രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേട്ട് അടക്കമുള്ള 68 ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണു നടപടി. ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് അറിഞ്ഞിട്ടും ഉത്തരവിറക്കിയതിനെ കോടതി വിമര്‍ശിച്ചു. അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ച മജിസ്ട്രേറ്റ് എച്ച്.എച്ച്.വര്‍മ്മയെ രാജ്കോട്ട് ജില്ലാ ജഡ്ജിയായാണു സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.
ഡോ. വന്ദന ദാസ് കൊലക്കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും കണ്ടെത്താനായില്ല.
ഡോ വന്ദനദാസിന്റെ കൊലപാതകത്തില്‍ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പൊലീസ് സേനയ്ക്ക് നാണക്കേടാണ് സംഭവമെന്ന് വിഡി സതീശന് പറഞ്ഞു. ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികള്‍ മറ്റൊന്നു പറയുന്നു. എന്നാല്‍ എഫ്ഐആറില്‍ മറ്റൊന്ന് എഴുതുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതാണ്. പോലീസ് വാതിലടിച്ച് രക്ഷപ്പെടാനാണു ശ്രമിച്ചതെന്നും സതീശന്.
ഡോ. വന്ദന ദാസിനെ പെലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഡോ വന്ദനയുടെ കൊലപാതകത്തില്‍ പോലീസീന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ എക്സ്പീരിയന്‍സിനെ പരിഹസിച്ച ആരോഗ്യവകുപ്പു മന്ത്രിക്ക് എന്ത് എക്സ്പീരിയന്‍സാണുള്ളതെന്നും മന്ത്രി കേരളത്തിന് അപമാനമാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല. മരിച്ച കുട്ടിയെ അപമാനിക്കാനാണ് മന്ത്രി ശ്രമിച്ചത്. ചെന്നിത്തല പറഞ്ഞു.
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകട കേസില്‍ പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസറിനു പുറമെ അഞ്ചു ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നു പേരെയും അറസ്റ്റു ചെയ്തിരുന്നു.
മന്ത്രി വി അബ്ദുറഹ്മാന് സിപിഎം അംഗത്വമെടുത്തു. താനൂര്‍ ഏരിയാ കമ്മിറ്റിയില്‍ സ്ഥാനം നല്‍കിയേക്കം. പാര്‍ട്ടി അംഗത്വം പുതിയ കാര്യമല്ലെന്നാണ് അബ്ദുറഹ്മാന് പ്രതികരിച്ചത്. 2014 ലാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് എല്‍ഡിഎഫ് സഹയാത്രികനായത്. നാഷണല്‍ സെകുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ പേരിലാണ് എല്‍ഡിഎഫില്‍ മല്‍സരിച്ചിരുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ സിപിഎമ്മിന്റെ കെ. ശാന്തകുമാരി എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. പനി ബാധിച്ച ഭര്‍ത്താവിനു ചികിത്സ തേടിയെത്തിയതാണ് കോങ്ങാട് എംഎല്‍എ. ഡ്യൂട്ടി ഡോക്ടര്‍ കൈകൊണ്ട് തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോള്‍ എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ത്തു. നിങ്ങളുടെ സ്വഭാവംകൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നു ഡോക്ടര്‍മാര്‍ ആരോപിച്ചു.
വയറില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട്ടെ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന്. ഈ മാസം 22 ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നില്‍ ഉപവാസ സമരം ആരംഭിക്കും. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള സമരത്തിനു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്മാര് തീരം തൊടും. ഇന്ന്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനു പോകുന്നവര്‍ ജാഗ്രത പാലിക്കണം.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നികുതിപ്പണംകൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണെന്ന് മുന്‍ മന്ത്രി എം.എം മണി. നാടിനോട് കൂറില്ലാത്തവരാണവര്‍. അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ കടന്നുകയറ്റം തടയാന്‍ ഒന്നും ചെയ്യുന്നില്ല. കാശു കിട്ടുന്നിടത്തുനിന്നും വാങ്ങാന്‍ മാത്രമാണ് താല്പര്യം. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിലാണ് ഇങ്ങനെ പ്രസംഗിച്ചത്.
ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശുവിനെ കഴുത്തു ഞെരിച്ചു കൊന്നെന്ന കേസില്‍ അതിഥി തൊഴിലാളികള്‍ അറസ്റ്റിലായി. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്.
കുന്നംകുളത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചരയോടെ ആറു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിച്ചത്.
കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
നാഗര്‍കോവിലില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും ടാറ്റ സുമോ കാറും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമാടത്തിന് സമീപത്താണ് അപകടമുണ്ടായത്.
കര്‍ണാടകത്തില്‍ നാളെ വോട്ടെണ്ണല്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭ വന്നാല്‍ ജെഡിഎസിന്റെ തീരുമാനം നിര്‍ണായകമാകും. ഇതിനിടെ വോട്ടു സ്വാധീനിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്മാനിച്ച സാരികള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വോട്ടെടുപ്പു ദിവസം രാവിലെ സ്ത്രീകള്‍ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികള്‍ വലിച്ചെറിഞ്ഞ് ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതാണു വീഡിയോയിലുള്ളത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിന്റെ പദയാത്ര കോണ്‍ഗ്രസിന്റെ അറിവോടെയല്ലെന്ന് പി സി സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്തസാരെ. സച്ചിനെതിരെ നടപടിയെടുക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ മോചിപ്പിക്കാതെ പൊലീസ് ഗസ്റ്റ് ഹൗസിലേക്കു മാറ്റി. മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും മോചിപ്പിച്ചിട്ടില്ല. മറ്റു കേസുകളുമായി ബന്ധപ്പെട്ട് ഇമ്രാനെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇന്നു ഹാജരാക്കിയേക്കും.