തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എംഎൽഎ കെകെ രമ യുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്തില്ലെന്ന് പറഞ്ഞാൽ സർക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും അടിയന്തര പ്രമേയത്തിനും അനുമതി നൽകിയില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശൻ പറഞ്ഞു.
പാലക്കാടും ചേലക്കരയിലുമുള്ള സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് എംഎൽഎ പിവി അൻവർ . ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ലെന്നും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറിയെന്നും പി വി അൻവർ പറഞ്ഞു. എംആർ അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ് ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാത്തുമാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും പി വി അൻവർ ആരോപിച്ചു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഎം പിബി അംഗം വിജയരാഘവൻ. പാലക്കാട് എഴുതി തള്ളേണ്ട സീറ്റ് അല്ലെന്നും മുൻപ് സിപിഎം സ്ഥാനാർത്ഥി ജയിച്ച മണ്ഡലമാണിതെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദർശനത്തിനായി സ്പോട് ബുക്കിങിൽ ഇളവ് അനുവദിച്ചേക്കും. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന് തീരുമാനിച്ചത്.
ടാർഗറ്റ് 9 കോടി രൂപയാണെന്നും 93 ഡിപ്പോകളിൽ നിന്നും 85% ഡിപ്പോകൾ എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അതിനായി ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ട് ഉണ്ട്. അതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ വയനാട് തുരങ്ക പാത പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. എന്നാൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സമിതി ഭാരവാഹികൾ വ്യക്തമാക്കി. തുരങ്കപാതക്കായി തുരക്കുന്ന മലകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പൊലീസ് എഫ്ഐആറിൽ യഥാർത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. തെക്കു പടിഞ്ഞാറൻ മുറിയിലെ പാള പ്ലേറ്റുകൾ, വടക്ക് പടിഞ്ഞാറൻ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറൻസിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാറിൽ കുട്ടികളുടെ സീറ്റ്, സീറ്റ് ബെൽറ്റ് നിർദേശത്തിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട നാറ്റ്പാക് ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞു. നാറ്റ്പാക്കിലെ ഹൈവേ എൻജീനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിയെ വിമർശിച്ച് കഴിഞ്ഞ ദിവസം കുറിപ്പിട്ടത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിമർശനം.
ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ കൊലക്കേസിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.ഷിബിൻ കൊലക്കേസിൽ വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരെന്ന് ഒക്ടോബർ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബർ 15 നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുംമെന്നും പൊലീസ് അറിയിച്ചു.
വനിതാ സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ മരട് പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തു. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്.
കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെതിരെ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
പുതിയ മലയാളം ചിത്രത്തിൻ്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി സൈബർ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും പുറത്തെടുത്തശേഷം തുറന്നുവിടാൻ പാടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കിയതോടെ വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശി ബാബു മാഷിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്.
കാസര്‍കോട് കൊട്ടോടി സ്വദേശി ജസ്റ്റിന് നിയമ പോരാട്ടത്തിനൊടുവിൽ മറ്റൊരു സഭയില്‍ നിന്ന് കല്യാണം കഴിക്കാന്‍ അനുമതി പത്രം കിട്ടിയിരുന്നു. വിവാഹം നടത്തുന്നതിന് തടസമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞ സഭ, പക്ഷേ ഇപ്പോള്‍ നിലപാട് മാറ്റിയെന്ന് യുവാവ് പരാതി നൽകി. കല്യാണം നടത്തിക്കൊടുക്കില്ലെന്ന് ഇടവക വികാരി പള്ളിയില്‍ പ്രസംഗിക്കുന്ന ഓഡിയോ പുറത്ത് വരികയും ചെയ്തു. സഭ ചരിത്രത്തിൽ നിന്ന് വ്യതിചലിച്ച് നൽകിയ ആദ്യ സമ്മതപത്രം നടപ്പാക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. നിയമ പോരാട്ടം തുടരാനാണ് ജസ്റ്റിൻ്റെ തീരുമാനം.
മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിൽ കാട്ടാന ആക്രമണം ഉണ്ടായി. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു. ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ് കാട്ടാന കുത്തിമറിച്ചത്. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കാട്ടാന കേടുപാടുകള്‍ വരുത്തി. കുരിശുപള്ളിയുടെ ചില്ലുകള്‍ കാട്ടാന തകര്‍ത്തു.
പാലക്കാട് കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷമീറയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മഥൻകുമാറിനെതിരെ വധശ്രമത്തിന് കേസ് ചുമത്തി.
