നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെതിരേ എന്തും വിളിച്ചു പറയാമോയെന്നു പൊട്ടിത്തെറിച്ചുകൊണ്ടു ചോദിച്ചു. കരുനാഗപ്പള്ളി ലഹരി മരുന്ന് കേസില്‍ പ്രതികളായ സിപിഎമ്മുകാരെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു മാത്യു കുഴല്‍നാടന്‍ സംസാരിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെ പ്രതിയാക്കാന്‍ തെളിവില്ലെന്നു മന്ത്രി രാജേഷ് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലായി തര്‍ക്കം. എന്തിനും അതിരു വേണമെന്നും അതു ലംഘിക്കരുതെന്നും മുഖ്യമന്ത്രി മാത്യു കുഴല്‍നാടനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേര്‍ക്കെതിരേ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കണമെന്നു ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടിപി യൂസഫ് അടക്കമുള്ളവര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികള്‍ നിര്‍ത്തിവച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകള്‍. സെക്രട്ടേറിയറ്റില്‍ മാത്രം 93,014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ മന്ത്രി എം.ബി. രാജേഷിന്റെ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51,769 ഫയലുകള്‍. വനം വകുപ്പില്‍ 1,73,478 ഫയലുകളും മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പില്‍ 44,437 ഫയലുകളും കെട്ടിക്കിടക്കുന്നുണ്ട്. 41,007 ഫയലുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്നുണ്ട്.
കണ്ണൂരില്‍ ഓടുന്ന കാറിനു തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് കാറിനു തീപിടിച്ചത്. കാറില്‍ ആറു പേരുണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവും മുന്‍ സീറ്റിലായിരുന്നു. മുന്നിലെ ഡോര്‍ ജാമായതിനാലാണ് അവര്‍ക്കു രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.
സംസ്ഥാന ബജറ്റ് നാളെ. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും. വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ ഫീസുകള്‍ വര്‍ധിപ്പിച്ചേക്കും.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് 27 മാസം നീണ്ട ജയില്‍വാസത്തിനുശേഷം കാപ്പന്‍ മോചിതനായത്. തന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്ന് പോലീസിന്റെ എഫ്‌ഐആര്‍. കൈക്കൂലി കേസായതിനാല്‍ ഇനി പരിഗണിക്കുക വിജിലന്‍സ് കോടതിയാകും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ സനായിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രാജ്യാന്തരതലത്തില്‍ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് തിരിച്ചടി.
തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു. വസന്ത എന്ന എഴുപത്താറുകാരിയെ കൊലപ്പെടുത്തിയ പ്രതിയും അതേ നാട്ടുകാരനുമായ ജയരാജനെ (60) അറസ്റ്റു ചെയ്തു. ഇന്നു രാവിലെ ഏഴു മണിക്കാണ് കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് അധ്യാപികയായ വസന്ത തനിച്ചാണു താമസം.
പരിശോധന നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ. ഡോ.വി. അമിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
റാന്നിയില്‍ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്ത്. കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. കിണര്‍മൂടിയ കേസില്‍ ഒരു പ്രതിയെ റിമാന്‍ഡു ചെയ്തത് പൊലീസിന്റെ മുഖം രക്ഷിക്കാനാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്.
കെ.ടെറ്റ് ഒക്ടോബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലു കാറ്റഗറികളിലായി 33,138 പേര്‍ യോഗ്യത പരീക്ഷ വിജയിച്ചു. 1,24,996 പേരാണ പരീക്ഷയെഴുതിയത്.
നാനോ എക്‌സല്‍ മണി ചെയിന്‍ തട്ടിപ്പുകേസില്‍ നാനോ എക്‌സല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ ഹൈദരാബാദ് സ്വദേശി ഹരീഷ് മദനേനി അടക്കം അഞ്ചു പ്രതികളെ മഞ്ചേരി ചീഫ് ജഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. 2011 ല്‍ പോലീസില്‍ പരാതി നല്‍കിയവര്‍ കോടതിയില്‍ പരാതിയില്ലെന്നു മൊഴി നല്‍കിയതോടെയാണ് പ്രതികളെ വെറുതെ വിട്ടത്. നിക്ഷേപം ഇരട്ടിയാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്നായിരുന്നു കേസ്. ഇതുസംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷനു കോടതിക്കു മുന്നില്‍ എത്തിക്കാനായില്ല.
കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ രണ്ടു പേരേക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. സിപിഎം നേതാവായ ഷാനവാസിന്റെ കയ്യില്‍ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അന്‍സറിനേയുമാണ് പ്രതി ചേര്‍ത്തത്.
പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതില്‍ തകര്‍ത്തു. പെരുന്തുരുത്തി കളത്തില്‍ വേലായുധന്റെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. അട്ടപ്പാടി നരസിമുക്കില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.