ഗുജറാത്ത് കലാപത്തെക്കുറിച്ചു സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടേതടക്കമുള്ള അഭിപ്രായങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും ബിബിസി. ഗുജരാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കുണ്ടെന്നും മോദി വംശഹത്യ കുറ്റവാളിയാണെന്നുമുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യ രേഖയെ ആധാരമാക്കിയാണു ബിബിസി പ്രോഗ്രാം അവതരിപ്പിച്ചത്.
കുറ്റപത്രങ്ങള്‍ പൊതുരേഖ അല്ലെന്ന് സുപ്രിം കോടതി. അന്വേഷണ ഏജന്‍സികള്‍ വെബ് സെറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ല. പ്രസിദ്ധീകരിക്കുന്നതു പ്രതിയുടേയും ഇരയുടെയും അവകാശം ഹനിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇടുക്കിയിലെ തഹസല്‍ദാര്‍ ജയേഷ് ചെറിയാനെയാണ് അറസ്റ്റു ചെയ്തത്.
ഗുണ്ടകളും മണ്ണ് മാഫിയയുമായി ബന്ധമുള്ള തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ എല്ലാവരേയും മാറ്റി. അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പര്‍ തസ്തികയിലുള്ളവരെ മാറ്റിയില്ല. എസ്എച്ച്ഒ സജേഷ് അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡു ചെയ്തത്.
മദ്യപിക്കാന്‍ പണമുണ്ടാക്കാന്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തിയ സസ്‌പെന്‍ഷനിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരനും കൂട്ടുകാരനും പിടിയിലായി. കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടില്‍ ജയന്‍ (47) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് കാഞ്ഞിരംകുളം ചാവടിയിലെ ഹോട്ടലുടമയോട് ആവശ്യപ്പെട്ട ഇവരെ സംശയംതോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു.
കെപിസിസി പുനസംഘടനയ്ക്കു പുറമേ, മഹിളാ കോണ്‍ഗ്രസ് പുനസംഘടനയും അനിശ്ചിതമായി നീളുന്നു. മഹിളാ കോണ്‍ഗ്രസിനു സംസ്ഥാന പ്രസിഡന്റായി ജെ.ബി മേത്തറിനെ പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാരവാഹിത്വം ഗ്രൂപ്പുകള്‍ക്കിടയില്‍ വീതംവയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു കാരണം. ഭാരവാഹിത്വം വാഗ്ദാനം ലഭിച്ച വനിതാ നേതാക്കള്‍ നിരാശരായ അവസ്ഥയാണ്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനാകുന്ന കെ വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. വന്‍തുക പെന്‍ഷന്‍ വാങ്ങുന്ന തോമസ് ശമ്പളം വാങ്ങുകയാണെങ്കില്‍ പുച്ഛമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
കമ്പിക്കു പകരം തടി ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് റാന്നി വലിയപറമ്പടി ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിക്കും. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ നിര്‍ദേശ പ്രകാരമാണ് വീണ്ടും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. വിവാദമായതോടെ ആ പണി തങ്ങളുടേതല്ലെന്ന് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്കു പരിക്ക്. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊച്ചി കലൂരിലെ ചെരുപ്പു കമ്പനി കത്തി നശിച്ചു. കമ്പനി കത്തിച്ചതെന്നാണ് ലിബ കമ്പനിയുടെ ഉടമ ബിഹാര്‍ സ്വദേശി മുര്‍ഷിദ് പോലീസില്‍ പരാതി നല്‍കി.
മലക്കപ്പാറയില്‍ അര്‍ധരാത്രിയോടെ കാട്ടാന വീട് തകര്‍ത്തു. തോട്ടം തൊഴിലാളിയുടെ വീടിന്റെ പുറകുവശമാണു തകര്‍ത്തത്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍നിന്ന് വെള്ളം കുടിച്ച ശേഷം ആന സ്ഥലംവിട്ടു.
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത റാലി നടത്തും. പാര്‍ട്ടി പതാകകള്‍ക്കു പകരം ദേശീയ പതാക ഉപയോഗിച്ചാണു റാലി. സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി 16 നാണു പോളിംഗ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാഷ്മീരില്‍ നടന്നുകൊണ്ടുതന്നെ പൂര്‍ത്തിയാക്കുമെന്നു കോണ്‍ഗ്രസ്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വാഹനത്തില്‍ പോകണമെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ഹാറ്റ്‌ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇന്ന് ചഡ്വാളിയില്‍ അവസാനിക്കും.് അറിയിച്ചു.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. കേരള ഘടകത്തിന്റെ എതിര്‍പ്പുമൂലമാണ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. സിപിഐ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാനയിലും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര്. റിപ്പബ്ലിക്ദിന പരിപാടിയിലെ പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
മുന്‍ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തി അധിക്ഷേപിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി കോടതിയെ സമീപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം നിയമസഭയില്‍ വായിക്കാത്ത ഗവര്‍ണര്‍ കാഷ്മീരിലേക്കു പോകണമെന്നും ഭീകരവാദികള്‍ വെടിവച്ച് വീഴ്ത്തുമെന്നും പ്രസംഗിച്ച ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്‌പെന്‍ഡു ചെയ്തിരുന്നു.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി 27 ന് സുപ്രീംകോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങാനിരിക്കേയാണ് കേസ് ഫയല്‍ ചെയ്തത്.
ഗുസ്തി താരങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു സമരം നടത്തുന്നതിനിടെ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് ഗുസ്തി താരത്തെ പൊതുവേദിയില്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെയാണ് മുഖത്ത് അടിച്ചത്.
ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനു നേരെയുണ്ടായ അതിക്രമം അവരുടെ നാടകമെന്ന് ബിജെപി. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വനിതാ കമ്മീഷന്‍ പുറത്തു വിട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമം പരിശോധിക്കാന്‍ വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥരുമൊത്തു പുലര്‍ച്ചെ മൂന്നരയോടെ പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. അറസ്റ്റിലായ കാറുടമ കാര്‍ നിര്‍ത്തി സ്വാതി മലിവാളിനോടു കാറില്‍ കയറാന്‍ ആവശ്യപ്പെടുന്നതും അയാളെ പിടികൂടാന്‍ കാറിലേക്കു കൈയിട്ടപ്പോഴേക്കും കാറെടുത്തു പോയതോടെ 15 മീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടതുമായ ദൃശ്യമാണ് പുറത്തുവിട്ടത്.
ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സുമാര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധ സമരം നടത്തി. കേന്ദ്രആരോഗ്യമന്ത്രിക്ക് എംപിമാര്‍ അടക്കം നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അവര്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി വീഴ്ത്തി. ഇന്ദര്‍പുരി മേഖലയിലെ സര്‍ക്കാര്‍ സക്കൂളില്‍ ഭൂദേവ് എന്ന അധ്യാപകനെയാണു കുത്തിയത്.