ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിന് അക്കാര്യം പരിഗണിക്കാവുന്നതായിരുന്നു. ഇളവിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണു പ്രതികള്‍ സമര്‍പ്പിച്ചത്. പ്രതികളെ ജയിലിലടയ്ക്കണം. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബഞ്ച് വ്യക്തമാക്കി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17 ന് ഗുരുവായൂരില്‍ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വരവ്. സുരക്ഷ ക്രമീകരണങ്ങള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പു പൊലീസിനോട് റിപ്പോര്‍ട്ട് തേടി. പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്ത് 5,024.535 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ട ഹൈറേഞ്ച് സര്‍ക്കിളിലാണ് കയ്യേറ്റങ്ങള്‍ കൂടുതല്‍. മൂന്നാര്‍ ഡിവിഷനിലാണ് കൂടുതല്‍ കയ്യേറ്റങ്ങളുള്ളത്, 1099.6538 ഹെക്ടര്‍. വനം വകുപ്പ് പുറത്തുവിട്ട 2021- 22 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം.
മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ വേട്ടയാടലുകള്‍ക്കെതിരെ റോബിന്‍ ബസ് ഉടമ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കോടതി ഗതാഗത സെക്രട്ടറിയോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസയച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ടുകളെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ . പി ജയരാജന്‍ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരകേസില്‍നിന്ന് കുറ്റമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബന്ധുക്കളായ ആറു പേരെ കൊലപ്പെടത്തിയെന്ന കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നുമാണ് ജോളിയുടെ വാദം.
ചെന്നൈയില്‍ നിന്ന് 11, 12 തീയതികളില്‍ കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നാണ് ചെന്നൈ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്.
കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് 85 ലക്ഷംരൂപ തട്ടിയ കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരേ 40 ലേറെ പേരുടെ പരാതി. എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വീട്ടമ്മമാര്‍ പ്രതിഷേധവുമായി എത്തിതോടെയാണ് രമ്യ ഷിയാസിനെതിരേ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായതെന്നു തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം ആണ് മരിച്ചത്. ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
സീലിങ് അടര്‍ന്നു വീണ തിരുവില്വാമലയിലെ കാട്ടുകുളത്തെ എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഒരു കോടി രൂപ അനുവദിച്ചു. കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്തും തുക വകയിരുത്തി.
എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു താമസിച്ച യുവതിക്ക് നേരെ ടൂറിസ്റ്റ് ഹോം ഉടമയുടെ ആക്രമണം. ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ. വില്ലുപുരം, കുടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, ചെങ്കല്‍പട്ട, പുതുച്ചേരി എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്. ചെന്നൈ അടക്കം 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
ദേശീയ വോട്ടേഴ്‌സ് ദിനമായ 24 ന് കന്നി വോട്ടര്‍മാര്‍ക്കായി ബിജെപി രാജ്യമാകെ അയ്യായിരം ഇടങ്ങളില്‍ ‘നവ് മത് ദാതാ സമ്മേളന്‍’ സംഘടിപ്പിക്കും. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും. ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വിളിച്ച യോഗത്തിലാണു തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കന്നി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ സംഗമം ഒരുക്കുന്നത്. ദക്ഷിണേന്ത്യയില്‍ നവ് മത് ദാതാ സമ്മേളനത്തിന്റെ ഏകോപന ചുമതല അനില്‍ ആന്റണിക്കാണ്.
ഹോംവര്‍ക്ക് ചെയ്യാത്തതിന് ഒരു ക്ലാസിലെ 50 കുട്ടികളെ ക്ലാസില്‍നിന്നും പുറത്താക്കിയ സ്‌കൂളിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷിച്ച് കോടത്. കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എന്‍ക്ലേവിലെ ബ്രിഗേഡ് സ്‌കൂളിനെയാണു ശിക്ഷിച്ചത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മാലിദ്വീപിലെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അവിടേക്കുള്ള വിനോദയാത്രാ സംഘങ്ങളുടെ എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്‌മൈട്രിപ്പ് ഡോട്ട് കോം. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാര്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഇന്ത്യ മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയത്തിലെത്തി തെറ്റു ചെയ്ത മന്ത്രിമാരെ സസ്‌പെന്‍ഡു ചെയ്‌തെന്ന് ഇന്ത്യയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കേ മാലിദ്വീപ് പ്രസിഡന്റ് ഇന്ന് ചൈനയില്‍. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്‌സുവിന്റെ ചൈന പര്യടനം. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് ചൈന വെളിപെടുത്തി.
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയാകുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ പൊതുതെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിരുന്നു. 300 സീറ്റില്‍ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് ജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീനയ്ക്കു ഭൂരിപക്ഷം രണ്ടര ലക്ഷം വോട്ടാണ്. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമറിന് ഗോള്‍ഡന്‍ ഗ്ലോബ്. അണുബോംബിന്റെ പിതാവ് ഓപ്പണ്‍ഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്‌സോഫീസിലും ഹിറ്റായിരുന്നു. അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട് ബ്രൗണി ജൂനിയര്‍ മികച്ച സഹനടനായി. പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച സിനിമ (ഡ്രാമ) – ഓപ്പണ്‍ഹൈമര്‍
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്‌സ്
മികച്ച സംവിധായകന്‍ – ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പണ്‍ഹൈമര്‍)
മികച്ച തിരക്കഥ -‘അനാട്ടമി ഓഫ് എ ഫാള്‍’ – ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി
മികച്ച നടന്‍ -കിലിയന്‍ മര്‍ഫി (‘ഓപ്പണ്‍ഹൈമര്‍’)
മികച്ച നടി – ലില്ലി ഗ്ലാഡ്സ്റ്റോണ്‍ (‘കില്ലേര്‍സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍’)
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) – എമ്മ സ്റ്റോണ്‍ – പൂവര്‍ തിംഗ്‌സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) – പോള്‍ ജിയാമാറ്റി (‘ദ ഹോള്‍ഡോവര്‍സ്’)