എന്‍ഫോഴ്‌സ്‌മെന്റിന്റെ കള്ളപ്പണ അന്വേഷണം തൃശൂര്‍ കോര്‍പറേഷനിലേക്കും. സിപിഎം ഭരിക്കുന്ന കോര്‍പറേഷനില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരം. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സിപിഎം കൗണ്‍സിലറില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ കോര്‍പറേഷനിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. പെട്ടിക്കട മുതല്‍ വാണിജ്യ സമുച്ചയങ്ങള്‍വരെ ക്രമപ്പെടുത്താന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി. മുന്‍മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തനംതിട്ട സഹകരണ ബാങ്കിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കളളവോട്ട് ആരോപണവുമായി യുഡിഎഫും സിപിഎമ്മും. സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി എസ്എഫ്‌ഐ ജില്ലാസെക്രട്ടറി കെ എസ് അമല്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടതിനു പിറകേ, പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി എ. സുരേഷ് കുമാര്‍ കള്ളവോട്ടു ചെയ്‌തെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.
എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പിരിച്ചുവിട്ട നടപടി ഡല്‍ഹിയിലെ രോഹിണി കോടതി സ്‌റ്റേ ചെയ്തു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ടി.പി. മണിയപ്പന്‍ ചുമതലയേല്‍ക്കരുതെന്നു കോടതി ഉത്തരവിട്ടു.
അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നീ നാലു ജീവനക്കാര്‍ക്കെതിരെ ഷോളയൂര്‍ പൊലീസ് കേസെടുത്തു.
ഒരു ബാങ്കെങ്കിലും കൊള്ളയടിച്ചവരെയാണ് സി പി എം സഹകരണ മന്ത്രിയാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സഹകരണ പ്രസ്ഥാനത്തിന്റെ അന്തകനാണ് പിണറായി വിജയന്‍. കള്ളപ്പണത്തി്#റെ ഓഹരി മന്ത്രിമാരടക്കം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കിട്ടെടുത്തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കടയ്ക്കലില്‍ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് പുറത്ത് എഴുതിയെന്ന പരാതി വ്യാജമെന്നു പോലീസ്. സൈനികന്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു. ശരീരത്തില്‍ പിഎഫ്‌ഐയെന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു.
തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്.
ആലപ്പുഴ വനിത ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത(34) ആണ് മരിച്ചത്. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി കെ.സി. ബിനു (50) ആത്മഹത്യ ചെയ്തത് കര്‍ണാടക ബാങ്കിന്റെ ഭീഷണിമൂലമാണെന്ന് ബന്ധുക്കള്‍. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്ട് പുതിയ നിപ കേസുകളില്ല. സമ്പര്‍ക്കപ്പട്ടികയിലെ 915 പേര്‍ ഐസോലേഷനില്‍ കഴിയുന്നുണ്ട്. ചികിത്സയിലുളളവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു. നിപ പരിശോധന വേഗത്തിലാക്കാന്‍ കൂടുതല്‍ ഇടങ്ങളില്‍ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്.
മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍. കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് ഷാജനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പണമിടമാടു വിവരങ്ങള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഷാജനോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ എത്തിയതാണെന്നു ഷാജന്‍ പറഞ്ഞു.
കാസര്‍കോട്ട് ഗൃഹനാഥന്‍ വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍. തൃക്കരിപ്പൂര്‍ പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ (54 ) ആണ് മരിച്ചത്.
കാവേരി നദീജലത്തര്‍ക്കത്തില്‍ തമിഴ്‌നാടിനു വെള്ളം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബെംഗളുരുവില്‍ ബന്ത്. ഓട്ടോ, ബസ് സര്‍വീസുകള്‍ മുടങ്ങിയില്ല. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. ബെംഗളൂരുവില്‍ നിരോധനാജ്ഞയാണ്. ഈ മാസം 29 ന് സംസ്ഥാനവ്യാപകമായി ബന്ത് നടത്തുമെന്നു കന്നഡ ഒക്കൂട്ടയെന്ന കന്നഡഭാഷാ കൂട്ടായ്മയും അറിയിച്ചു.
മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 17, 20 വയസുള്ള മെയ്‌തെയ് വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്.
ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അയല്‍വാസികളായ യുവാക്കളാണ് 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത്.
ഗുജറാത്തിലെ അഹമ്മദാബാദിലും സഹകരണബാങ്കിനു നിയന്ത്രണം. കളര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് ഇടപാടുകാര്‍ക്ക് അമ്പതിനായിരം രൂപവരെ മാത്രമേ പിന്‍വലിക്കാവൂവെന്നാണ് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണു നടപടി.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കു മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം മുഴക്കിയാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചത്.
ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
ചില ഭീകരര്‍ കാനഡ സുരക്ഷിത താവളമാക്കിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസികളുമായി ബന്ധമുള്ള ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കാനഡ സ്വീകരണം നല്‍കിയത് എല്ലാവരും കണ്ടു. അദ്ദേഹം പറഞ്ഞു.
റഷ്യയുടെ കരിങ്കടല്‍ സേനാ കമാണ്ടര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍. അഡ്മിറല്‍ വിക്ടര്‍ സൊഖോലോവ് യുക്രെയിന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടെ മുപ്പതു സൈനികരും കൊല്ലപ്പെട്ടു. എന്നാല്‍ യുക്രൈന്റെ വാദത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.