തിരുവനന്തപുരം കിളിമാനൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാര്‍ നമ്പൂതിരിയാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുൻപാണ് ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായത്.
കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഭാര്യ സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
xenZen എന്ന ഹാക്കർ ടെലഗ്രാമിലൂടെയും വെബ്‌സൈറ്റിലൂടെയും 3.1 കോടി ഇന്ത്യക്കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ പുറത്തുവിട്ടു. രണ്ട് ടെലഗ്രാം ചാറ്റ്ബോട്ടുകളിലൂടെയായിരുന്നു ലീക്കായ വിവരങ്ങള്‍ ലഭ്യമായിരുന്നത്. ഒരു ചാറ്റ്ബോട്ടില്‍ പിഡിഎഫ് ഫയലായും മറ്റൊന്നില്‍ സാംപിള്‍ വിവരങ്ങളായും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുത്തവരുടെ പേര്, പോളിസി നമ്പര്‍, ഫോണ്‍ നമ്പര്‍, പാന്‍ വിവരങ്ങള്‍, ക്ലെയിം ചരിത്രം എന്നിവ xenZen പരസ്യപ്പെടുത്തി. സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറാണ് വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയതെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്.
തെന്നിന്ത്യൻ അഭിനേതാക്കളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതി തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയ്ക്ക് നോട്ടീസ് അയച്ചു. ഒക്ടോബർ 23നകം വിശദീകരണം നൽകാനാണ് സുരേഖയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാന മന്ത്രിക്കെതിരെ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി നല്‍കിയ കേസിലാണ് നോട്ടീസ്.
ഒഡീഷയിലെ ജാജ്പൂരിലുള്ള ധർമശാലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകൻ പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്ന് അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി നൽകാൻ മൂന്ന് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. കർശന നടപടി ആവശ്യപ്പെട്ട് സ്കൂൾ മാനേജിംഗ് കമ്മിറ്റിയും പരാതിയുമായി നിരവധി രക്ഷിതാക്കളും രംഗത്തെത്തി.
ബംഗ്ലാദേശിലെ സത്ഖിരയിലെ ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് കാളി ദേവിയുടെ കിരീടം മോഷണം പോയി. 2021ലെ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടമാണ് മോഷ്ടിക്കപ്പെട്ടത്.
മോഷ്ടാവിനെ തിരിച്ചറിയാൻ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് പറഞ്ഞു.
യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ഫാമില്‍ നടത്തിയ റെയ്ഡില്‍ വന്‍ പുകയില ശേഖരം പിടിച്ചെടുത്തു. വിപണിയില്‍ ഏകദേശം 27 കോടി രൂപ വിലമതിക്കുന്ന 7,195 കിലോ പുകയിലയും, പുകയില ഉല്‍പ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും നിയമ നടപടികള്‍ക്കായി പ്രതികളെ ജുഡീഷ്യല്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.
തിരിച്ചടിക്കാൻ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തിൽ സഹായിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാനെതിരെ ഇസ്രായേൽ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിൽ ഗൾഫ് അറബ് രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അത്തരത്തിൽ ഇസ്രായേലിന് നൽകുന്ന ഏതൊരു സഹായവും സ്വീകര്യമല്ലെന്നും ഇറാൻ അറിയിച്ചു.
ഇസ്രായേൽ സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹിസ്ബുല്ല. ഹൈഫ-കാർമൽ പ്രദേശത്തെ ഇസ്രായേലി സൈനിക താവളങ്ങൾ, സൈനിക ആസ്ഥാനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലിൻ്റെ അയൺ ഡോം, ഡേവിഡ് സ്‌ലിംഗ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാവൽ നിന്നിട്ടും ഹിസ്ബുല്ലയുടെ ഡ്രോണിനെ തടയാൻ ഇസ്രായേലിന് കഴിഞ്ഞില്ല. ഇത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ ഹൂപ്പോ ഡ്രോൺ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ഇന്നിംഗ്സ് തോല്‍വി. ആദ്യ ഇന്നിംഗ്സില്‍ 556 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ ഇന്നിംഗ്സിനും 47 റണ്‍സിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സില്‍ 500ന് മുകളില്‍ റണ്‍സടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് കളിയിലെ താരം. സ്കോര്‍ പാകിസ്ഥാന്‍ 556, 220, ഇംഗ്ലണ്ട് 823-7.