വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 1747.50 രൂപയായി. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു.
അഞ്ചംഗ സംഘം യാത്ര ചെയ്ത കാര്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു പുഴയില്‍ വീണ് രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെ എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് അമിത വേഗത്തിലെത്തിയ കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയും നേഴ്‌സും അടക്കം മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നുമുതല്‍ ട്രെയിന് സമയത്തില്‍ മാറ്റം. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ടു ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകളും ഇന്നു പ്രാബല്യത്തിലാകും.
ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനു കോഴ നല്‍കിയെന്ന ആരോപണത്തിനു പിന്നില്‍ അഖില്‍ സജീവും കോഴിക്കോട്ടെ അഭിഭാഷകന്‍ ലെനിനുമാണെന്നു സംശയിച്ച് പോലീസ്. തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്നു സംശയമുണ്ട്. ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ബാസിതിനെ കണ്ടതോടെ പോലീസ് വീണ്ടും അയാളെ ചോദ്യം ചെയ്യും. അഖില്‍ മാത്യുവിനോ മറ്റാര്‍ക്കെങ്കിലുമോ പണം കൈമാറുന്ന ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഹരിദാസിനെ ചോദ്യം ചെയ്യും.
മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവരാണ് പ്രതിഷേധ സമരവുമായി എത്തിയത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. 300 നിക്ഷേപകര്‍ക്കായി 13 കോടി രൂപ നഷ്ടമായെന്നാണ് പരാതി.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭാ ടീവി പുറത്തുവിട്ട പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് നികുതി വകുപ്പ് ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം പാളയം എ കെ ജി സെന്ററിനു മുന്നില്‍ പൊലിസ് കണ്‍ട്രോള്‍ റൂം വാഹനം ഇലകട്രിക് പോസ്റ്റിലിടിച്ച് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ അജയകുമാര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന അജയകുമാര്‍ ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്കു തെറിച്ച് പോസ്റ്റില്‍ വന്നിടിക്കുകയായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റിന്റെ വേട്ടയ്‌ക്കൊപ്പം മാധ്യമങ്ങളും നില്‍ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കടന്നാക്രമണങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം അനാച്ഛാദനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുത്തു. വൈകീട്ട് തലശ്ശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണമാണെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികളാണ് ഗൂഢാലോചനക്കു പിന്നില്‍. ബാലന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് രാവിലെ എകെജി സെന്ററില്‍ പതാക ഉയര്‍ത്താനെത്തിയപ്പോഴാണ് ഈ പ്രതികരണം.
ഇന്നലെ പൂര്‍ത്തിയാക്കേണ്ടിരുന്ന കോണ്‍ഗ്രസ് മണ്ഡലം പുനസംഘടന തര്‍ക്കത്തില്‍. മിക്ക ജില്ലകളിലും മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനായില്ല. അടുത്തയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പുനസംഘടനയാണ് മുഖ്യഅജണ്ട.
തിരുവനന്തപുരത്ത് 31 വേദികളിലായി നാലായിരത്തോളം കലാകാരന്മാര്‍ ഒരുക്കുന്ന മുന്നൂറോളം കലാപരിപാടികളുമായി ‘കേരളീയം’ സംസ്‌കാരിക വിരുന്ന് നവംബര്‍ ഒന്നിനാരംഭിക്കും. ഏഴു വരെ ഒരാഴ്ചത്തെ കലോല്‍സവത്തിന് ഒമ്പതു തീമുകളുണ്ട്. നവംബര്‍ ഏഴിന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മെഗാഷോയോടെയാണ സമാപനം.
മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിനെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപിച്ച് പത്തു പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു. വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പഴനി മുരുകന്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം ഇന്ന് നിലവില്‍ വന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ക്ഷേത്ര പരിസരത്ത് അഞ്ചു രൂപ നല്‍കിയാല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊല്ലേഗലില്‍ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗം ഡോക്ടറുമായ സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിനു സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കില്‍ വനിതാ ഡോക്ടറെ കുത്തിയ പ്രതിയെ തേടി പോലീസ്. ടാഗോര്‍ ഗാര്‍ഡനിലെ ക്ലിനിക്കില്‍ അക്രമം നടത്തിയ പ്രശാന്ത് താക്കൂര്‍ എന്നയാളെയാണ് പോലീസ് തെരയുന്നത്.
യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗ്ലാസ്‌ഗോ ഗുരുദ്വാരയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞ സംഭവത്തില്‍ ഗുരുദ്വാര മാപ്പപേക്ഷിച്ചു. തടഞ്ഞ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. നടപടിയെടുക്കണമെന്ന് ബ്രിട്ടണ്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് പിന്തുണയില്ലെന്ന് ആരോപിച്ചാണ് എംബസി അടച്ചത്.
ഓസ്‌ട്രേലിയയില്‍ തിമിംഗലം ബോട്ടിലിടിച്ച് ഒരാള്‍ മരിച്ചു. സിഡ്‌നി തീരത്തിനടുത്തുള്ള ബോട്ടണി ബേയിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉയര്‍ന്നുപൊന്തിയ തിമിംഗലം മത്സ്യ ബന്ധനം നടത്തുകയായിരുന്ന ചെറുവള്ളത്തിനു മുകളിലേക്ക് പതിച്ചതോടെ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്കു തെറിച്ചുവീണാണ് അപകടമുണ്ടായത്.