മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തി.
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു വൈകുന്നേരം കേരളത്തിലെത്തും. ചികിത്സയിലുള്ള പിതാവിനെ കാണണാനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി.
കെ ഫോണ്‍ വീടുകളിലേക്കു വാണിജ്യ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍ നല്‍കാന്‍ കെ ഫോണ്‍ ചുമതലപ്പെടുത്തിയത് കേരള വിഷന്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്കിനെയാണ്. ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ ഇതര കേബിള്‍ ഓപറേറ്റര്‍മാരെ സഹകരിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ഭാര്യയുടേയും വരുമാന സ്രോതസ് വിജിലന്‍സ് അന്വേഷിക്കുന്നു. ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് നോട്ടീസ് അയച്ചു. കണ്ണൂരില്‍ ഓഫീസ് നിര്‍മിക്കാന്‍ വിദേശത്ത് നിന്നടക്കം നടത്തിയ പണപ്പിരിവില്‍ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് കെ സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം.
അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യും.
വയനാട്ടില്‍ കര്‍ണാടകയുടെ നന്ദിനി പാല്‍ വില്‍പനശാലകള്‍ക്കെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍. പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്നു കര്‍ഷകര്‍ പറഞ്ഞു.
വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച യുവാവിനെ പുറത്തെത്തിക്കാന്‍ വാതിലിന്റെ താഴു തകര്‍ത്ത റെയില്‍വെയ്ക്കു നഷ്ടം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപയും. ട്രെയിന്‍ 20 മിനിറ്റ് വൈകുകയും ചെയ്തു. പിടിയിലായ ഉപ്പള സ്വദേശി ശരണിനെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ഇന്നെത്തും. ഇയാള്‍ക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നു ഡോക്ടര്‍മാര്‍.
സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കല്‍ സെക്രട്ടറി അബ്ദുള്‍ നാസറിനെ സ്ഥാനത്തുനിന്നു മാറ്റി. ചെറുപ്പളശേരി കോ – ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായിരുന്ന എല്‍.സി. സെക്രട്ടറിക്കെതിരെ രണ്ടംഗ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പദവി രാജിവക്കണമെന്നും ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി അബ്ദുള്‍ നാസറിനോട് ആവശ്യപ്പെട്ടിരുന്നു.
ജയിലറെ തല്ലിയ ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്.
കൊട്ടാരക്കരയില്‍ റോഡരികില്‍ ഒഡീഷക്കാരനായ യുവാവ് മരിച്ചു കിടന്ന സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. അവയബോറ എന്നയാളാണു കൊല്ലപ്പെട്ടത്. സഹോദരീ ഭര്‍ത്താവ് മനോജ് കുമാര്‍ നായികിനെയാണ് അറസ്റ്റു ചെയ്തത്. സിമന്റു കട്ട ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
ഇന്ത്യയില്‍ എന്തുണ്ട് വിശേഷങ്ങളെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ്, ഈജിപ്ത് സന്ദര്‍ശനത്തിനു തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരോടാണ് പ്രധാനമന്ത്രി മോദി ഇങ്ങനെ ആരാഞ്ഞത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഡല്‍ഹി, പഞ്ചാബ് ഘടകങ്ങള്‍. ഡല്‍ഹിയിലെ അധികാരം കവര്‍ന്നുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരേ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കരുതെന്നാണ് ഇരു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്. പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എഐസിസി നേതൃത്വം തീരുമാനമെടുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിച്ചു. മണ്ഡിയില്‍ കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടല്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.
ഭാര്യയുമായി പ്രണയമുണ്ടെന്നു സംശയിച്ച് ഭര്‍ത്താവ് യുവാവിന്റെ കഴുത്തു മുറിച്ചു ചോര കുടിച്ചു. കര്‍ണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കില്‍ മാരേഷ് എന്ന യുവാവിനെയാണ് ഇങ്ങനെ ആക്രമിച്ചു ചോര കുടിച്ചത്. സംഭവത്തില്‍ ചിന്താമണി സ്വദേശി വിജയിനെ അറസ്റ്റു ചെയ്തു.
കര്‍ണാടകയില്‍ ജൂലൈ മൂന്നിനു തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷമായ ബിജെപി. പ്രതിപക്ഷ നേതാവ് ആരാകണമെന്നതു സംബന്ധിച്ച് ബിജെപി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ഈയാഴ്ചയോടെ തീരുമാനമുണ്ടാകും.
ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ യുവാവിനെ തല്ലിക്കൊന്നു. നാസിക് ജില്ലയില്‍ പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിര്‍ത്തി കുര്‍ള സ്വദേശിയായ 32 കാരനെ തല്ലിക്കൊന്നത്.
ആറ് മുസ്ലിം രാജ്യങ്ങളില്‍ ബോംബാക്രമണം നടത്തിയയാളാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യന്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ഇതര മതസ്ഥരെ ദ്രോഹിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദിക്കുമെന്നു പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്ന കേന്ദ്ര മന്ത്രി.
ലൈംഗിക ബന്ധം വേണോയെന്നു തീരുമാനിക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവും 16 വയസുള്ള പെണ്‍കുട്ടിക്കുണ്ടെന്ന് മേഘാലയ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും വാദിച്ച പ്രതി പോക്‌സോ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇങ്ങനെ വിചിത്രമായ ഉത്തരവിട്ടത്.