കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡരികില്‍ രണ്ടു മണിക്കൂറിലേറെ നീണ്ട കുത്തിയിരിപ്പു സമരം നടത്തി. തനിക്കെതിരേ കരിങ്കൊടിയുമായി എത്തിയവര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന് എഫ്‌ഐആര്‍ കൈമാറിയശേഷമാണ് ഗവര്‍ണര്‍ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചത്. കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ അത്യപൂര്‍വവും നാടകീയവുമായ നീക്കങ്ങള്‍ നടത്തിയത്. എഫഐആറിന്റെ പകര്‍പ്പു ഹാജരാക്കാതെ സ്ഥലത്തുനിന്ന് മാറില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. കുത്തിയിരിപ്പു സമരത്തിനിടെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായി ഫോണില്‍ വിളിച്ചു സംസാരിച്ചു. ഗവര്‍ണര്‍ പോലീസിനെ ശകാരിച്ചു. കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

തന്നെ ആക്രമിക്കാന്‍ എസ്എഫ്‌ഐക്കാരെ അയച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ തന്റെ കാറിലിടിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അവര്‍. അവരെ ദിവസക്കൂലിക്കെടുത്താണ് ഈ അതിക്രമങ്ങള്‍ ചെയ്യിക്കുന്നത്. അനുനയിപ്പിക്കാന്‍ ഫോണിലൂടെ ശ്രമിച്ച ഡിജിപിയെ അദ്ദേഹം ശകാരിച്ചു. മുഖ്യമന്ത്രിക്കു നിങ്ങള്‍ ഇങ്ങനെയുള്ള സുരക്ഷയാണോ നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പുഞ്ചിരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ റോഡിലിരുന്നു പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് മറുപടിയൊന്നും പറയാതെ ചിരിച്ചുകൊണ്ട് പ്രതികരിച്ചത്.

ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇറക്കിവിട്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഭരണഘടനപരമായ ഉത്തരവാദിത്വം പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. പൊലീസിന് നേരത്തെ അറിയാമായിരുന്നിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ കരിങ്കൊടി കാണിച്ചതിന് 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ എഫഐആര്‍. പതിനേഴു പേരല്ല, അമ്പതോളം പേരുണ്ടെന്നാണ് ഗവര്‍ണര്‍ ആരോപിച്ചത്.

കേരളത്തിനു ക്ഷീണമുണ്ടായാലേ മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയുള്ളൂവെന്നും നല്ല കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ മുന്നേറ്റം അറിയണമെങ്കില്‍ ഇംഗ്ലീഷ് പത്രം വായിക്കണം. കേരളത്തില്‍ 91,000 കോടി രൂപയുടെ നിക്ഷേപം വന്നെന്ന വാര്‍ത്ത മാധ്യമങ്ങള്‍ തമസ്‌കരിച്ചു. തമിഴ്‌നാട്ടില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപം വരുമെന്ന വാര്‍ത്ത ഒന്നാം പേജിലാണ് വന്നത്. രാജേഷ് പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കാന്‍ കരാറുകാരന്റെ വാഹനമാണോ അധോലോക രാജാവിന്റെ വാഹനമാണോയെന്നു പരിശോധിക്കേണ്ടതു മന്ത്രിയാണോയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ ഉത്തരവാദിത്തമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര ഇന്ന് കാസര്‍കോട്ടുനിന്ന് തുടങ്ങും. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകിട്ട് മൂന്നിന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് ഒരു മാസത്തെ പര്യടനം.

ബാങ്ക് അക്കൗണ്ടുകള്‍ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓണ്‍ ലൈന്‍ തട്ടിപ്പ്. 22 അക്കൗണ്ടുകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വിദേശത്തു നിന്നാണ് തട്ടിപ്പ് സംഘം ഈ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത്. തട്ടിപ്പു നടന്ന ഒരു അക്കൗണ്ടിലൂടെ പത്തു ദിവസം കൊണ്ട് അഞ്ചരക്കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അക്കൗണ്ട് ഉടമ മുഹമ്മദ് സോജിന്‍ ഇപ്പോള്‍ അറസ്റ്റിലാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നാലര ലക്ഷം രൂപ നഷ്ടമായ തിരുവനന്തപുരം മണക്കാടുള്ള ഒരു വീട്ടമ്മയുടെ പരാതിയിലെ അന്വേഷണമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ അപകടാവസ്ഥയിലായ പാലങ്ങളില്‍ അടുത്ത ആഴ്ച അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി. ഒരു മാസത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കും.

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ കരടി ഇറങ്ങി. കോടതി വളപ്പില്‍ രാത്രി 11 മണിയോടെയാണ് കരടിയെ കണ്ടത്. കോളിയാടിയിലും കരടിയെത്തി. കരടി ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.

സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയ്ക്കടുത്ത് ചൂരിമലയില്‍ സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി. വയനാട് സൗത്ത് 09 എന്ന കടുവയാണു പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ കടുവ തന്നെയാണ് സിസിയിലും ഇറങ്ങിയതെന്നും വനംവകുപ്പ്.

മലപ്പുറം വണ്ടൂരില്‍ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ അറസ്റ്റു ചെയ്തു. വണ്ടൂര്‍ സ്വദേശി വാസുദേവനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മകന്‍ സുദേവിനെ അറസ്റ്റ് ചെയ്തു.

അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. അറുപത്തിരണ്ടുകാരിയായ ലളിതയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ബാലനാണ് പിടിയിലായത്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപി ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയ കേസില്‍ തന്നെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഎപി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി രൂപ പിടിച്ചുവച്ചെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരേ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമരത്തിന്. കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഒരാഴ്ചയ്ക്കകം തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പു നല്‍കി.

ഡല്‍ഹി പൊലീസ് അസി. കമ്മീഷണറുടെ മകന്‍ കൊല്ലപ്പെട്ട നിലയില്‍. എസിപി യശ്പാല്‍ സിംഗിന്റെ മക മകന്‍ ലക്ഷ്യ ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാന്‍.

കര്‍ണാക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകനും ബിജെപി എംപിയുമായ ബി വൈ രാഘവേന്ദ്രയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാമനൂര്‍ ശിവശങ്കരപ്പ. ബെക്കിന കല്‍മറ്റയില്‍ സംഘടിപ്പിച്ച ഗുരു ബസവശ്രീ അവാര്‍ഡ് പ്രധാന്‍ ആധ്യാത്മിക സമ്മേളനത്തില്‍ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ശിവശങ്കരപ്പ.

മെക്‌സിക്കോയില്‍ വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിയതോടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനം നാലു മണിക്കൂര്‍ വൈകിയതോടെയാണ് യാത്രക്കാരന്‍ ഇങ്ങനെ പ്രതിഷേധിച്ചത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *