മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍. 2022 ല്‍ എക്‌സാലോജിക് കമ്പനി മരവിപ്പിക്കാന്‍ നല്‍കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. മരവിപ്പിക്കാനുള്ള അപേക്ഷ നല്‍കാന്‍ രണ്ടു വര്‍ഷത്തിനിടെ ഒരു ഇടപാടും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഇടപാടുകള്‍ നടന്നിട്ടും മരവിപ്പിലിനു ശ്രമിച്ചത് ചിലതെല്ലാം ഒളിപ്പിക്കാനാണെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ മാസം 25 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കേണ്ട നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കരടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെന്നാണ് വിവരം.
തൃശൂര്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി എല്‍ഡിഎഫുമായി ഒത്തുകളിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സംശയമുണ്ട്. എന്തെല്ലാം ചെയ്താലും ഈ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സമരത്തിന് അറസ്റ്റും ജയിലുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തതു
കൊടും കുറ്റവാളയേപോലെയാണ്. പൊലീസ് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തനിക്കു രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫിറ്റ് എന്നാണ് രേഖപ്പെടുത്തി. മെഡിക്കല്‍ രേഖ വ്യാജമെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അതു തെളിയിക്കണമെന്നു വെല്ലുവിളിക്കുകയാണ്. രാഹുല്‍ പറഞ്ഞു.
സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകള്‍ക്കും എതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷണത്തിന് വരുന്നത്. ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍. എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമാണ്. വീണ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. മന്ത്രി പറഞ്ഞു..
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യട്ടെ. അദ്ദേഹം പറഞ്ഞു.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിഴിഞ്ഞം ഹാര്‍ബറിലെ നോര്‍ത്ത് വാര്‍ഫില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് രാമതീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും.
നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളത്തെ പാവക്കുളം ക്ഷേത്രത്തിലേക്കാണ് ഓണവില്ല് കൊണ്ടുപോവുക. ഞായറാഴ്ച കൊച്ചിയില്‍നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോധ്യയിലെത്തിക്കും.
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹമാന് കുത്തേറ്റു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കുത്തിയത് 14 പേരടങ്ങുന്ന കെഎസ് യു- ഫ്രട്ടേണിറ്റി പ്രവര്‍ത്തകരാണെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍ ആരോപിച്ചു. 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക് ഒന്നാം പ്രതി. അധ്യാപകനെ കുത്തിയ ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുളളത്.
സിപിഎം തിരുവല്ലയില്‍ സംഘടിപ്പിക്കുന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം – സിപിഐ സംസ്ഥാന സെക്രട്ടറിമാരും, ഇടതുമുന്നണി ഘടക കക്ഷി നേതാക്കളും പങ്കെടുക്കും. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എകെജി പഠന ഗവേഷണ കേന്ദ്രമാണ് മൂന്നു ദിവസം നീളുന്ന ആഗോള പ്രവാസി സംഗമം നടത്തുന്നത്.
മരിച്ച ബൈക്ക് യാത്രക്കാരന് ലേണേഴ്സ് ലൈസന്‍സ് മാത്രമേയുള്ളൂവെന്നു ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനില്‍ കെ ഷേര്‍ളി നല്‍കിയ ഹര്‍ജിയില്‍ 15.20 ലക്ഷം രൂപ നല്‍കാനാണ് വിധി. 2021 ല്‍ ഷേര്‍ളിയുടെ ഭര്‍ത്താവ് ഗീവര്‍ഗീസ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു.
കോട്ടയം കിടങ്ങൂരില്‍ വൈദ്യുതി ലൈനിന്റെ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജീവിയ്ക്കാന്‍ മന്ത്രിയുടെ ഉറപ്പ് വേണമെന്നാണ് ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശിയായ പ്രദീപ് ആവശ്യപ്പെട്ടത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ മോഷണം പോയെന്നും മക്കള്‍ ചൈല്‍ഡ് ലൈനില്‍ ആണെന്നും ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യം.
ബാറില്‍ മദ്യപിക്കാന്‍ വന്ന വയോധികനോട് മോശമായി പെരുമാറിയതു ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ച കേസില്‍ എറണാകുളം ഉദയംപേരൂര്‍ ഏകചക്ര ബാറിലെ ജീവനക്കാരായിരുന്ന പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിന തടവ്. തിരൂര്‍ സ്വദേശി ഉദിത് മോഹന്‍, മുവാറ്റുപുഴ സ്വദേശി സിറില്‍ ജോര്‍ജ്, തൃശൂര്‍ സ്വദേശി സുനീഷ്, ഉദയംപേരൂര്‍ സ്വദേശി സുരേഷ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്.
പാറശ്ശാലയില്‍ കടയ്ക്കു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യുന്നതു തടയുന്നതിനിടെ വഴക്കും കൂട്ടത്തല്ലും. മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും ആശുപത്രിയിലായി. കോട്ടവിള സ്വദേശിയായ സിനു, സിജു എന്നിവര്‍ക്കാണു പരിക്ക്. സിജുവിന്റെ വാരിയെല്ല് പൊട്ടി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടയുടമ അയൂബ് ഖാന്‍, മകനും ഡോക്ടറുമായ അലി ഖാന്‍, സുഹൃത്ത് സജീലാല്‍ എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷംമൂലം ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
മുട്ടിലിനടുത്ത എടപ്പെട്ടിയില്‍ ആക്രി സംഭരണ കേന്ദ്രം കത്തിച്ചയാളെ അറസ്റ്റു ചെയ്തു. കല്‍പ്പറ്റ എമിലി ചീനിക്കോട് വീട്ടില്‍ സുജിത്ത് ലാല്‍ (37) ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ചില ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ആക്രി സംഭരണ കേന്ദ്രം കത്തിച്ചതെന്നാണ് വിവരം.
കാസര്‍കോട് വെസ്റ്റ് എളേരിയിലെ പുങ്ങന്‍ചാലില്‍ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.
ദാമ്പത്യ തര്‍ക്കങ്ങളില്‍ വാശി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. ബന്ധം ശിഥിലമായാല്‍ പരസ്പരം ഉപദ്രവിക്കാനാണു ശ്രമം. സതീദേവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം റെയില്‍വേയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 6.27 ലക്ഷം കേസുകള്‍ പിടികൂടിയതായി സൗത്ത് വെസ്റ്റേണ് റെയില്‍വേ. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കണക്കാണിത്. പിഴയിനത്തില്‍ 46 കോടി രൂപ ലഭിച്ചു.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ശ്ലോകം ആലാപനത്തിന്റെ പേരില്‍ തമ്മിലടി. ആരാധനരീതിയെ ചൊല്ലിയാണ് വൈഷ്ണവ വിഭാഗത്തിലെ ഇരുവിഭാഗങ്ങളിലെ ആളുകള്‍ തമ്മില്‍ കൂട്ടത്തല്ലു നടത്തിയത്. വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ നേരത്തെയും തെക്ക് വിഭാഗവും വടക്ക് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ നവീകരിച്ച പ്രദക്ഷിണ വഴിയും, പദ്ധതികളും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്ഘാടനം ചെയ്തു. 800 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്.
തമിഴ്‌നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തി നശിച്ചു. ഉന്നാവിലെ പൂര്‍വ കോട്വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് ട്രക്കിനു തീ പിടിച്ചത്.
ആറു ഫ്‌ളാറ്റുകള്‍ 125 തവണ രജിസ്റ്റര്‍ ചെയ്ത് അത്രയും തവണ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കോടികള്‍ തട്ടിയ സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു ബാങ്കുകളില്‍നിന്നായി 24 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്നാണു റിപ്പോര്‍ട്ട്. ഒരു കെട്ടിടത്തിന്റെ ഉടമ അടക്കമുള്ളവരാണു തട്ടിപ്പ് സംഘത്തിലുള്ളത്.
ഇറാനെതിരേ പാക്കിസ്ഥാന്റെ പ്രത്യാക്രമണം. ബലുചിസ്ഥാനിലെ ഭീകരതാവളങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ഇറാനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയത്.