിവ്യക്കെതിരെ അന്വേഷണം വേണം.രേഖാമൂലം പാര്‍ട്ടിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.
സംസ്ഥാന സർക്കാറിൻ്റെ അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.
സിപിഎം മുൻ എംപി ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. 28 വർഷം മുൻപുള്ള പാർട്ടി നടപടിയിലാണ് മുതിർന്ന നേതാവിന്റെ തുറന്നു പറച്ചിൽ. നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയാണ് ടിജെ ആഞ്ചലോസ്.
പറവൂര്‍ വടക്കേക്കരയില്‍ കടബാധ്യതയെ തുടര്‍ന്ന് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സന്ധ്യയുടെ കടം പൂര്‍ണമായും അടച്ചുതീര്‍ത്ത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. എട്ട് ലക്ഷം രൂപയെന്നത് മണപ്പുറം ഫിനാന്‍സ് നാല് ലക്ഷമായി കുറച്ചുനല്‍കി. ധനകാര്യസ്ഥാപനത്തില്‍ നിന്ന് വീടിന്‍റെ രേഖകകള്‍ ഉടന്‍ സന്ധ്യക്ക് കൈമാറും.
തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിൽ ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്. മുടവൂർ തവള കവലയിൽ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിൽ അസം സ്വദേശി ബാബുൽ ഹുസൈന്റെ മൃതദേഹം വീടിൻറെ ടെറസിന് മുകളിൽ കണ്ടെത്തിയത്.
കാനഡയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്ക് എതിരെ രംഗത്തെത്തിയതെന്ന് സൂചന. കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിഖ് സമൂഹത്തിന് കാനഡയിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 7.7 ലക്ഷത്തിലധികം സിഖുകാരുണ്ട് കാനഡയിൽ. ഇവരിൽ തന്നെ ഒരു വിഭാഗം ഖാലിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ്. അതിനാൽ തന്നെ 2025ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഖാലിസ്ഥാനെ കൂടെ നിർത്തുക എന്നത് ട്രൂഡോയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നാണ് റിപ്പോർട്ടുകൾ.
ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ എത്തുന്നത്. എന്നാൽ പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം.
ഇന്നും നാളെയുമായി ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ 23-ാമത് യോഗം നടക്കുന്നതിനാൽ തലസ്ഥാനത്ത് പാക് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി സ്കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചു .
ഇന്ന് പുലർച്ചെ ഡെറാഡൂൺ-തനക്പൂർ വീക്ക്‌ലി എക്‌സ്‌പ്രസ് ഖത്തിമ റെയിൽവേ സ്റ്റേഷൻ പിന്നിടുമ്പോൾ പാളത്തിൽ 15 മീറ്റർ നീളമുള്ള ഹൈ-വോൾട്ടേജ് വയർ കണ്ടെത്തി. 15 മീറ്റർ നീളമുള്ള വയറാണ് കണ്ടെത്തിയത്. ഇത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ട്രെയിൻ നിർത്തുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി.
ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടൽ.