Screenshot 2024 07 29 13 19 57 079 com.android.chrome edit 2

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപയും കൂടി ചേര്‍ത്താണ് ആറ് ലക്ഷം ലഭിക്കുക. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദുരന്തത്തിൽ 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപയും ധനസഹായം നല്‍കും.

 

 

വയനാട്ടിലെ ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ മുഴുവനായി സ്പോൺസർഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല.

 

 

 

വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടുള്ളതല്ലെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

വയനാട്ടിലെ ദുരന്തത്തിൻ്റെ അടിസ്ഥാനത്തിൽ തുരങ്ക പാതയുൾപ്പെടെയുള്ള മറ്റ് വികസന പ്രവർത്തനകൾ മാറ്റി വയ്ക്കേണ്ടതുണ്ടോ എന്ന് പഠിക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.നേരത്തെ തുരങ്ക പാതയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടന്നിട്ടുണ്ട് .പല സ്ഥലത്തും തുരങ്കങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ. തുരങ്കങ്ങൾ ഒന്നും തന്നെ മറ്റ് സ്ഥലത്ത് ദുരന്തം ഉണ്ടാക്കുന്നതായി ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലെന്നും ഇത് പഠന വിഷയമാണെന്നും പിണറായി വിജയൻ പറഞ്ഞു.

 

 

 

 

 

കര്‍ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു. പലതവണ ഈശ്വര്‍ മല്‍പെ മുങ്ങിതാഴ്ന്നെങ്കിലും പ്രതീക്ഷ നല്‍കുന്ന വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു.

 

 

 

തെരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ വളരെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലാണെ പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത് , വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. എന്നാൽ നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

 

 

കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പൊലീസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതുലഭിച്ചശേഷം ബാക്കി നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായില്ല.

 

 

 

 

സിപിഎം നേതാവ് കെകെ ലതിക കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ എംഎല്‍എ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും ശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം, യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ലെന്നും, എന്നാൽ കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത് കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

 

 

 

വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

 

 

 

ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂർ, കണ്ണൂർ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും, നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

 

 

 

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവും ഇല്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പിസി ജോര്‍ജ് ചോദിച്ചു.

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടെ 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

 

 

 

ഇ.പി. ജയരാജന്‍ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ കേരളം സുപ്രീംകോടതിയിൽ. കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അപ്പീൽ സമർപ്പിച്ചു. ഇ.പി. ജയരാജന്‍ വധശ്രമക്കേസിൽ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, സുധാകരനെതിരേ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

 

 

 

തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസിന് ഇന്ന് മുതൽ നാല് അധിക കോച്ചുകൾ. ഒരു സ്ലീപ്പറും മൂന്ന് ജനറൽ കോച്ചുകളും കൂട്ടുന്നതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാർ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമുവോ പാസഞ്ചറോ അടിയന്തരമായി വേണമെന്നാണ് യാത്രക്കാർ പ്രധാനമായും ആവശ്യപ്പെട്ടത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം യാത്രക്കാർ പ്രതിഷേധിച്ചത്.

 

 

 

 

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയിൽ സ്വീകരിച്ചു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.

 

 

 

തൃശൂർ പൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരുമെന്നും, അദ്ദേഹം പറഞ്ഞു. ഇതിനായി തൃശൂരിൽ ഇന്ന് പ്രത്യേക യോഗം വിളിച്ചു. കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു.

ഹൈകോടതിയുടെ അനുമതിക്കായി പുതിയ റിപ്പോർട്ട് നൽകും. സ്വരാജ് റൗണ്ടിന്‍റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കും.

 

 

 

കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥതകൾ ഉണ്ടായതെന്നാണ് വിവരം.

 

 

 

തൃശ്ശൂർ ചേലക്കരയിൽ 10 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ സിയാദ് ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

കോഴിക്കോട് മത്സ്യബന്ധനത്തിനിടെ പങ്കയില്‍ കുടുങ്ങിയ വല അഴിക്കാന്‍ കടലിലിറങ്ങി കാണാതായ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായിട്ട് മൂന്നാം ദിനം. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ഷിബുപൂര്‍ ജില്ലയിലെ വിജയ് ദാസിന്റെ മകന്‍ കല്ലുദാസിനെ യാണ് കഴിഞ്ഞ ദിവസം കാണാതായത്. കഴിഞ്ഞ ദിവസവും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

 

 

 

 

സ്വാതന്ത്ര്യദിനത്തിൽ തമിഴ്നാട്ടില്‍ ബിജെപി നടത്താനിരിക്കുന്ന ബൈക്ക് റാലികള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തമിഴ്നാട് സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ പതാക വഹിച്ചുള്ള റാലിക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദേശീയ പതാക വഹിച്ചുള്ള റാലിക്കെതിരായ സര്‍ക്കാര്‍ നിലപാട് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 

 

 

ജമ്മു കശ്മീരിലെ ദോഡയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ റാങ്കിലുള്ള സൈനികൻ വീരമൃത്യു വരിച്ചതായി സൂചന. പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവിടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.

 

 

ഇന്ത്യയുടെ തദ്ദേശീയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് ഉടൻ നാവികസേനയിൽ ചേരും. ഇതോടെ ഇന്ത്യയുടെ നാവിക ശക്തി പലമടങ്ങ് വർധിക്കും. ഇതിനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പല തരത്തിലുള്ള പുതിയ നവീകരണങ്ങളും ഇതിൽ വരുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

 

 

വിവാദ ഉത്തരവുമായി അസമിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ്. രാത്രിയിൽ തനിച്ച് ക്യാമ്പസിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണം എന്നാണ് വനിതാ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും നൽകിയ നിർദേശം. എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. കൊൽക്കത്തയിൽ 31കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് വിവാദ ഉത്തരവ്.

 

 

 

കൊടൈക്കനാലിന് സമീപം മന്നവനൂരില്‍ ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ ഡി.എം.കെ. പ്രാദേശിക നേതാവുള്‍പ്പെടെ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. പട്ടിവീരന്‍പട്ടി പഞ്ചായത്തിലെ പതിനൊന്നാംവാര്‍ഡ് ഡി.എം.കെ. കൗണ്‍സിലറായ പൊന്‍വണ്ണന്‍, കൊടൈക്കനാല്‍ മന്നവനൂര്‍ കീഴാണവയല്‍ സ്വദേശി ചന്ദ്രശേഖര്‍, പട്ടിവീരംപട്ടി സ്വദേശി മുരുകേശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നും ഒന്‍പത് കിലോഗ്രാം ആനക്കൊമ്പ് കസ്റ്റഡിയിലെടുത്തു.

 

 

 

 

ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ, കുഞ്ഞിന്‍റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കടലൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ 2015ൽ മഹിളാ കോടതി 10 വർഷം കഠിനതടവ് വിധിച്ച കേസിലാണ്‌ ഉത്തരവ്. രണ്ട് കുഞ്ഞുങ്ങളുടെയും അച്ഛൻ പ്രതി തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

 

 

 

 

അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ റോഡുകളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ മോഷണം പോയി. 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് നഷ്ടപ്പെട്ടത്. ഏകദേശം 50 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വിളക്കുകളാണ് ഇവ. മേയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തുവന്നത്. മോഷണത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാം ജന്മഭൂമി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

 

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യംനൽകണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെജ്‌രിവാളിന്റേത് വിചിത്രമായ സാഹചര്യമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *