കരിമണല്‍ കമ്പനിയില്‍നിന്നു പണം വാങ്ങിയതിനു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും അടക്കമുള്ളവര്‍ക്കു നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണവിധേയരായവരെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി.
മാസപ്പടി വിഷയത്തില്‍ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ താന്‍ വേവലാതിപ്പെട്ടോളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിങ്ങള്‍ വേവലാതിപ്പെടേണ്ട എന്നാണ് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടു പിണറായി പറഞ്ഞത്.
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കും. ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷനും (ഐ ബി എ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും ധാരണാ പത്രം ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധന ലഭിക്കും.
സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്നു വിജിലന്‍സ്. ‘ഓപ്പറേഷന് വെറ്റ് സ്കാന്‍’ എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങി കൂടിയ വിലയ്ക്ക് മൃഗാശുപത്രികളിലൂടെ വില്‍ക്കുന്നതായി കണ്ടെത്തി. ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കണ്ടെത്തി.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനോടു 15 നു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. കരുവന്നൂര്‍ ബാങ്കിലെ സി പി എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന് കേസില്‍ ആരോഗ്യകാരണങ്ങളാല്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ ചീഫ് സെക്രട്ടറി എം. ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്തണമെന്നു സുപ്രീംകോടതി ഉത്തരവ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ജാമ്യം നീട്ടണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. ജാമ്യം നീട്ടണമെങ്കില്‍ മെഡിക്കല്‍ പരിശോധന വേണമെന്ന് ഇഡി കോടതിയില്‍ നിലപാട് അറിയിച്ചു.
നവകേരള സദസ് ആരംഭിച്ച് 20 ദിവസങ്ങള്‍കൊണ്ട് 76 നിയമസഭാ മണ്ഡലങ്ങള്‍ പിന്നിട്ടെന്നും നവകേരളം സൃഷ്ടിക്കാന്‍ ജനങ്ങള്‍ ആവേശത്തോടെയാണ് എത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വന്‍ ജന പിന്തുണയുണ്ടെന്നതിനു തെളിവാണ് നവകേരള സദസിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ നല്കിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. മന്ത്രി 63 ലക്ഷം രൂപ തരാതെ കബളിപ്പിച്ചെന്നു കാണിച്ച് വടകര സ്വദേശി എകെ യൂസഫാണ് പരാതി നല്‍കിയത്.
പിജി ഡോക്ട്ടേഴ്സ് അസോസിയേഷന് ആക്റ്റിംഗ് പ്രസിഡന്റായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ അഫ്സാന ഫാബി ഖാനെ നിയമിച്ചതായി കെഎംപിജിഎ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രസിഡന്റായിരുന്ന ഡോ. റുവൈസ് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ നിയമിച്ചത്.
അങ്കമാലിയില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചതു ഡിവൈഎഫ്ഐ പ്രവര്‍ത്തകരല്ല, നാട്ടുകാരണെന്ന് മന്ത്രി സജി ചെറിയാന്. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാര്‍ ഏറ്റെടുത്തെന്നും മന്ത്രി പറഞ്ഞു.
കമ്മീഷന് തന്നില്ലെങ്കില്‍ ക്രിസമ്സ് കാലത്ത് റേഷന്‍ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍. പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. നവകേരളാ സദസില്‍ ഉള്‍പ്പെടെ റേഷന്‍ കടയുടമകള്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം.
വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നതിനെതിരെ മാഹിയില്‍ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. വിരമിച്ച അധ്യാപകരെയും വൈദ്യുതി വകുപ്പ് എന്ജിനീയര്മാരെയും താത്കാലികമായി വീണ്ടും നിയമിക്കുന്നത്. മാഹി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് മുന്നിലാണ് ഇരുകൂട്ടരും സമരം നടത്തിയത്.
‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവന് ഷാര്‍ജയില്‍ അന്തരിച്ചു. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ജോലി ചെയ്തു വരികയായിരുന്നു.
കാസര്‍കോഡ് പെരിയ കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്ത്ഥിനിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ അധ്യാപകനെ സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു തട്ടിപ്പുകേസ് കൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയില്നിന്ന് 80,000 രൂപ തട്ടിയെന്നാണ് പരാതി. . പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ ആറന്മുള പൊലീസ് കേസെടുത്തു.
പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 39 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എഴുത്തുകാരിയും തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥയുമായ ജസിന്ത മോറിസ് ഹിന്ദി, മലയാളം, ഇംഗ്ളീഷ് എന്നീ മൂന്നു ഭാഷകളില്‍ രചിച്ച അഞ്ചു കഥാ, കവിതാ സമാഹാരങ്ങളുടെ പ്രകാശനത്തിനു ബഹുഭാഷാ കവിയരങ്ങും. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നാളെ രാവിലെ ഒമ്പതരയ്ക്കുള്ള കവിയരങ്ങില്‍ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, തമിഴ് എന്നീ നാലു ഭാഷകളിലെ കവികള്‍ കവിതകള്‍ അവതരിപ്പിക്കും. പ്രഭാവര്‍മ, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.
തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞ് ഇടുക്കി ജില്ലക്കാരായ ദമ്പതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വശത്താക്കി റിസോര്‍ട്ടുകളിലേക്കു മാറ്റുന്നു. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ ഞായറാഴ്ചയോടെ തീരുമാനിക്കുമെന്നാണു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്. രാജസ്ഥാനില്‍ വസുന്ധര ക്യാമ്പ് എംഎല്‍എമാരെയാണു റിസോര്‍ട്ടിലേക്കു മാറ്റിത്. തന്റെ മകന് ലളിത് മീണയടക്കം അഞ്ചു പേരെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് മുന്‍ എംഎല്‍എ ഹേംരാജ് മീണ പറഞ്ഞു.
തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കല്‍പെട്ടില്‍ റിക്ടര്‍ സ്കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നാലു ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി പതിനെട്ടുകാരി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിനടുത്ത മഹേസ്ര സ്വദേശിനിയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഹരിയാന സ്വദേശിക്കു വിവാഹമെന്ന പേരിലാണ് വിറ്റതെന്നും അയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ ഉപോയഗിച്ചെന്നും ഉപദ്രവിച്ചെന്നും യുവതി പരാതിപ്പെട്ടു.
അമ്മ നല്കിയ ബലാല്‍സംഗ പരാതി പിന്‍വലിക്കാത്തതിനു പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കു നേരെ ആസിഡ് ആക്രമണം. സംഭവത്തിനു പിറകേ പ്രതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ഡല്‍ഹി ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 54 കാരനായ പ്രേം സിംഗാണ് ആക്രമണം നടത്തിയശേഷം ജീവനൊടക്കിയത്.